ഇന്ധന വില നിശ്ചയിക്കുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ആവശ്യപ്പെടുമെന്ന് ഒഎന്‍ജിസി

ഇന്ധന വില നിശ്ചയിക്കുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ആവശ്യപ്പെടുമെന്ന് ഒഎന്‍ജിസി

ന്യൂഡെല്‍ഹി: രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന് വില നിശ്ചയിക്കുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം കമ്പനികള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊതുമേഖലാ കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി). ഇത് പ്രാദേശികതലത്തിലുള്ള ഗ്യാസ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം ആകര്‍ഷകമായ ഇന്ധന വിപണിയാക്കി ഇന്ത്യയെ മാറ്റുമെന്നും ഒഎന്‍ജിസി അഭിപ്രായപ്പെട്ടു. വില നിയന്ത്രണം ഏടുത്തുമാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കുമെന്നും ഒഎന്‍ജിസി ചെയര്‍മാന്‍ ദിനേഷ് സറഫ് വ്യക്തമാക്കി. പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ചില നിയന്ത്രണ മാനദണ്ഡങ്ങള്‍ അനിവാര്യമാണെന്നും അതേസമയം വില നിയന്ത്രണം എടുത്തുകളയേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിപണിയില്‍ നിന്നുള്ള സമ്മര്‍ദത്തിന്റെ അടിസ്ഥാനത്തില്‍ വിതരണക്കാരും ഇന്ധന ദാതാക്കളും സംയുക്തമായി ഇന്ധനവില നിശ്ചയിക്കുന്ന രീതിയാണ് നല്ലത്. ഇന്ധനവില തീരുമാനിക്കുന്നതില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബ്രിട്ടീഷ് പെട്രോളിയം തുടങ്ങി സ്വാകര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ഗ്യാസ് ഉല്‍പ്പാദകരുടെ ആവശ്യത്തെ പിന്തുണയ്ക്കുകയാണ് ഒഎന്‍ജിസി.

ആഭ്യന്തര ഗ്യാസ് ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന അജണ്ടയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിക്കുമെന്ന കാര്യത്തില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും, കുറച്ച് മാസങ്ങള്‍ക്കു മുന്‍പ് ആഭ്യന്തര വിലയ്ക്ക് അടിസ്ഥാന നിരക്ക് ഏര്‍പ്പെടുത്തണമെന്ന് കാണിച്ച് ഒഎന്‍ജിസി സര്‍ക്കാരിന് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. വില മെച്ചപ്പെടുത്താനായാല്‍ പൊതുമേഖാലാ ഗ്യാസ് ഉല്‍പ്പാദന മേഖലയില്‍ പുതിയ രീതിയിലുള്ള വികസനവും മാറ്റങ്ങളും സാധ്യമാകും. ഒഎന്‍ജിസിയെ സംബന്ധിച്ചിടത്തോളം വേണ്ടത് ലാഭം നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണെന്നും അത് ഏതുവിധത്തില്‍ സാധ്യമാക്കണമെന്നത് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും സറഫ് പറഞ്ഞു.

Comments

comments

Categories: Slider, Top Stories