നുവാല്‍സ്: നിയമപഠനം ദേശീയ നിലവാരത്തില്‍

നുവാല്‍സ്:  നിയമപഠനം ദേശീയ നിലവാരത്തില്‍

News letter new.cdrകേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയില്‍ നിയമ പഠനത്തിന് ദേശീയ നിലവാരം പുലര്‍ത്തുന്ന ഒരു യൂണിവേഴ്‌സിറ്റിയുണ്ട്, നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (എന്‍യുഎഎല്‍എസ്). 2005 ലാണ് കളമശ്ശേരി എച്ച്എംടി കോളനിയില്‍ എന്‍യുഎഎല്‍എസ് സ്ഥാപിതമായത്. ഇന്ത്യയില്‍ 25 ല്‍ താഴെ യൂണിവേഴ്‌സിറ്റികളാണ് നിയമ പഠനത്തിന് മാത്രമായുള്ളത്. ഇതില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ് ഇന്ന് കൊച്ചിയിലെ എന്‍യുഎഎല്‍എസ് .
പഠന നിലവാരത്തില്‍ മുന്‍നിരയിലെത്താന്‍ നല്ല അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളും മാത്രം പോര. മികവുറ്റ ലൈബ്രറിയും ആധുനിക സൗകര്യങ്ങളും നല്ല പഠനാന്തരീക്ഷവും ആത്യാവശ്യമാണ്. തിരക്കുകള്‍ക്കിടയില്‍ ഞെങ്ങിഞെരങ്ങുന്ന കൊച്ചിയില്‍ തീര്‍ത്തും ശാന്തമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഈ യൂണിവേഴ്‌സിറ്റിയിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്.
അതുപോലെ പാഠഭാഗങ്ങള്‍ സ്വായക്തമാക്കിയകത് കൊണ്ട് മാത്രം വിദ്യാഭ്യാസം പരിപൂര്‍ണ്ണമാകുന്നില്ല. സമൂഹത്തിന്റെ ആവശ്യങ്ങളും അവശതകളുമറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു പൗരന്റെ ധാര്‍മ്മിക ഉത്തരവാദിത്വം കൂടി നിറവേറ്റപ്പെടുന്നത്. പാവപ്പെട്ടവനേയും പണക്കാരനേയും നിയമത്തിന്റെ മുന്നില്‍ തുല്യനായി കണ്ടുകൊണ്ട് നന്മയുടെ വക്കീല്‍ കുപ്പായമണിയാനുള്ള മൂല്യങ്ങളും ഈ യൂണിവേഴ്‌സിറ്റിയില്‍ പകര്‍ന്നു നല്‍കുന്നു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് കേരളത്തിലെ ഈ നിയമ സര്‍വ്വകലാശാലയുടെ ചാന്‍സലര്‍.
നിയമ പഠനത്തിന്റെ വ്യത്യസ്ത വിഷയങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് ബിഎ എല്‍എല്‍ബി ഡിഗ്രി, ഒരു വര്‍ഷത്തെ എല്‍എല്‍എം ഡിഗ്രി, പി ജി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ നല്‍കുന്ന 15 സെന്ററുകള്‍ ഉണ്ട് ഇന്നീ കാമ്പസില്‍.
സാമൂഹിക പ്രസക്തിയുള്ള രണ്ട് വിഷയങ്ങളായ മെഡിക്കല്‍ ലോ ആന്‍ഡ് എത്തിക്‌സ് സൈബര്‍ ലോ എന്നിവ പി ജി ഡിപ്ലോമ കോഴ്‌സായും പഠിപ്പിക്കുന്നു. മെഡിക്കല്‍ ലോ ആന്‍ഡ് എത്തിക്‌സ് എന്ന വിഷയത്തില്‍ ക്ലാസെടുക്കുന്നതിനായി കേരളത്തിലെ അറിയപ്പെടുന്ന ഡോക്ടര്‍മാരും ഇവിടെ എത്തുന്നുണ്ട്. അതു പോലെ തന്നെ ബന്ധപ്പെട്ട ഓരോ വിഷയത്തിലും പ്രാവീണ്യം തെളിയിച്ച പ്രതിഭകളുടെ അറിവും വിദ്യാര്‍ഥികള്‍ക്കായി ഇവിടെ ഉപയോഗപ്പെടുത്തുന്നുണ്ട്.
വിശാലമായി പരന്നു കിടക്കുന്ന കാമ്പസ്സില്‍ ആത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ ഒരിക്കലും വിമുഖത കാണിച്ചിട്ടില്ലെന്നു വേണം പറയാന്‍. ഒരു കോടിയിലേറെ മുതല്‍മുടക്കി നിരവധി പുസ്തകങ്ങളും ഓണ്‍ലൈന്‍ ജേണലുകളും ഇവിടത്തെ ലൈബ്രറിയില്‍ ഒരുക്കിയിട്ടുണ്ട്. രാത്രി 11 മണിവരെ ഈ ലൈബ്രറി തുറന്നു പ്രവര്‍ത്തിക്കുന്നുമുണ്ട്.
News letter new.cdrഎന്‍ജിനീയറിംഗിനും മെഡിസിനുമാണ് പലപ്പോഴും കുട്ടികളുടെ തള്ളിക്കയറ്റം അധികം ഉണ്ടാകാറ്. എന്നാല്‍ ലീഗല്‍ പ്രൊഫഷനും നിരവധി കുട്ടികള്‍ എത്തുന്നുണ്ട്. അതിനാല്‍ തന്നെ വരുന്ന കുട്ടികള്‍ക്കെല്ലാം നല്ല സൗകര്യങ്ങള്‍ ലഭിക്കണമെന്ന് നിര്‍ബന്ധമുണ്ട്. കുട്ടികളുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മുമ്പാകെ സമര്‍പ്പിക്കുകയും അതിന്റെ ഭാഗമായി നിരവധി സൗകര്യങ്ങള്‍ ഇവിടെ ഒരുക്കുകയും ചെയ്തിട്ടുണ്ട്. നാഷണല്‍ യൂണിവേഴ്‌സിറ്റി ആയതിനാല്‍ ഇന്ത്യയുടെ പലഭാഗത്തുനിന്നുമുള്ള കുട്ടികള്‍ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. ഇത് കൂടി പരിഗണിച്ചാണ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തീരുമാനിച്ചത്- എന്‍യുഎഎല്‍എസ് വൈസ്ചാന്‍സലര്‍ പ്രൊഫ റോസ് പറയുന്നു.
24 മണിക്കൂര്‍ വൈഫൈ ഇവിടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നുണ്ട്. കൂടാതെ എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള സെമിനാര്‍ റൂമും ഉണ്ട്. വിദേശ യൂണിവേഴ്‌സിറ്റികളിലെ സെമിനാറുകളില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി ഇവിടെ വിഡിയോ കോണ്‍ഫറന്‍സിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പലദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്ന കാമ്പസായതിനാല്‍ ഹോസ്റ്റല്‍ ഒരു അത്യന്താപേക്ഷിത ഘടകമാണ്.എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള രണ്ട് ഹോസ്റ്റലുകൡലായി 400 ല്‍പരം കുട്ടികളുണ്ട്.
കുട്ടികള്‍ പഠിച്ച് മാത്രമല്ല കളിച്ച് കൂടി വളരണം എന്ന പക്ഷക്കാരിയാണ് ഈ വൈസ് ചാന്‍സലര്‍. അതിനായി നല്ലൊരു ഗ്രൗണ്ടും, മൂന്ന് ടേബിള്‍ ടെന്നിസ് കോര്‍ട്ടും അടക്കം നിരവധി പഠന ഇതര സൗകര്യങ്ങളും ബാറ്റ്മിന്റണ്‍ പ്രേമികൂടിയായ റോസ് വര്‍ഗ്ഗീസ് ഈ കാമ്പസില്‍ അനുവദിച്ചിട്ടുണ്ട്.
”കുട്ടികള്‍ എല്ലാ സൗകര്യങ്ങളോടും തന്നെ പഠിക്കണം പക്ഷെ താഴേ തട്ടിലുള്ള ജനങ്ങളേയും സാധാരണ ജീവിത രീതികളും അവര്‍ അറിയാതെ പോകരുത്. വിമാനവും എസിയും മാത്രമായുള്ള യാത്രകള്‍ ജീവിതത്തില്‍ നല്‍കാത്ത പാഠങ്ങള്‍ പലപ്പോഴുംവേറിട്ട അനുഭവങ്ങള്‍ സമ്മാനിക്കും. പബ്ലിക് ബസ്സില്‍ യാത്ര ചെയ്തും സാധാരണക്കാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും എന്നും താഴെ തട്ടിലുള്ളവരെ അറിയാനും ഇടപഴകാനും അവര്‍ക്ക് സാധിക്കണമെന്നാണ് എന്റെ അഭിപ്രായം ഞാന്‍ അവരോട് എപ്പോഴും പറയുന്ന കാര്യവും അതാണ്,”വൈസ് ചാന്‍സലര്‍ പറയുന്നു.
കാലഘട്ടത്തിനനുസരിച്ച് പഠന വിഷയങ്ങളില്‍ കൃത്യമായ മാറ്റങ്ങള്‍ ആവശ്യമാണെന്ന് തീര്‍ത്തും ബോധ്യമുള്ള അധികൃതരാണ് നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലേത്. മൂതിര്‍ന്ന പൗരന്‍മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു പ്രോജക്ടിന് ഇവര്‍ രൂപരേഖ തയ്യാറാക്കി കഴിഞ്ഞു. സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റും എന്‍ഐഎച്ച് ആറുമായി സഹകരിച്ചാണ് ഈ പ്രൊജക്ടട് നടപ്പിലാക്കുക. എന്‍ഐഎച്ച് ആര്‍ ആണ് ഇതിനുള്ള ഫണ്ട് അനുവദിച്ചിരിക്കുന്നത്.
കാലപ്പഴക്കമുള്ള സിലബസ് വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഇവര്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നതിന്റെ തെളിവാണ് നൂതന വിഷയങ്ങല്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന പാഠ്യപദ്ധതി സൂചിപ്പിക്കുന്നത്. അധ്യാപകരും വിദ്യാര്‍ഥികളും അനധ്യാപകരും അടക്കം ഒരു വലിയ ടീം തന്നെയാണ് കേരളത്തിലെ ഈ നിയമ സര്‍വ്വകലാശാലയുടെ പ്രശസ്തിക്ക് പിറകിലുള്ളത്. യുജിസി സ്‌കെയിലില്‍ ഉള്ള 16 ഫാക്കല്‍റ്റികള്‍ ഇവിടെയുണ്ട് .
ഞാനെപ്പോഴും ടീം വര്‍ക്കില്‍ വിശ്വസിക്കുന്ന ഒരാളാണ്. ഈ യൂണിവേഴ്‌സിറ്റിയെ സംബന്ധിച്ച് വളരെ നല്ല ഒരു ടീമിനെ തന്നെയാണ് എനിക്ക് ലഭിച്ചത്. രജിസ്ട്രാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ പേഴ്‌സണല്‍ സ്റ്റാഫ്, പ്യൂണ്‍ തുടങ്ങി വളരെ നല്ലൊരു ഗ്രൂപ്പ് ആണ് ഞങ്ങളുടേത്. ഏത് സ്ഥാപനത്തിനാണെങ്കിലും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കാന്‍ കഴിയണമെങ്കില്‍ നല്ല ടീം വര്‍ക്ക് ആവശ്യമാണ്. ഈ യൂണിവേഴ്‌സിറ്റിയെ സംബന്ധിച്ച് എന്ത് തീരുമാനങ്ങള്‍ എടുക്കുന്നുണ്ടെങ്കിലും ഞാനും രജിസ്ട്രാറും തമ്മില്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമാണ്. അതുപോലെ അധ്യാപകരും. അര്‍പ്പണബോധമുള്ള വരാണ്. പാഠഭാഗങ്ങള്‍ കാണാപാഠം പഠിപ്പിക്കുകയല്ല അവര്‍ ചെയ്യുന്നത്. കുട്ടികളെ ട്രെയിന്‍ ചെയ്യിക്കുകയുമാണ്-റോസ് വര്‍ഗ്ഗീസ് പറയുന്നു.

വക്കീല്‍ കുപ്പായത്തില്‍ നിന്നും വൈസ്ചാന്‍സറിലേക്കെത്തിയ റോസ് വര്‍ഗ്ഗീസ്

vice-chancellor2014 ലാണ് നിലവിലെ വൈസ് ചാന്‍സലര്‍ റോസ് വര്‍ഗ്ഗീസ് ഇവിടെ ജോലിയില്‍ പ്രവേശിക്കുന്നത്.
1976 ല്‍ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ച ഇവര്‍ മുതിര്‍ന്ന അഭിഭാഷകനായിരുന്ന എസ് ഈശ്വരയ്യരുടെ കീഴില്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. അവിടെ നിന്നും അധ്യാപന വൃത്തിയിലേക്ക് ചുവടുമാറിയത് തീര്‍ത്തും യാദൃശ്ചികമായിരുന്നു.1985 ല്‍ ഹൈദരാബാദിലെ നാഗാര്‍ജ്ജുന യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള എസി കോളെജിലാണ് അധ്യാപനത്തിന്റെ ആദ്യചുവടുവയ്പ്പ്. പിന്നീട് ഇന്ത്യയിലെ ആദ്യത്തെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ആയ ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്‌ക്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി സ്ഥാപിതമായപ്പോള്‍ അവിടെ ഫാക്കല്‍റ്റി മെമ്പര്‍ ആയി പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ തുടര്‍പഠനത്തിനായി ജനീവ തെരഞ്ഞെടുക്കുകയും ഹുമാനിറ്റേറിയന്‍ നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനും റോസ് വര്‍ഗ്ഗീസിന് കഴിഞ്ഞു. തിരിച്ച് ഇന്ത്യയിലെത്തിയ ഇവര്‍ക്ക് ഭര്‍ത്താവ് വര്‍ഗ്ഗീസി നൊപ്പം ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ ഫാക്കല്‍റ്റിയാവാന്‍ അവസരം ലഭിക്കുകയായിരുന്നു. 1993 ല്‍ അവിടെ ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഹുമാനിറ്റേറിയന്‍ ലോ ആന്‍ഡ് റിസര്‍ച്ച് എന്ന പേരില്‍ ഹുമാനിറ്റേറിയന്‍ സെന്റര്‍ ആരംഭിച്ച് ഒരു കമ്മിറ്റി രൂപീകരിക്കാന്‍ പ്രൊഫ റോസിനായി. ഇന്ത്യയിലെ പ്രമുഖ നിയമജ്ഞരെല്ലാം തന്നെ ഇതില്‍ അംഗങ്ങളായിരുന്നു. മറ്റ് നിയമവിഭാഗങ്ങളേപ്പോലെ ഹുമാനിറ്റേറിയന്‍ ലോ വിദ്യാര്‍ത്ഥികളില്‍ എത്തുന്നില്ലെന്ന ബോധ്യമാണ് പുതിയൊരു സെന്റര്‍ ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്. സാമൂഹിക പ്രസക്തിയുള്ള നിരവധി വിഷയങ്ങള്‍ ഇതിലൂടെ ചര്‍ച്ചചെയ്യാന്‍ ഇവര്‍ക്ക് സാധിച്ചു.

പിന്നീട് ജാമിയ മിലിയ ഇസ്ലാമിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി. 1994 ജനുവരിയില്‍ 2014 ഒ ക്‌റ്റോബര്‍ വരെ ഇവിടെ ഫാക്കല്‍റ്റിയായി ഇവരുണ്ടായിരുന്നു. സോഷ്യല്‍ പ്രൊഫസര്‍, പിന്നീട് പ്രൊഫസര്‍ അതിനു ശേഷം നിയമ വിഭാഗത്തിന്റെ ഡീന്‍ ആയി മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കാനും റോസ് വര്‍ഗ്ഗീസിന് സാധിച്ചു. ഉയര്‍ച്ചകളുടെ കരിയര്‍ ഗ്രാഫായിരുന്നു പ്രൊഫ. റോസ് വര്‍ഗ്ഗീസിന്റേത്. 2014 ഒക്‌റ്റോബര്‍ 23 ന് ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡെപ്യൂടേഷനിലാണ് റോസ് വര്‍ഗ്ഗീസ് കൊച്ചിയിലെ നാഷണല്‍ യൂണിവേവ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ വൈസ് ചാന്‍സലര്‍ ആയി ചുമതലയേല്‍ക്കുന്നത്.
ഒരു വൈസ് ചാന്‍സലറിന്റെ കാലാവധി നാല് വര്‍ഷമോ അല്ലെങ്കില്‍ 65 വയസ്സു വരെയോ ആണ്. അതിനാല്‍ നാല് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാല്‍ തിരിച്ച് ജാമിയയിലേക്ക് പോകാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ദൈവം അതിന് സഹായിക്കുമെന്ന കരുതുന്നു. അവിടെ നിന്നും വിരമിക്കാനാണ് താല്‍പര്യപ്പെടുന്നത്-റോസ് വര്‍ഗ്ഗീസ് പറയുന്നു.

ദൈവം നല്‍കുന്ന കരുത്താണ് ജീവിതത്തില്‍ ഓരോ ചുവട് മുന്നോട്ട് വയ്ക്കുമ്പോഴും വഴികാട്ടിയായിട്ടുള്ളതെന്ന് ഡോ. റോസ് വര്‍ഗ്ഗീസ് വിശ്വസിക്കുന്നു.ഓരോ സന്ദര്‍ഭത്തിലും അഭിപ്രായങ്ങളും തിരുത്തുകളും നല്‍കി ഒപ്പം നിലകൊണ്ടിട്ടുള്ളത് മാതാപിതാക്കളും സഹോദരങ്ങളും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രൊഫസറായി വിരമിച്ച ഭര്‍ത്താവ് പ്രൊഫസര്‍ വര്‍ഗ്ഗീസുമാണ്.നിലവില്‍ അദ്ദേഹം ബാംഗ്ലൂരിലെ ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിയമപഠനവിഭാഗത്തില്‍ പ്രവര്‍ത്തിച്ച് വരുന്നു.ഭര്‍ത്താവിന്റെയും കുടുംബാഗംങ്ങളുടേയും അകമഴിഞ്ഞ പിന്തുണ ഇവര്‍ക്ക് എന്നും മുതല്‍ക്കൂട്ട് തന്നെയായിരുന്നു.

വിശ്രമവേളകളും കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ തന്നെയാണ് ഡോ. റോസ് വര്‍ഗ്ഗീസിന്റെ തീരുമാനം. അതിനാല്‍ ഭാവി പരിപാടികളും നിയമത്തിന് വേണ്ടി മാറ്റി വച്ചിരിക്കുകയാണ് ഇവര്‍. ഇന്റര്‍നാഷണല്‍ ഹുമാനിറ്റേറിയല്‍ ലോയെ അടിസ്ഥാനപ്പെടുത്തി പുസ്തകം എഴുതാനുള്ള ആലോചനയിലാണ് ഈ വൈസ് ചാന്‍സലര്‍.

Comments

comments

Categories: FK Special