നോട്ട് നിരോധനം: തിരിച്ചെടുക്കേണ്ടത് 13.6 ലക്ഷം കോടിയുടെ നോട്ടുകള്‍

നോട്ട് നിരോധനം:  തിരിച്ചെടുക്കേണ്ടത് 13.6 ലക്ഷം കോടിയുടെ നോട്ടുകള്‍

 

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിതമായി അസാധുവാക്കിയ 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ വ്യാഴാഴ്ച മുതല്‍ ബാങ്ക് എക്കൗണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. ഡിസംബര്‍ 301 വരെയാണ് പണം നിക്ഷേപിച്ച് നഷ്ടം ഒഴിവാക്കുന്നതിന് അവസരം നല്‍കിയിട്ടുള്ളത്. നവംബര്‍ 24 വരെ ഈ നോട്ടുകള്‍ മാറി സാധുവായ നോട്ടുകള്‍ വാങ്ങാവുന്നതാണ്. പണം മാറ്റി വാങ്ങുന്നതിന് തിരിച്ചറിയല്‍ രേഖകളും പാന്‍കാര്‍ഡും ഹാജരാക്കണം. ബാങ്കുകള്‍ക്കു പുറേമ പോസ്റ്റ് ഓഫിസുകളിലും സബ്‌പോസ്റ്റ് ഓഫിസുകളിലും പണം മാറ്റി നല്‍കും. പരമാവധി 4000 രൂപ വരെ മാത്രമാണ് ഇത്തരത്തില്‍ മാറ്റിനല്‍കുക. അതിനു മുകളിലുള്ളവ എക്കൗണ്ട് വഴി മാത്രമേ സാധ്യമാകുകയുള്ളൂ.
രാജ്യത്ത് 13.6 ലക്ഷം കോടിയുടെ നോട്ടുകളാണ് ഇത്തരത്തില്‍ പുതുക്കേണ്ടി വരുക. അതിനാല്‍ വരും ദിവസങ്ങളില്‍ ഉണ്ടാകാനിടയുള്ള ഭാരിച്ച ഉത്തരവാദിത്തത്തെ എങ്ങനെ പരാതികളില്ലാതെ പൂര്‍ത്തിയാക്കാനാകുമെന്ന കാര്യത്തില്‍ ബാങ്കിംഗ് മേഖലയിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

പിന്‍വലിച്ച നോട്ടുകള്‍ക്കു പകരമായി പുറത്തിറക്കുന്ന 500 രൂപയുടെയും 2000 രൂപയുടെയും നോട്ടുകള്‍ നാളെ മുതല്‍ എടിഎമ്മുകളില്‍ ലഭ്യമായിത്തുടങ്ങും. രാജ്യത്ത് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള നോട്ടുകളില്‍ 75 ശതമാനത്തിലധികവും സര്‍ക്കാര്‍ അസാധുവാക്കപ്പെട്ടവയില്‍പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നു മുതല്‍ ഉണ്ടാകാനിടയുള്ള തിരക്ക് പരിഗണിച്ച് കൂടുതല്‍ നോട്ടെണ്ണല്‍ മെഷീനുകള്‍ ഓരോ ശാഖകളിലും എത്തിക്കുന്നതിനും വിവിധ ബാങ്കുകള്‍ തീരുമാനമെടുത്തിട്ടുണ്ട്.
എടിഎമ്മുകളിലെ ഇടപാടുകളും വര്‍ധിക്കുമെന്നതിനാല്‍ ഇവയില്‍ പണം തീരാതെ നിലനിര്‍ത്തുക എന്നതും വെല്ലുവിളി നിറഞ്ഞ പ്രവര്‍ത്തനമായിരിക്കുമെന്നാണ് ബാങ്കുകള്‍ കരുതുന്നത്. ഈ മാസം 18 വരെ എടിഎമ്മില്‍ നിന്ന് ദിവസേന 2,000 രൂപ മാത്രമേ പിന്‍വലിക്കാനാകൂ, 19 മുതല്‍ പരിധി 4,000 രൂപ വരെ പിന്‍വലിക്കാം. സ്ലിപ് വഴി ബാങ്കില്‍ നിന്ന് നേരിട്ട് 10,000 രൂപ വരെ പിന്‍വലിക്കാവുന്നതാണ്. ബ്രാഞ്ച് വഴി ഒരാഴ്ച പിന്‍വലിക്കാവുന്നത് പരമാവധി 20,000 രൂപ മാത്രം.
എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിനായി വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങളുള്ള വാഹനങ്ങള്‍ ലഭ്യമല്ലെന്ന് ബാങ്കിംഗ് മേഖലയിലുള്ളര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ 10,00 രൂപയുടെ നോട്ടുകള്‍ കൂടുതല്‍ നിറയ്ക്കാവുന്ന തരത്തിലാണ് മിക്ക എടിഎമ്മുകളും ക്രമീകരിച്ചിരിക്കുന്നത്. ഇതു മാറ്റുന്നതിനും സമയമെടുക്കും.
ഡിസംബര്‍ 30നകം അസാധുവായ നോട്ടുകള്‍ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സാധിക്കാത്തവര്‍ക്ക് അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കിന്റെ നിര്‍ദിഷ്ട ശാഖകളില്‍ ഇവ മാറ്റുന്നതിന് സൗകര്യം നല്‍കും. ഇതിനൊപ്പം പണം നിക്ഷേപിക്കുന്നതു സംബന്ധിച്ച സാക്ഷ്യപത്രവും നല്‍കേണ്ടിവരും

Comments

comments

Categories: Slider, Top Stories