ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കം

 

മുംബൈ: ടീം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഗുജറാത്തിലെ രാജ്‌കോട്ടിലുള്ള സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ആദ്യ മത്സരം. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മൂന്ന് ടെസ്റ്റ് പരമ്പരകളിലും ഇന്ത്യയ്ക്ക് പരാജയമായിരുന്നു ഫലം എന്നതിനാല്‍ വളരെ കരുതലോടെയാകും ടീം ഇന്ത്യ ഇംഗ്ലീഷ് നിരയെ നേരിടുക.

ഇന്ത്യയും ഇംഗ്ലണ്ടും 2012ല്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇംഗ്ലീഷ് പട അടുത്ത മത്സരങ്ങളില്‍ ശക്തമായി തിരിച്ചടിച്ച് പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ ആതിഥേയര്‍ക്കെതിരെ വിജയം നേടിയ അവസാന ടീമും ഇംഗ്ലണ്ടാണ്. എന്നാല്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍ഡ് ടീമുകളെ സ്വന്തം നാട്ടില്‍വെച്ച് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.

അതേസമയം, ദക്ഷിണാഫ്രിക്കയിലും ശ്രീലങ്കയിലും വിജയിക്കാന്‍ സാധിച്ചെങ്കിലും പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ ക്രിക്കറ്റ് പരമ്പര സമനിലയില്‍ കലാശിച്ചതിന്റെ ആശങ്ക ഇംഗ്ലണ്ടിനെ അലട്ടുന്നുണ്ട്. അടുത്തിടെ കഴിഞ്ഞ ബംഗ്ലാദേശിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ പരാജയം വഴങ്ങിയത് ഇംഗ്ലണ്ടിനെ ഞെട്ടിക്കുന്നതായിരുന്നു.

ഇംഗ്ലണ്ടിനെതിരെ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള വളരെ ശക്തമായ ടീമുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പരിക്കേറ്റ് രോഹിത് ശര്‍മ പുറത്തായെങ്കിലും ബാറ്റിംഗില്‍ ഗൗതം ഗംഭീറിന്റെ തിരിച്ചുവരവ് ടീമിന് കരുത്ത് പകരും. സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും പേസര്‍ ഇഷാന്ത് ശര്‍മയും ചേരുന്ന ടീം ഇന്ത്യയുടെ ബൗളിംഗ് നിര ഏതൊരു ബാറ്റ്‌സ്മാന്റെയും പേടി സ്വപ്‌നമാണ്.

അലൈസ്റ്റര്‍ കുക്കിന്റെ നായകത്വത്തിലെത്തുന്ന ഇംഗ്ലണ്ട് ടീമില്‍ സ്റ്റുവാര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, ബെന്‍ സ്റ്റോക്‌സ്, സ്റ്റീവന്‍ ഫിന്‍ എന്നിവരാണ് പേസര്‍മാരായിട്ടുള്ളത്. പരിക്കില്‍ നിന്ന് മോചിതനായ ജയിംസ് ആന്‍ഡേഴ്‌സണും ടീമിലേക്ക് തിരിച്ചെത്തും.

ഇന്ത്യ-ഇഗ്ലണ്ട് പരമ്പരയിലെ രണ്ടാം ടെസ്റ്റ് 17 മുതല്‍ വിശാഖപട്ടണത്തും മൂന്നാം മത്സരം 26 മുതല്‍ മൊഹാലിയിലും നടക്കും. നാലാം മത്സരം ഡിംസംബര്‍ എട്ട് മുതല്‍ മുംബൈയിലും പരമ്പരയിലെ അവസാന ടെസ്റ്റ് ഡിസംബര്‍ 16നുമായാണ് നിശ്ചയിച്ചിരിക്കുന്നത്.

Comments

comments

Categories: Slider, Sports