ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയില്‍ 28 ശതമാനം ഇടിവ്

ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയില്‍ 28 ശതമാനം ഇടിവ്

 

കൊല്‍ക്കത്ത : രാജ്യത്ത് സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ 2016ന്റെ മൂന്നാം പാദത്തില്‍ 28 ശതമാനം കുറവുണ്ടായതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ വെളിപ്പെടുത്തല്‍. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഡിമാന്‍ഡ് ട്രെന്‍ഡ് റിപ്പോര്‍ട്ടനുസരിച്ച് 2015ല്‍ ഇതേ പാദത്തില്‍ 271.1 ടണ്‍ ആയിരുന്നു സ്വര്‍ണത്തിന്റെ ആവശ്യകത എങ്കില്‍ ഇത്തവണ ഡിമാന്‍ഡ് 194.8 ടണ്ണായി കുറഞ്ഞു. ഇതേ പാദത്തില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ ഡിമാന്‍ഡ് മൂല്യം 12 ശതമാനം കുറഞ്ഞ് 55,970 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 63, 660 കോടി രൂപയായിരുന്നു.
വിലയിലുണ്ടായ വലിയ വര്‍ധന തന്നെയാണ് സ്വര്‍ണ ഡിമാന്‍ഡ് ഇടിയുന്നതിനുള്ള പ്രധാന കാരണമെന്ന് വേല്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ സോമസുന്ദരം പി ആര്‍ പറയുന്നു. എക്‌സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വ്യാപാരികള്‍ നടത്തിയ സമരം, രണ്ടു ലക്ഷം രൂപയ്ക്കു മുകളിലുള്ള പര്‍ച്ചേസിംഗിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയത്, സ്വത്തു വെളിപ്പെടുത്തല്‍ പദ്ധതി തുടങ്ങിയവയും സ്വര്‍ണത്തിന്റെ ആവശ്യകത കുറയ്ക്കുന്നതിന് ഇടയാക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഈ വര്‍ഷം മൂന്നാം പാദത്തില്‍ രാജ്യത്തെ ആകെ ജ്വല്ലറി ഡിമാന്‍ഡ് 28 ശതമാനം കുറഞ്ഞ് 154.7 ടണ്ണിലെത്തിയിട്ടുണ്ട്. മുന്‍ വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 214.1 ടണ്‍ ആയിരുന്നു. ജ്വല്ലറി ഡിമാന്‍ഡ് മൂല്യം 12 ശതമാനം ഇടിഞ്ഞ് 44,450 കോടി രൂപയായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ ഇത് 50,270 കോടി രൂപയായിരുന്നു.

മൊത്തം നിക്ഷേപ ഡിമാന്‍ഡ് 57.0 ടണ്ണില്‍നിന്ന് 30 ശതമാനം താഴ്ന്ന് 40.1 ടണ്ണിലെത്തി. സ്വര്‍ണ്ണ നിക്ഷേപ ഡിമാന്‍ഡിന്റെ മൂല്യം 13,390 കോടി രൂപയില്‍നിന്ന് 14 ശതമാനം കുറഞ്ഞ് 11,520 കോടി രൂപയായി. അതേസമയം മൂന്നാം പാദത്തില്‍ രാജ്യത്ത് റീസൈക്കിള്‍ ചെയ്ത ആകെ സ്വര്‍ണ്ണത്തിന്റെ അളവ് 114 ശതമാനം ഉയര്‍ന്ന് 39 ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 18.2 ടണ്‍ മാത്രമായിരുന്നു. ആഗോളതലത്തിലെ സ്വര്‍ണ ഡിമാന്‍ഡും മൂന്നാം പാദത്തില്‍ 10 ശതമാനം ഇടിഞ്ഞ് 993 ടണ്ണിലെത്തി.
രാജ്യത്ത് 2016ലെ മൊത്തം സ്വര്‍ണ ഡിമാന്‍ഡ് 650-750 ടണ്‍ ആയിരിക്കുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഇപ്പോള്‍ വിലയിരുത്തുന്നത്. മികച്ച മണ്‍സൂണ്‍ ലഭിച്ചതും ദീപാവലിക്കു മുന്നോടിയായി വില കുറഞ്ഞതും നാലാം പാദത്തിലെ സ്വര്‍ണ ഡിമാന്‍ഡില്‍ പ്രതിഫലിക്കുമെന്നും കണക്കാക്കുന്നു.

Comments

comments

Categories: Slider, Top Stories