അക്വില പരീക്ഷണ പദ്ധതി: ഫേസ്ബുക്ക് ഇന്ത്യന്‍ ടെലികോം കമ്പനികളുമായി ചര്‍ച്ചയാരംഭിച്ചു

അക്വില പരീക്ഷണ പദ്ധതി:  ഫേസ്ബുക്ക് ഇന്ത്യന്‍ ടെലികോം കമ്പനികളുമായി ചര്‍ച്ചയാരംഭിച്ചു

ന്യൂഡെല്‍ഹി: മൊബീല്‍ ഇന്റര്‍നെറ്റ് സേവനം വ്യാപകമാക്കുന്നതിന് സഹായിക്കുന്ന ‘അക്വില’ എന്ന സൗരോര്‍ജ്ജ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് രാജ്യത്തെ ടെലികോം കമ്പനികളുമായും സര്‍ക്കാരുമായും പ്രാരംഭഘട്ട ചര്‍ച്ചയാരംഭിച്ചു. ഇന്ത്യയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മിതമായ നിരക്കില്‍ മൊബീല്‍ ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കുന്നതിനുവേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ടെലികോം കമ്പനികളുമായി സഹകരിക്കാന്‍ ഫേസ്ബുക്ക് തയാറെടുക്കുന്നത്.

ഗ്രാമപ്രദേശങ്ങളില്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസ് ലഭ്യമാക്കുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള എക്‌സ്പ്രസ്സ് വൈഫൈ പ്രൊജക്ടിനോടനുബന്ധിച്ച് ഇതിനോടകം തന്നെ ടെലികോം കമ്പനികളുമായി സഹകരണം ആരംഭിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്കിന്റെ കണക്റ്റിവിറ്റി പബ്ലിക് പോളിസി ഡയറക്റ്റര്‍ റോബര്‍ട്ട് പെപ്പര്‍ പറഞ്ഞു. ഫൈബര്‍ ഓപ്റ്റിക്കല്‍സ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന അതേ വേഗതയില്‍ തന്നെ ഈ സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിലും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനം എത്തിക്കാനാകുമെന്നതാണ് അക്യുലയിലേക്കുള്ള താല്‍പര്യം വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്യുലയില്‍ സഹകരിക്കാന്‍ താല്‍പ്പര്യമുള്ള ടെലികോം ഓപ്പറേറ്റര്‍മാരെ കണ്ടെത്തുന്നതിന് ചര്‍ച്ച ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.

നിലവില്‍ ഉള്‍പ്രദേശങ്ങളിലേക്ക് സ്വന്തം നിലയില്‍ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കി ഇന്റര്‍നെറ്റ് എത്തിക്കുന്നത് ഏറെ ചെലവേറിയതാണെന്നാണ് ടെലികോം കമ്പനികള്‍ കണക്കാക്കുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ ഗ്രാമീണ മേഖലയില്‍ മൊബീല്‍ ബ്രോഡ്ബാന്‍ഡ് സേവനം എത്തിക്കുന്നതിന് ടെലികോം കമ്പനികള്‍ക്ക് ഫേസ്ബുക്കിന്റെ അക്യുല പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്താനാകും. ഒരിക്കല്‍ ഈ അവസരം ഉപയോഗപ്പെടുത്തി ഡിമാന്റ് ഉണ്ടെന്നുകണ്ടാല്‍ പിന്നീട് ടെലികോം കമ്പനികള്‍ക്ക് സ്വന്തമായി ഇത്തരത്തിലൊരു സംവിധാനം വികസിപ്പിക്കാനുമാകും. അങ്ങനെ വരുമ്പോള്‍ ഫേസ്ബുക്ക് അക്യുലയുടെ പ്രവര്‍ത്തനം മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാവുന്നതാണെന്നും റോബര്‍ട്ട് പെപ്പര്‍ പറഞ്ഞു. കഴിഞ്ഞ ജൂണില്‍ യുഎസിലെ യുമയിലും അരിസോനയിലുമായാണ് അക്യുലയുടെ ആദ്യ പരീക്ഷണ പറക്കല്‍ നടത്തിയത്.

Comments

comments

Categories: Slider, Trending