കയറ്റുമതിയില്‍ പ്രതീക്ഷയര്‍പ്പിക്കാം

കയറ്റുമതിയില്‍ പ്രതീക്ഷയര്‍പ്പിക്കാം

 
കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നയങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്നാണ് ബിസിനസ് ലോകത്തിന്റെ പ്രതീക്ഷ. പ്രമുഖ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ഗ്രാന്റ് തോണ്‍ട്ടണ്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ബിസിനസ് കോണ്‍ഫിഡന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നയപരിഷ്‌കരണങ്ങളും ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കപ്പെടുന്നതും വരും പാദങ്ങളില്‍ രാജ്യത്തെ കയറ്റുമതിയുടെ തോത് വര്‍ധിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഗ്രാന്റ് തോണ്‍ട്ടന്റെ ഇന്റര്‍നാഷണല്‍ ബിസിനസ് റിപ്പോര്‍ട്ട് സര്‍വെ പ്രകാരം 38 ശതമാനം പേര്‍ കയറ്റുമതിയില്‍ വര്‍ധനയുണ്ടാകുമെന്ന് അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ കണക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്.

ഇന്ത്യന്‍ കറന്‍സിയുടെ സ്ഥിരതയും ഇതില്‍ വിഷയമാകും. നിലവിലുള്ള ഭരണപരിഷ്‌കരണ നയങ്ങളും ജിഎസ്ടി നടപ്പാക്കാനിരിക്കുന്നതും ഇന്ത്യന്‍ കറന്‍സിയുടെ മത്സരക്ഷമതയും കയറ്റുമതിയും വരും പാദങ്ങളില്‍ കൂടുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. ബിസിനസ് ആത്മവിശ്വാസം അളക്കുന്ന ഒപ്റ്റിമിസം സൂചിക അനുസരിച്ച് മൂന്നാം പാദത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ആഗോള മാന്ദ്യവും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമെല്ലാം കയറ്റുമതിയിലെ കുറവിനിടയാക്കിയ കാരണങ്ങളില്‍ ചിലതാണ്. എന്നാല്‍ നവസാങ്കേതികവിദ്യ സ്വായത്തമാക്കി ഉല്‍പ്പാദന രംഗത്തെ നവീകരിച്ച് ആഗോള വിപണിയില്‍ ഇന്ത്യയുടെ മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കാത്തതാണ് പ്രധാന പ്രശ്‌നമായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതിന് പ്രാധാന്യം നല്‍കാന്‍ നയകര്‍ത്താക്കളും പ്രധാനമന്ത്രിയും ശ്രമിക്കണം.
ബിസിനസ് ആത്മവിശ്വാസം ഉയരുന്നത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്കും പുതിയ പ്രതീക്ഷകള്‍ക്കും ഇടം നല്‍കും.

Comments

comments

Categories: Editorial