എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍: ഊര്‍ജ സംരക്ഷണത്തിന് ഒരു കൈത്താങ്ങ്

എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍: ഊര്‍ജ സംരക്ഷണത്തിന് ഒരു കൈത്താങ്ങ്

emc-logonew1കോടികള്‍ മുടക്കി പണിതുയര്‍ത്തുന്ന പുത്തന്‍ സമുച്ചയങ്ങളുടെ ഏറ്റവും വലിയ അലങ്കാരമായി ഇന്ന് ആളുകള്‍ കാണുന്നത് വ്യത്യസ്തവും പുതുമയുമുള്ള ലൈറ്റിംഗുകളാണ്. എന്നാല്‍ തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലേക്കെത്തുന്ന സന്ദര്‍ശകരെ ഇവിടം വിസ്മയിപ്പിക്കും. ഇതുപക്ഷേ കോടികള്‍ മുടക്കിയുള്ള വെളിച്ചത്തിന്റെ മായക്കാഴ്ച്ചകളില്‍ നിന്നുണ്ടാകുന്ന അതിശയമല്ല. മറിച്ച് ഒരു ബള്‍ബ്പോ ലുമില്ലാതെ വളരെയേറെ പ്രകാശപൂരിതമായിരിക്കുന്ന ഇവിടുത്തെ മുറികള്‍ കാണുമ്പോഴുള്ള അതിശയമാണ്. സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സ്ഥാപകലക്ഷ്യങ്ങള്‍ വെളിവാക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം.
ഊര്‍ജ സംരക്ഷണത്തിനായുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനതല എനര്‍ജി മാനേജ്‌മെന്റ് സെന്ററാണ് 1996-ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായ ഇഎംസി. 2001-ല്‍ ഊര്‍ജ സംരക്ഷണത്തിനായി എനര്‍ജി കണ്‍സര്‍വേഷന്‍ ആക്ട് നിലവില്‍വന്ന ശേഷമാണ് മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരമൊരു സ്ഥാപനം നിലവില്‍വന്നുതുടങ്ങിയത്. ”എനര്‍ജി എഫിഷ്യന്‍സിയെന്നു പറയുമ്പോള്‍ എന്‍ഡ് യൂസ് എഫിഷ്യന്‍സി മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്. വീടുകളിലായാലും വാണിജ്യ സ്ഥാപനങ്ങളിലായാലും ഊര്‍ജ കാര്യക്ഷമത വര്‍ധിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇപ്പോള്‍ എനര്‍ജി എഫിഷ്യന്‍സിയുടെ പ്രാധാന്യം വളരെയേറെയാണ്,” ഇഎംസി ഡയറക്ടര്‍ എം ധരേശന്‍ ഉണ്ണിത്താന്‍ പറയുന്നു. വ്യവസായ സ്ഥാപനങ്ങളിലേക്കോ മറ്റ് ഏതൊരു മേഖലയുമായി ബന്ധപ്പെട്ടുള്ള സ്ഥാപനത്തിലേക്കോ ഹരിതോര്‍ജം എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഇതിന്റെ ഭാഗമായി ചെയ്യേണ്ട ആദ്യപടി ഊര്‍ജക്ഷമത നിയന്ത്രിക്കുകയെന്നതാണ്. അല്ലാത്തപക്ഷം ഇതിന് കൂടുതല്‍ പണം മുടക്കേണ്ടി വരും. ഉദാഹരണത്തിന് 100 കിലോവാട്ട് ഊര്‍ജം ഉപയോഗിക്കുന്ന ഒരു സ്ഥാപനത്തിന്റെ ഊര്‍ജ ഉപയോഗം എനര്‍ജി എഫിഷ്യന്‍സി വഴി 60 കിലോവാട്ടാക്കി കുറയ്ക്കാനായാല്‍ ആ സ്ഥാപനത്തില്‍ 60 കിലോ വാട്ടിനുള്ള സോളാര്‍ പാനല്‍ വച്ചാല്‍ മതിയാകും. അതുകൊണ്ടുതന്നെ പുനരുപയോഗ ഊര്‍ജവുമായി ബന്ധപ്പെട്ട എല്ലാ പ്രൊജക്ടുകളുടെയും ഭാഗമായി ആദ്യം ഉറപ്പാക്കേണ്ടത് ഊര്‍ജ്ജക്ഷമതയാണ്. ധരേശന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഊര്‍ജക്ഷമത കൈവരിക്കുകയും ഇതോടൊപ്പം പുനരുപയോഗ ഊര്‍ജം പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ 2050 -ഓടെ കേരളത്തെ ഒരു സമ്പൂര്‍ണ പുനരുപയോഗ ഊര്‍ജ സംസ്ഥാനമായി മാറ്റാനാവുമെന്നാണ് എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ പ്രതീക്ഷ.

img_20151014_140733468_hdr-1പേടിയില്ലാതെ തുടങ്ങാം
പുനരുപയോഗ ഊര്‍ജവുമായി ബന്ധപ്പെട്ട് ആളുകളില്‍ പലപ്പോഴും ആശങ്കയുണ്ടാക്കുന്നത് ഇതിനാവശ്യമായി വരുന്ന പ്രാരംഭഘട്ട ചെലവുകളാണ്. എന്നാല്‍ ഇത്തരം ചെലവുകള്‍ മറികടക്കാന്‍ സംസ്ഥാനതലത്തിലും മറ്റുമായി നിരവധി സബ്‌സിഡികളുണ്ട്. 22 ലക്ഷം രൂപ മുടക്കി സോളാര്‍ പാനല്‍ സ്ഥാപിച്ചാല്‍ സബ്‌സിഡി കഴിഞ്ഞ് ഒരാള്‍ക്ക് മുടക്കേണ്ടി വരിക ഏകദേശം 12 ലക്ഷം രൂപ മാത്രമായിരിക്കും. ഇതിനുശേഷമുള്ള ഏകദേശം നാലുമുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലാവധിക്കുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനുമാവും. ഒരു സോളാര്‍ പാനലിന്റെ കാലാവധി 20 വര്‍ഷം വരെയാണ്. അതുകൊണ്ടുതന്നെ ആദ്യഘട്ട ചെലവിനേക്കാള്‍ വളരെയധികം ലാഭം ഇതിലൂടെ നേടാനാവും. കഴിയും. 20 വര്‍ഷം കാലാവധി പറയുന്നതിനാല്‍ അതിനുശേഷം സോളാര്‍ പാനല്‍ പ്രവര്‍ത്തിക്കില്ലായെന്നല്ല ഇതിന്റെ അര്‍ഥം. മറിച്ച് പ്രവര്‍ത്തനക്ഷമത 20 ശതമാനം കുറയുമെന്നു മാത്രം. അതുകൊണ്ടുതന്നെ 20 വര്‍ഷത്തിനുശേഷവും ഊര്‍ജം ഉല്‍പ്പാദിപ്പിക്കാനാവും. ചെറിയ കാലയളവിനുള്ളില്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാവുന്നതോടൊപ്പം പിന്നീടുള്ള വര്‍ഷങ്ങളില്‍ ഊര്‍ജം സൗജന്യമായി ലഭിക്കുന്നതിലൂടെ വന്‍നേട്ടം തന്നെ സ്വന്തമാക്കാനാവും.

ഇഎംസി ഒരു മാതൃക
സൂര്യപ്രകാശം കുറവുള്ളപ്പോള്‍ സോളാര്‍ പാനലുകളിലൂടെ ലഭിക്കുന്ന ഊര്‍ജത്തിന്റെ അളവ് കുറവായിരിക്കും. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും സ്വീകരിക്കാവുന്ന മാതൃകയാണ് ഇഎംസിയും പിന്തുടരുന്നത്. ഊര്‍ജ ഉല്‍പ്പാദനം കൂടുതലുളള സമയങ്ങളില്‍ ലഭ്യമാകുന്ന വൈദ്യുതി കെഎസ്ഇബിക്ക് കൈമാറുകയും ഊര്‍ജം ലഭിക്കാത്ത സമയങ്ങളില്‍ കെഎസ്ഇബിയില്‍ നിന്ന് വൈദ്യുതി വാങ്ങുകയും ചെയ്യുകയെന്നതാണിത്. കേരളത്തിലെ സര്‍ക്കാര്‍ കെട്ടിടങ്ങളെല്ലാം തന്നെ പകല്‍ സമയം മാത്രം പ്രവര്‍ത്തിക്കുന്നവയാണ്. ഭൂരിഭാഗവും പത്തു മണിമുതല്‍ അഞ്ച് മണിവരെ. അതുകൊണ്ടുതന്നെ ഇത്തരം കെട്ടിടങ്ങളെല്ലാം പുനരുപയോഗ ഊര്‍ജത്തില്‍ പ്രവര്‍ത്തിപ്പിക്കാമെന്ന ആശയത്തെക്കുറിച്ചു ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പത്തുവര്‍ഷം മുന്‍പ് ഇഎംസി ഡയറക്ടറായി ചുമതലയേല്‍ക്കുന്ന കാലത്ത് ഊര്‍ജസംരക്ഷണത്തെക്കുറിച്ച് ഇന്നുള്ള അത്ര വിശാലമായ കാഴ്ചപ്പാട് ആളുകള്‍ക്ക് ഉണ്ടായിരുന്നില്ലെന്ന് എം ധരേശന്‍ ഉണ്ണിത്താന്‍ ഓര്‍മിക്കുന്നു. ആവശ്യത്തിന് ഊര്‍ജം ആ സമയങ്ങളില്‍ ലഭ്യമായിരുന്നുവെന്നതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ”കെഎസ്ഇബിയെ അടച്ചുപൂട്ടിക്കാനുള്ള സ്ഥാപനമായാണ് അക്കാലങ്ങളില്‍ പലരും ഇഎംസിയെ കണ്ടിരുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ക?ുതുടങ്ങിയപ്പോള്‍ മുതലാണ് ഇത്തരം ചിന്തകള്‍ക്കു മാറ്റമുണ്ടായത്. കാര്‍ബണ്‍ ഡയോക്‌സൈഡ് ഏറ്റവുമധികം പുറപ്പെടുവിക്കുന്നത് ഊര്‍ജ ഉല്‍പ്പാദന സമയത്താണ്. അതുകൊണ്ടുതന്നെ ഊര്‍ജ ഉപയോഗം കുറയ്ക്കാനായാല്‍ ഇതിലൂടെ ഊര്‍ജ ഉല്‍പ്പാദനവും കുറയ്ക്കാനാവും. ഇതിന്റെ ഫലമായി അന്തരീക്ഷത്തിലേക്ക് കടക്കുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുറയ്ക്കാനുമാവും,” അദ്ദേഹം പറയുന്നു. സാങ്കേതികപരമായ മുന്നേറ്റങ്ങള്‍ ഇന്ന് വളരെവേഗം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അഞ്ചുവര്‍ഷത്തിന് ശേഷം ചിലപ്പോള്‍ നമ്മുടെ റോഡുകളില്‍ പെട്രോളോ ഡീസലോ ഉപയോഗിച്ചുള്ള കാറുകളൊന്നും കാണാനാവില്ല. അവയ്ക്ക് ബദലായി ഇലക്ട്രിക് കാറുകള്‍ നിരത്തുകള്‍ കൈയടക്കാന്‍ തുടങ്ങും. സോളാര്‍ ഉപയോഗിച്ച് ഇത്തരം വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സാധ്യതകളും ഇന്ന് ലഭ്യമായിത്തുടങ്ങിയിരിക്കുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കേരളം വളരെയേറെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ അനുഭവിച്ച വര്‍ഷംകൂടിയാണിത്. തുലാവര്‍ഷം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് നാം മുന്നോട്ട് നീങ്ങുന്നതും. കാലാവസ്ഥാ വ്യതിയാനം വളരെയേറെ പ്രകടമാംവിധം രൂക്ഷമാകുകയാണ്. വരുംനാളുകളില്‍ കാലാവസ്ഥാപരമായ പ്രശ്‌നങ്ങള്‍ വര്‍ധിക്കാനാണ് സാധ്യത. ഓരോ വര്‍ഷവും ചൂട് റെക്കോര്‍ഡിലേക്കു കുതിക്കുകയാണ്. അതുകൊണ്ടുതന്നെ പുനരുപയോഗ ഊര്‍ജത്തിന് കേരളത്തില്‍ മികച്ച സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്. ”പുനരുപയോഗ ഊര്‍ജത്തിന്റെ കാര്യത്തില്‍ നേരിടുന്ന പ്രശ്‌നം ഇത് കൃത്യമായി ഷെഡ്യൂള്‍ ചെയ്യാനാവില്ലായെന്നതാണ്. നാളെ എത്ര മെഗാവാട്ട് ഊര്‍ജം ഉല്‍പ്പാദിപ്പിക്കാനാവുമെന്ന് പറയാനാവില്ല. പക്ഷേ കേരളത്തെ സംബന്ധിച്ചിടത്തോളം ജലവൈദ്യുത പദ്ധതികള്‍ ഉള്ളതുകൊണ്ടുതന്നെ ജലവൈദ്യുതി നിലയങ്ങള്‍ വേഗത്തില്‍ സ്ഥാപിക്കാനാവും. വിദേശരാജ്യങ്ങളെല്ലാം 2030-ഓടെ സമ്പൂര്‍ണ പുനരുപയോഗ ഊര്‍ജ ഉല്‍പ്പാദനത്തിലേക്ക് മാറാനുള്ള തയാറെടുപ്പിലാണ് 2050-ഓടെ ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരിക്കണം കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍,” ധരേശന്‍ ഉണ്ണിത്താന്‍ പറയുന്നു.

വനിതകള്‍ ഊര്‍ജ സംരക്ഷകരാകുമ്പോള്‍
ഊര്‍ജ ഉപയോഗം പല വിഭാഗങ്ങളിലും വ്യത്യസ്തമായിരിക്കും. കേരളത്തില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കാണ് ഏറ്റവുമധികം ഊര്‍ജം വേണ്ടി വരുന്നത്. ഗാര്‍ഹിക ഉൗര്‍ജ ഉപഭോഗത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഏറ്റവുമധികം കഴിയുന്നത് വീട്ടമ്മമാര്‍ക്കാണ്. അതുകൊണ്ടുതന്നെ 1996-ല്‍ ഇഎംസിയുടെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ക്കായി ഒരു പരിപാടി വികസിപ്പിച്ചു. കേരളത്തെ മൂന്ന് മേഖലകളായി തിരിച്ച് മൂന്ന് പഞ്ചായത്തുകള്‍ ഏറ്റെടുത്ത് വനിതാ വോളണ്ടിയര്‍മാര്‍ വഴി വീട്ടമ്മമാര്‍ക്ക് പരിശീലനം നല്‍കി. ഇതിന്റെ വിജയത്തെ തുടര്‍ന്ന് ഇന്ന് കേരളത്തിലുടനീളം നാനൂറോളം വനിതാ വോള?ിയര്‍മാരുണ്ട്. ഇവരുടെ നേതൃത്വത്തില്‍ എനര്‍ജി ക്ലിനിക്ക് എന്നപേരില്‍ ഒരു പരിപാടി.
ഇന്ന് ലോകത്ത് സ്ത്രീകള്‍ ഊര്‍ജവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് ചുരുക്കമായാണ്. ഊര്‍ജവുമായി ബന്ധപ്പെട്ട് അവര്‍ക്കുള്ള അറിവും വളരെക്കുറവായിരുന്നു. യുഎസ്എഐഡി (യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ്) സാര്‍ക്ക് രാജ്യങ്ങളിലെ സ്ത്രീ പ്രതിനിധികള്‍ക്ക് ഊര്‍ജവുമായി ബന്ധപ്പെട്ട പരിശീലനം നല്‍കാനായി സാര്‍ക്ക് രാജ്യങ്ങളിലെ പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ ഒരുമിച്ചുകൊണ്ടുവന്ന് ഇഎംസിയില്‍വച്ച് മൂന്ന് പരിശീലന പരിപാടികള്‍ നടത്തിയിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ധാക്ക, വാഷിംഗ്ടണ്‍ എന്നിങ്ങനെ പല സ്ഥലങ്ങളില്‍ വച്ച് ഇത്തരം പരിശീലനം നടന്നിരുന്നു. എന്നാല്‍ ചില സാമ്പത്തിക പ്രശ്‌നങ്ങള്‍മൂലം സാര്‍ക്ക് രാജ്യങ്ങളെ മുഴുവന്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇത്തരം പരിശീലനങ്ങള്‍ അവസാനിപ്പിച്ചിരുന്നു. എങ്കിലും കേരളത്തില്‍ ഇഎംസിയുടെ നേതൃത്വത്തില്‍ ഇത് തുടര്‍ന്നുപോരുന്നു. ”സാര്‍ക്കിന് പകരം എന്തുകൊണ്ട് ഇന്ത്യ മുഴുവനായി ഇത്തരം പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചുകൂടായെന്ന ആലോചനയിലാണ് ഞങ്ങളിപ്പോള്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളെ കേരളത്തിലെത്തിച്ച് പരിശീലനം നല്‍കുകയും അവരെ നമ്മുടെ വീടുകളില്‍ താമസിപ്പിച്ച് ഇവിടുത്തെ രീതികള്‍ അവര്‍ക്ക് മനസിലാക്കികൊടുക്കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്. ചെറിയ വൈദ്യുതി ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാനുള്ള പരിശീലനം നല്‍കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കും. ഇത്തരത്തിലൊരു പ്രപ്പോസല്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള തയാറെടുപ്പിലാണിപ്പോള്‍,” ധരേശന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.

എനര്‍ജി ഓഡിറ്റ് വില്ലനല്ല
എല്ലാ വ്യവസായ സ്ഥാപനങ്ങളിലും എനര്‍ജി ഓഡിറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോ വ്യവസായിയേയും ആ വ്യവസായ സ്ഥാപനത്തില്‍ ഓഡിറ്റ് നടത്തിയ ആളെയും ഒരുമിച്ച് വിളിച്ച് റിപ്പോര്‍ട്ട് വിശകലനം ചെയ്യും. ഇതില്‍ ഏതെല്ലാം മേഖലകളിലാണ് ശ്രദ്ധിക്കേണ്ടതെന്നു തിരിച്ചറിഞ്ഞ് അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വ്യവസായ സ്ഥാപനങ്ങളോട് ആവശ്യപ്പെടും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തികമായി എന്തെങ്കിലും ബുദ്ധിമുട്ടുള്ള വ്യവസായങ്ങള്‍ക്ക് കെഎഫ്‌സി (കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍) വഴി വായ്പ നല്‍കും. ഇംഎംസിയുമായി സഹകരിച്ച് ആറര ശതമാനം പലിശയ്ക്കാണ് ഇത്തരം വായ്പ ലഭ്യമാക്കുന്നത്. എന്‍ജിഒകളുമായി സഹകരിച്ച് ഊര്‍ജ കിരണ്‍ എന്ന പേരില്‍ ഒരു പ്രൊജക്റ്റും ഇഎംസി നടത്തുന്നു. 142 ഓളം എന്‍ജിഒകള്‍ പല സ്ഥലങ്ങളിലെത്തി ഇഎംസിയുടെ റിസോര്‍സ് പേഴ്‌സണ്‍സിന്റെ സേവനം സ്വീകരിച്ച് ക്ലാസുകള്‍ സംഘടിപ്പിക്കുന്നതാണ് ഊര്‍ജ കിരണ്‍ എന്ന പദ്ധതി. ഇത്തരത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് ഊര്‍ജ സംരക്ഷണം ലക്ഷ്യമാക്കി ഇഎംസി നടപ്പാക്കുന്നതും നടപ്പാക്കാന്‍ പദ്ധതിയിടുന്നതും.
”ഇഎംസി പ്രവര്‍ത്തനമാരംഭിച്ച ശേഷമുള്ള 20 വര്‍ഷങ്ങള്‍ക്കിടയില്‍ ഊര്‍ജ ലഭ്യത, സംരക്ഷണം, ഉല്‍പ്പാദനം, ഉപയോഗം എന്നിവയില്‍ വലിയ മാറ്റങ്ങളാണ് ഉ?ായിട്ടുള്ളത്. അടുത്ത 20 വര്‍ഷം കേരളത്തെ സംബന്ധിച്ചിടത്തോളം ഊര്‍ജത്തിന്റെ കാര്യത്തില്‍ വളരെ പ്രധാനപ്പെട്ട കാലമാണ്. എനര്‍ജി കണ്‍സര്‍വേഷന്‍ ബില്‍ഡിംഗ് കോഡ് നിലവില്‍ വരുന്നതോടെ ഓരോ കെട്ടിടത്തിനും എത്രത്തോളംം ഊര്‍ജം ഉപയോഗിക്കാമെന്ന കണക്കനുസരിച്ചായിരിക്കും ഉപയോഗം. ഇത്തരത്തില്‍ എല്ലാ കെട്ടിടങ്ങളിലും ഊര്‍ജ കാര്യക്ഷമത ഉറപ്പാക്കാനാവും,” ധരേശന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
2008-ലും 2010 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന തല ഡെസിഗ്നേറ്റഡ് ഏജന്‍സിയായി തെരഞ്ഞെടുത്തുകൊണ്ട് നാഷണല്‍ എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡിന് അര്‍ഹമായ സ്ഥാപനമാണ് ഇഎംസി. ഇതിനുപുറമേ നിരവധി അവാര്‍ഡുകളും ഈ സര്‍ക്കാര്‍ സ്ഥാപനത്തെ തേടിയെത്തി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന്റെ പത്ത് ശതമാനം അഡ്മിനിസ്‌ട്രേഷന്‍ കെട്ടിടങ്ങളും എനര്‍ജി പോസിറ്റീവാക്കുക, എല്ലാ കുട്ടികളിലും വീട്ടമ്മമാരിലും ഊര്‍ജ സംരക്ഷണത്തിന്റെ സന്ദേശം എത്തിക്കുക. ഊര്‍ജ സംരക്ഷണം ജീവിതചര്യ പോലെ തുടരുന്നതാക്കുക എന്നിവയാണ് ഇഎംസി ലക്ഷ്യമിടുന്നത്.

Comments

comments

Categories: FK Special