വിജിലന്‍സ് പരാതികള്‍ വസ്തുതാപരമാകണം: കളക്ടര്‍

വിജിലന്‍സ് പരാതികള്‍ വസ്തുതാപരമാകണം: കളക്ടര്‍

കൊച്ചി: സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി സംബന്ധിച്ചുള്ള പരാതികള്‍ കൂടുതല്‍ വസ്തുതാപരമാകണമെന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നിരപരാധികളെ കുടുക്കുന്നതാകരുതെന്നും ജില്ലാ വിജിലന്‍സ് ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. കളക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും മറ്റുള്ളവരെ മനഃപൂര്‍വം ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരാതികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ഇത് ഈ സംവിധാനത്തിന്റെ വിലപ്പെട്ട സമയം പാഴാക്കാനേ ഉപകരിക്കുകയുള്ളൂ. ഇതിലൂടെ യഥാര്‍ഥ പരാതിയുടെ അന്വേഷണത്തിനു കാലതാമസത്തിനിട നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

എഡിഎം സി കെ പ്രകാശും കമ്മിറ്റി സെക്രട്ടറിയും ഡിവൈഎസ്പിയുമായ എം എന്‍ രമേശും സന്നിഹിതരായിരുന്നു. മൂന്നുമാസത്തിനുള്ളില്‍ ഇതുവരെ 1008 പരാതികള്‍ ലഭിച്ചു. ഇതു കൂടാതെ മറ്റു പരാതികള്‍ കോടതികളുടെ പരിഗണനയിലുമുണ്ട്. പരാതികളുടെ വര്‍ധന അതിന്റെ സുഗമമായ അന്വേഷണത്തെയും ബാധിക്കുന്നുണ്ടെന്ന് ഡിവൈഎസ്പി രമേശ് പറഞ്ഞു. 208 പരാതികള്‍ക്കാണ് ഇതുവരെ തീര്‍പ്പു കല്പിക്കാന്‍ കഴിഞ്ഞത്. യോഗത്തില്‍ പൊതുജനങ്ങളും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.

Comments

comments

Categories: Politics