അമേരിക്കന്‍ സ്വപ്‌നങ്ങളെ പുനസൃഷ്ടിക്കും : ട്രംപ്

അമേരിക്കന്‍ സ്വപ്‌നങ്ങളെ പുനസൃഷ്ടിക്കും : ട്രംപ്

ന്യൂയോര്‍ക്: അമേരിക്കയുടെ 45മത്‌പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി. മുഴുവന്‍ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും താനെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ സ്വപ്‌നങ്ങളെ പുനര്‍സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും യുഎസ് ജനതയെ അഭിസംബോധന ചെയ്ത് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

വിഭജനം ഏല്‍പ്പിച്ച മുറിവ് ഉണക്കാന്‍ ശ്രമിക്കുമെന്നും അമേരിക്കന്‍ ജനതയെ ഒരുമിപ്പിക്കുമെന്നും ട്രംപ്. ഒരൊറ്റ ജനതയാകാന്‍ എല്ലാവരും ഒരുമിക്കാനുള്ള സമയമായിരിക്കുന്നു. ഞാന്‍ ഈ രാജ്യത്തെ ഓരോ പൗരനോടും വാഗ്ദാനം ചെയ്യുന്നു, എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും. അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് പ്രഥമ പരിഗണന കൊടുക്കും. എന്നാല്‍ അതിന്റെ പേരില്‍ മറ്റുള്ളവരോട് മോശമായി പെരുമാറില്ല. എല്ലാവരോടും മാന്യമായി ഇടപെടും.ആരോടും ശത്രുത പുലര്‍ത്തില്ല -ട്രംപ് പറഞ്ഞു.
നിങ്ങളില്‍ ചിലര്‍ എന്റെ കഴിഞ്ഞകാല ജീവിതത്തില്‍ പിന്തുണ നല്‍കാത്തവരുണ്ടാകാം. എന്നാല്‍ രാജ്യത്തിന്റെ ഒരുമയ്ക്കായി ഞാന്‍ നിങ്ങളിലേക്ക് എത്താന്‍ ആഗ്രഹിക്കുകയാണ്. നിങ്ങളുടെ പിന്തുണയും മാര്‍ഗോപദേശവും എനിക്ക് ആവശ്യമാണെന്ന് ട്രംപ് പറഞ്ഞു.
കഠിനമായ മത്സരം കാഴ്ചവച്ച ഹിലരി ക്ലിന്റനെ അഭിനന്ദിക്കുന്നതായും ട്രംപ് പറഞ്ഞു. പതിറ്റാണ്ടുകള്‍ നീണ്ട പൊതുസേവനം നടത്തിയ ഹിലരിക്ക് കൃതഞ്ജത അറിയിക്കാനും അദ്ദേഹം മറന്നില്ല. താന്‍ വിജയിയായി പ്രഖ്യാപനം വന്നതിനു ശേഷം ക്ലിന്റന്‍ ഫോണില്‍ വിളിച്ചിരുന്നെന്നും അഭിനന്ദനം അറിയിച്ചിരുന്നതായും ട്രംപ് പറഞ്ഞു.
പ്രസംഗത്തില്‍ ട്രംപ് രാഷ്ട്രീയ എതിരാളകളെയോ മാധ്യമങ്ങളെയോ കുറ്റപ്പെടുത്താനോ പരിഹസിക്കാനോ മുതിര്‍ന്നില്ല. പകരം രാജ്യത്തെ ഒരുമിപ്പിക്കുമെന്ന് ആവര്‍ത്തിച്ചു.
ബുധനാഴ്ച അമേരിക്കന്‍ സമയം പുലര്‍ച്ചെ 2.50നാണ് ട്രംപ് കുടുംബ സമേതം വേദിയിലെത്തിയത്. ട്രംപിനൊപ്പം വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മൈക്ക് പെന്‍സുമുണ്ടായിരുന്നു.

Comments

comments

Categories: Slider, Top Stories