വായു മലിനീകരണം: ഡെല്‍ഹിയില്‍ പഴയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിത്തുടങ്ങി

വായു മലിനീകരണം:  ഡെല്‍ഹിയില്‍ പഴയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിത്തുടങ്ങി

 

ന്യൂഡെല്‍ഹി: വായു മലിനീകരണവും പുകമഞ്ഞും രൂക്ഷമായ ഡെല്‍ഹിയില്‍ അടിയന്തര പരിഹാര നടപടികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തി. വായു മലിനീകരണം നിയന്ത്രിക്കുന്ന കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാതിരുന്നതിന് ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.

നടപടികളുടെ ഭാഗമായി 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിത്തുടങ്ങിയിട്ടുണ്ട്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതിലൂടെ രണ്ട് ലക്ഷത്തോളം വാഹനങ്ങള്‍ നിരത്തുകളില്‍നിന്ന് പിന്‍വലിക്കപ്പെടും. ഓഗസ്റ്റില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും നടപ്പാക്കിയിരുന്നില്ല. രാജ്യത്തെ യാത്രാവാഹന വിപണിയില്‍ ഡെല്‍ഹി ആറാം സ്ഥാനത്താണ്. 2015 മാര്‍ച്ചിലെ കണക്കനുസരിച്ച് നഗരത്തില്‍ 2.6 മില്യണ്‍ കാറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഡെല്‍ഹിയില്‍ വില്‍ക്കുന്ന മൂന്ന് യാത്രാ വാഹനങ്ങളിലൊന്ന് ഡീസല്‍ ഉപയോഗിക്കുന്നവയാണ്.

ഇതിനിടെ കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ ദവെ ഡെല്‍ഹി, ഹരിയാണ, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ പരിസ്ഥിതി മന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്തു. പരിസ്ഥിതി സംരക്ഷണ കലണ്ടര്‍ തയാറാക്കാനും അതിന്‍പ്രകാരം പ്രവര്‍ത്തിക്കാനും യോഗത്തില്‍ നിര്‍ദേശം നല്‍കി.

ഡെല്‍ഹി മെട്രോ റെയ്ല്‍ കോര്‍പ്പറേഷന്‍ ഖനനവും മറ്റും അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്. കല്ലുകള്‍ പൊട്ടിക്കുന്നതും കോണ്‍ക്രീറ്റും കട്ടകളും തകര്‍ക്കുന്നതും നിര്‍ത്തിവെച്ചു. അത്യാവശ്യകാര്യങ്ങള്‍ക്കൊഴികെ ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിക്കില്ല. എല്ലാ ജോലി സ്ഥലങ്ങളിലും വെള്ളം തളിച്ച് പൊടിപടലങ്ങള്‍ പാറുന്നില്ലെന്ന് ഉറപ്പുവരുത്തും. വായു മലിനീകരണത്തിനെതിരായ കര്‍മപദ്ധതി കര്‍ശനമായി നടപ്പാക്കണമെന്ന് ഡെല്‍ഹി പൊലീസിനോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നവംബര്‍ 7 മുതല്‍ 14 വരെ നിര്‍മാണ ജോലികളും പഴയ കെട്ടിടങ്ങള്‍ ഇടിച്ചുപൊളിക്കുന്നതും നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നിര്‍ദേശിച്ചു.

നഗരത്തില്‍ ട്രക്കുകള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മതപരമായ ചടങ്ങുകളിലൊഴികെ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു. മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായശാലകള്‍ പൂട്ടണം. യോഗത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ, മറ്റ് മന്ത്രിമാര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, പരിസ്ഥിതി വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.

എല്ലാ അതിര്‍ത്തി പോയിന്റുകളിലും സ്‌മോക് മീറ്ററുകള്‍ സ്ഥാപിക്കും. കരിയിലകളും മാലിന്യങ്ങളും ടയര്‍, റബ്ബര്‍, പ്ലാസ്റ്റിക് തുടങ്ങിയവയും തുറസ്സായ സ്ഥലത്ത് കത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തക്ക ശിക്ഷ ലഭിക്കും.

Comments

comments

Categories: Slider, Top Stories