നിക്കരാഗ്വേ: ഡാനിയേല്‍ ഒര്‍ട്ടേഗ മൂന്നാമതും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്

നിക്കരാഗ്വേ: ഡാനിയേല്‍ ഒര്‍ട്ടേഗ മൂന്നാമതും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്

മനാഗ്വ(നിക്കരാഗ്വേ): മധ്യഅമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ ഇടത് നേതാവ് ഡാനിയേല്‍ ഒര്‍ട്ടേഗ തുടര്‍ച്ചയായി മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഒര്‍ട്ടേഗയുടെ ഭാര്യ റൊസാരിയോ മ്യുറില്ലോ വൈസ് പ്രസിഡന്റായും വിജയിച്ചു.

തിങ്കളാഴ്ചയാണു തെരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ടത്. 99.8 ശതമാനം ബാലറ്റുകള്‍ എണ്ണി പൂര്‍ത്തിയാക്കിയപ്പോള്‍ 72.5 ശതമാനം വോട്ട് മുന്‍ മാര്‍ക്‌സിസ്റ്റ് റിബല്‍ കൂടിയായ ഒര്‍ട്ടേഗ നേടിയതായി ഇലക്ടറല്‍ കൗണ്‍സില്‍ അറിയിച്ചു. എതിരാളിയായ മാക്‌സിമിനോ റോഡ്രിഗസിനാവട്ടെ വെറും 15 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ഇദ്ദേഹം വലത് വിഭാഗമായ ലിബറല്‍ കോണ്‍സ്റ്റിറ്റിയൂഷണലിസ്റ്റ് പാര്‍ട്ടിയംഗമാണ്.
അതേസമയം ഒര്‍ട്ടേഗയുടെ വിജയത്തെ യുഎസും നിക്കരാഗ്വേയിലെ പ്രതിപക്ഷവും അപലപിച്ചു. സ്വതന്ത്രവും നീതിയുക്തവുമായിട്ടല്ല തെരഞ്ഞെടുപ്പ് നടന്നതെന്നു യുഎസും പ്രതിപക്ഷ കക്ഷികളും ആരോപിച്ചു. നിക്കരാഗ്വേയുടെ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നും സമ്മിശ്രപ്രതികരണമാണു പുറത്തുവന്നത്.
ക്യൂബ, വെനസ്വേല, എല്‍സാല്‍വദോര്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ ഒര്‍ട്ടേഗയെ അനുമോദിച്ചു. എന്നാല്‍ കോസ്റ്റ റിക്ക വിമര്‍ശനവുമായി രംഗത്തുവന്നു.
അന്താരാഷ്ട്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിക്കരാഗ്വേയിലെ പ്രതിപക്ഷം ആവശ്യപ്പെട്ടു.

Comments

comments

Categories: World