അണ്ടര്‍-19 കുച്ച് ബിഹാര്‍ ടൂര്‍ണമെന്റ്: ഹരിയാനയ്‌ക്കെതിരെ കേരളത്തിന് മികച്ച ജയം

അണ്ടര്‍-19 കുച്ച് ബിഹാര്‍ ടൂര്‍ണമെന്റ്:  ഹരിയാനയ്‌ക്കെതിരെ കേരളത്തിന് മികച്ച ജയം

 

ആലപ്പുഴ: അണ്ടര്‍-19 കുച്ച് ബിഹാര്‍ ചതുര്‍ദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹരിയാനയ്‌ക്കെതിരെ കേരളത്തിന് മികച്ച ജയം. 173 റണ്‍സിനാണ് കേരളം ഹരിയാനയെ പരാജയപ്പെടുത്തിയത്. ആറ് വിക്കറ്റ് വീഴ്ത്തിയ സിജോമോന്‍ ജോസഫിന്റെ ബൗളിംഗ് മികവായിരുന്നു കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്. വിജയം നേടിയതോടെ ആറ് പോയിന്റും കേരള ടീം സ്വന്തമാക്കി. സ്‌കോര്‍: കേരളം-270, 336/9, ഹരിയാന-141, 292.

കേരളമുയര്‍ത്തിയ 465 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റേന്തിയ ഹരിയാന 292 റണ്‍സിന് പുറത്താവുകയായിരുന്നു. 38.1 ഓവറില്‍ 76 റണ്‍സ് വഴങ്ങിയാണ് സിജോമോന്‍ ജോസഫ് ആറ് വിക്കറ്റ് നേടിയത്. ഇതോടെ മത്സരത്തിന്റെ രണ്ട് ഇന്നിംഗ്‌സുകളിലുമായി ടീം ക്യാപ്റ്റന്‍ കൂടിയായ സിജോമോന്‍ ഏഴ് വിക്കറ്റ് സ്വന്തമാക്കി.

കേരളത്തിന് വേണ്ടി അഖില്‍ അനില്‍ രണ്ടും വിവേക്, ഫെരാരിയോ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിന്റെ 270 റണ്‍സിന് മറുപടിയായി ഹരിയാന 141 റണ്‍സിന് പുറത്തായിരുന്നു. ഫനൂസിന്റെ നാല് വിക്കറ്റ് പ്രകടനമായിരുന്നു ഒന്നാം ഇന്നിംഗ്‌സില്‍ കേരളത്തിന് ലീഡ് നേടിക്കൊടുത്തത്.

രണ്ടാം ഇന്നിംഗ്‌സില്‍ കേരള താരങ്ങളായ രോഹണ്‍ കുന്നുമല്‍, അനന്ത് കൃഷ്ണന്‍, ഫെരാരിയോ എന്നിവര്‍ യഥാക്രമം 90, 76, 62 റണ്‍സ് വീതം നേടി. ആലപ്പുഴ ജില്ലയിലെ എസ്ഡി കോളേജ് മൈതാനത്തായിരുന്നു മത്സരം.

Comments

comments

Categories: Sports