ചൈനയുടെ കയറ്റുമതിയും ഇറക്കുമതിയും പ്രതീക്ഷിച്ചതിലും ഇടിഞ്ഞു

ചൈനയുടെ കയറ്റുമതിയും ഇറക്കുമതിയും പ്രതീക്ഷിച്ചതിലും ഇടിഞ്ഞു

 

ബെയേജിങ്: ചൈനയുടെ കയറ്റുമതി, ഇറക്കുമതി പ്രവര്‍ത്തനങ്ങളില്‍ ഒക്‌റ്റോബര്‍ മാസത്തില്‍ പ്രതീക്ഷിച്ചതിലേറെ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കയറ്റുമതിയില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 7.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതി 1.4 ശതമാനം ചുരുങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ മാസം 1.9 ശതമാനം കുറവ് രേഖപ്പെടുത്തിയ ഇറക്കുമതി ഒക്‌റ്റോബറില്‍ ഒരു ശതമാനം കുറയുമെന്നായിരുന്നു കണക്കുകൂട്ടല്‍. രണ്ട് വിഭാഗങ്ങളില്‍ നിന്നുള്ള വ്യാപാരത്തിലും പ്രതീക്ഷിച്ചതിലും അധികം കുറവ് രേഖപ്പെടുത്തിയതായാണ് ഔദ്യോഗിക വിവരം.

കയറ്റുമതിയിലും ഇറക്കുമതിയിലും അനുഭവപ്പെട്ട ഈ ഇടിവോടെ ഒക്‌റ്റോബറിലെ ചൈനയുടെ വ്യാപാര മിച്ചം 49.06 ബില്യണ്‍ ഡോളറാണെന്നും കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു. ഈ വര്‍ഷം ആദ്യത്തെ പത്ത് മാസത്തെ റിപ്പോര്‍ട്ടനുസരിച്ച് മുന്‍ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതി 7.7 ശതമാനം കുറഞ്ഞിട്ടുണ്ട്. ഇതേ കാലയളവില്‍ ഇറക്കുമതി 7.5 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

റോയിറ്റേഴ്‌സ് അനലിസ്റ്റുകളുടെ നിരീക്ഷണമനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും ഈ ഒക്‌റ്റോബറില്‍ കയറ്റുമതി ആറ് ശതമാനം കുറയുമെന്നായിരുന്നു പ്രവചനം. എന്നാല്‍ സെപ്റ്റംബര്‍ മാസം കയറ്റുമതിയിലുണ്ടായ പത്ത് ശതമാനം കുറവ് പരിഗണിക്കുമ്പോള്‍ ഒക്‌റ്റോബര്‍ മാസം ചൈനയുടെ വ്യാപാരം നിലമെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അതേസമയം ആഗോള ഡിമാന്റ് സ്ഥിരതയില്ലാത്ത മെല്ലെപോക്ക് തുടരുകയാണെന്നും അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.
സെപ്റ്റംബറിലെ 1.9 ശതമാനത്തിന്റെ ഇടിവിനു ശേഷം ഇറക്കുമതി ഒക്‌റ്റോബറില്‍ ഒരു ശതമാനം ഇടിയുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തിയിരുന്നത്. വ്യാപാര മിച്ചം 51.70 മില്യണ്‍ ആയിരിക്കുമെന്നും കണക്കൂ കൂട്ടി. എന്നാല്‍ ഇതില്‍ നിന്നും അല്‍പ്പം മേശമായ ഫലമാണ് കഴിഞ്ഞ മാസം ലഭിച്ചത്.

Comments

comments

Categories: Business & Economy

Related Articles