ചൈനയിലെ പുതിയ സൈബര്‍ സുരക്ഷാ നിയമത്തിനെതിരെ വിദേശ കമ്പനികള്‍

ചൈനയിലെ പുതിയ സൈബര്‍ സുരക്ഷാ നിയമത്തിനെതിരെ വിദേശ കമ്പനികള്‍

 

ബെയ്ജിംഗ് : ചൈന പുതിയ സൈബര്‍ സുരക്ഷാ നിയമം അംഗീകരിച്ചു. വിദേശ കമ്പനികളുടെ സാങ്കേതികവിദ്യയില്‍ മുമ്പില്ലാത്ത വിധം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചൈനയെ സഹായിക്കുന്നതാണ് പുതിയ നിയമം. ഈ നിയമം ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയില്‍ വിദേശ സാങ്കേതികവിദ്യാ കമ്പനികളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതാണെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.

നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സിന്റെ സ്ഥിരം സമിതി അംഗീകരിച്ച സൈബര്‍ സുരക്ഷാ നിയമം വരുന്ന ജൂണില്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടും നടക്കുന്ന അന്വേഷണങ്ങളില്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ സഹകരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. മാത്രമല്ല കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ നിര്‍ബന്ധിത പരിശോധനയ്ക്കും സര്‍ട്ടിഫിക്കേഷനും വിധേയമാക്കണം. സംശയം തോന്നുന്നപക്ഷം കൈവശമുള്ള മുഴുവന്‍ വിവരങ്ങളും അതാത് കമ്പനികള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം.

യുഎസ് ചാരവൃത്തിയെക്കുറിച്ച് വിക്കിലീക്‌സിലൂടെ എഡ്വേര്‍ഡ് സ്‌നോഡന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് തങ്ങളുടെ ഐടി വ്യവസ്ഥയെ പിടിച്ചുകെട്ടുന്നതിന് ചൈനയെ പ്രേരിപ്പിച്ച പ്രധാന ഘടകം. ഇന്‍സ്റ്റന്റ് മെസ്സേജിംഗ് സര്‍വീസായ വീചാറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ ഫോറങ്ങളിലേക്ക് പൊതുവ്യവഹാരങ്ങള്‍ മാറിയതും സൈബര്‍ ഇടങ്ങളില്‍ പോലീസിംഗ് നടത്തുന്നതിന് ചൈന തുനിയുന്നത്. നിയമ പ്രകാരം ഡാറ്റ പ്രാദേശികമായി സൂക്ഷിക്കേണ്ടിവരുമെന്നതാണ് വിദേശ കമ്പനികളുടെ ആശങ്ക. നിയമത്തിലെ ചില വകുപ്പുകള്‍ വിദേശ എതിരാളികള്‍ക്കെതിരെ ചൈനീസ് കമ്പനികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണെന്നും ഇവര്‍ പരാതിപ്പെടുന്നു.

ചൈനയുടെ പുതിയ സൈബര്‍ സുരക്ഷാ നിയമത്തെക്കുറിച്ച് നിരവധി ഐടി കമ്പനികള്‍ക്ക് ആശങ്കകളുണ്ടെന്ന് യുഎസ് വാണിജ്യ ഡെപ്യൂട്ടി സെക്രട്ടറി ബ്രൂസ് ആന്‍ഡ്രൂസ് പറഞ്ഞു. വ്യാപാര ആവശ്യങ്ങള്‍ക്ക് അതിര്‍ത്തി കടന്നുള്ള ഡാറ്റ ഒഴുക്ക് ഇന്നത്തെ കാലത്ത് അത്യധികം പ്രധാനമാണെന്നും കമ്പനികള്‍ ഈ രീതിയിലാണ് ദിവസേന പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ പ്രത്യഘാതമോര്‍ത്ത് ആഭ്യന്തര നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താറില്ല. എന്നാല്‍ ഈ നിയമത്തിന്റെ കരട് തയാറായപ്പോള്‍ത്തന്നെ യുഎസ്, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലെ 40 ലധികം ബിസിനസ് ഗ്രൂപ്പുകള്‍ ചൈനീസ് പ്രധാനമന്ത്രി ലി കെ ക്വിങിന് കത്തെഴുതിയിരുന്നു. പുതിയ സൈബര്‍ സുരക്ഷാ നിയമം രാജ്യത്തേക്കുള്ള വിദേശ കമ്പനികളുടെ കടന്നുവരവ് ഇല്ലാതാക്കുമെന്നും രാജ്യത്തിന്റെ വളര്‍ച്ചയെ തടസപ്പെടുത്തുമെന്നുമാണ് കമ്പനികള്‍ വ്യക്തമാക്കിയത്.

Comments

comments

Categories: Business & Economy