മെസ്സിയില്ലാത്ത അര്‍ജന്റീനയെ ആര്‍ക്കും തോല്‍പ്പിക്കാം: റിക്വല്‍മേ

മെസ്സിയില്ലാത്ത അര്‍ജന്റീനയെ ആര്‍ക്കും തോല്‍പ്പിക്കാം: റിക്വല്‍മേ

 

റിയോ ഡി ജനീറോ: സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസ്സി ഇല്ലാത്ത അര്‍ജന്റീന ടീമിനെ ആര്‍ക്കുവേണമെങ്കിലും പരാജയപ്പെടുത്താവുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന് അര്‍ജന്റൈന്‍ മുന്‍ താരം യുവാന്‍ റൊമാന്‍ റിക്വല്‍മേ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കോച്ച് പെപ് ഗ്വാര്‍ഡിയോളയേക്കാള്‍ മികച്ച പരിശീലകന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹോസെ മൗറീഞ്ഞോയാണെന്നും റിക്വല്‍മേ അഭിപ്രായപ്പെട്ടു.

അര്‍ജന്റീന ടീമിലെ ഭൂരിഭാഗം കളിക്കാരും ശരാശരിക്കാരാണെന്നും അതിനാല്‍ മെസ്സിക്ക് പരിക്കേല്‍ക്കാതിരിക്കുകയെന്നത് ആവശ്യമാണെന്നും മുന്‍ താരം പറഞ്ഞു. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മെസ്സി ഇറങ്ങിയ മൂന്ന് മത്സരങ്ങളിലും അര്‍ജന്റീന ജയിച്ചെന്നും അതേസമയം, സൂപ്പര്‍ താരത്തിന്റെ സാന്നിധ്യമില്ലാത്ത ഏഴില്‍ ആറ് കളികളിലും ദേശീയ ടീം പരാജയപ്പെട്ടെന്നും റിക്വല്‍മേ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ അര്‍ജന്റീന ബ്രസീലിനെയും കൊളംബിയയേയും നേരിടാന്‍ തയാറെടുക്കവേയാണ് റിക്വല്‍മേ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ബ്രസീലിനെ നേരിടുമ്പോള്‍ നെയ്മറെ പേടിക്കണമെന്ന് പറഞ്ഞ റിക്വല്‍മേ മെസ്സിക്ക് പകരം വയ്ക്കാന്‍ മറ്റൊരു താരമില്ലെന്നും അറിയിച്ചു. മെസ്സി ഇല്ലെങ്കില്‍ അര്‍ജന്റീനയ്ക്ക് ഇപ്പോള്‍ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെന്നും മുന്‍ താരം പറഞ്ഞു.

റിയോ ഡി ജനീറോയില്‍ വെച്ച് നാളെയാണ് അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം. ഈ മാസം പതിനഞ്ചിന് കൊളംബിയയുമായും അര്‍ജന്റീന ഏറ്റുമുട്ടും. പത്ത് ടീമുകള്‍ ഉള്‍പ്പെടുന്ന തെക്കേ അമേരിക്കയിലെ പോയിന്റ് പട്ടികയില്‍ ആറാമതാണ് അര്‍ജന്റീനയുടെ സ്ഥാനം.

Comments

comments

Categories: Sports