നായകസ്ഥാനം ഒഴിയുമെന്ന സൂചന നല്‍കി അലൈസ്റ്റര്‍ കുക്ക്

നായകസ്ഥാനം ഒഴിയുമെന്ന സൂചന നല്‍കി അലൈസ്റ്റര്‍ കുക്ക്

 

ലണ്ടന്‍: ടീം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറിയേക്കുമെന്ന സൂചന നല്‍കി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകന്‍ അലൈസ്റ്റര്‍ കുക്ക്. അതേസമയം, തുടര്‍ന്നുള്ള ടെസ്റ്റ് കരിയറില്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായി തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അലൈസ്റ്റര്‍ കുക്ക് വ്യക്തമാക്കി.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് നേതൃത്വം നല്‍കുന്നതോടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ നയിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് അലൈസ്റ്റര്‍ കുക്കിന് സ്വന്തമാകും. ഇതോടെ, 54 ടെസ്റ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ നയിച്ച മൈക്കല്‍ അതെര്‍ട്ടോണിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ കുക്കിന് സാധിക്കും.

2012ലാണ് അലൈസ്റ്റര്‍ കുക്ക് ഇംഗ്ലണ്ട് ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തത്. അതേവര്‍ഷം ടീം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തിരുന്നു. അലൈസ്റ്റര്‍ കുക്കിന്റെ നേതൃത്വത്തില്‍ 24 ടെസ്റ്റ് മത്സരങ്ങളാണ് ഇംഗ്ലണ്ട് ഇതിനോടകം വിജയിച്ചത്. ഇതില്‍ രണ്ട് ഹോം ആഷസ് പരമ്പരയും ഉള്‍പ്പെടും. 135 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 10688 റണ്‍സും ഇംഗ്ലണ്ട് നായകന്‍ സ്വന്തമാക്കി.

ടീം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പര്യടനത്തോടെയോ 2017-18 സീസണിലെ ആഷസ് പരമ്പരയോടെയോ അലൈസ്റ്റര്‍ കുക്ക് നായക സ്ഥാനത്ത് നിന്നും പിന്മാറാണമെന്ന് ഇംഗ്ലണ്ട് ടീം മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോഗന്‍ മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ഇന്ത്യയില്‍ ആതിഥേയര്‍ക്കെതിരെ ടെസ്റ്റ് കളിക്കുകയെന്നത് ഇംഗ്ലണ്ട് ടീമിന് കടുത്ത വെല്ലുവിളിയായിരിക്കുമെന്ന് അലൈസ്റ്റര്‍ കുക്ക് പറഞ്ഞു. അനുഭവ സമ്പത്തുള്ള സ്പിന്നര്‍മാര്‍ ടീമില്‍ ഇല്ലാത്തത് ഇംഗ്ലണ്ടിന്റെ പ്രധാന തിരിച്ചടിയാണെന്നും കളിയില്‍ എപ്പോഴും മികവ് പുലര്‍ത്തുന്ന ടീം ഇന്ത്യയുടെ കരുത്ത് സ്വന്തം മണ്ണില്‍ ഇരട്ടിയാകുമെന്നത് തങ്ങള്‍ക്ക് തലവേദനയാണെന്നും കുക്ക് വ്യക്തമാക്കി.

എന്നാല്‍, ഏത് പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള ശേഷി ഇംഗ്ലണ്ട് ടീമിനുണ്ടെന്ന് അലൈസ്റ്റര്‍ കുക്ക് അറിയിച്ചു. 2012ല്‍ അഹമ്മദാബാദില്‍ വെച്ച് നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന് ശേഷം ബാക്കിയുള്ള രണ്ട് കളികളിലും വിജയിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കുക്ക് ഇക്കാര്യം പറഞ്ഞത്.

അടുത്തിടെ ബംഗ്ലാദേശിനോട് പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇന്ത്യയ്‌ക്കെതിരെ മത്സരിക്കുമ്പോള്‍ ആ അനുഭവം തങ്ങളെ ബാധിക്കില്ലെന്നും ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി. അഞ്ച് ടെസ്റ്റുകളും മൂന്ന് വീതം ഏകദിന, ട്വന്റി-20 മത്സരങ്ങളുമാണ് ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയിലുള്ളത്.

Comments

comments

Categories: Sports