കരുത്തും സൗന്ദര്യവും: വോള്‍വൊ എസ്90 എത്തി

കരുത്തും സൗന്ദര്യവും: വോള്‍വൊ എസ്90 എത്തി

മുംബൈ: സ്വീഡിഷ് ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ വോള്‍വൊ തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് ലക്ഷ്വറി സെഡാനായ എസ്90 ഇന്ത്യന്‍ വിപണിയിലെത്തിച്ചു. മുംബൈ എക്‌സ്‌ഷോറൂമില്‍ 53.5 ലക്ഷം രൂപയാണ് വില. ഈ വര്‍ഷം കമ്പനി വിപണിയിലെത്തിക്കുന്ന മൂന്നാമത്തെ മോഡലാണിത്. എസ്60 ക്രോസ് കണ്‍ട്രി, എക്‌സ്‌സി90 ടി8 എക്‌സലെന്‍സ് എന്നിവയാണ് ഇതിന് മുമ്പ് ഈ വര്‍ഷം കമ്പനി വിപണിയിലെത്തിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം വില്‍പ്പനയില്‍ 20 ശതമാനം വളര്‍ച്ച കൈവരിച്ച് 1,400 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയ കമ്പനി എസ്90 കൂടുതല്‍ നേട്ടത്തിലെത്തുമെന്ന പ്രതീക്ഷയിലാണ്. ആഗോള വിപണിയില്‍ ഇതിനോടകം തന്നെ വിപണിയിലെത്തിയ എസ്90ക്കുള്ള ഡിമാന്‍ഡ് കണക്കിലെടുത്ത് ഇന്ത്യയിലേക്ക് 1,000 യൂണിറ്റുകള്‍ കൂടി എത്തിക്കുമെന്നാണ് പ്രതീക്ഷയെന്ന് വോള്‍വൊ ഓട്ടോ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ ടോം വോന്‍ ബോന്‍സ്‌ഡോര്‍ഫ് വ്യക്തമാക്കി.
ഇന്ത്യയില്‍ പ്രാദേശിക അസംബ്ലി പ്ലാന്റ് തുടങ്ങാന്‍ കമ്പനിക്ക് പദ്ധതിയില്ല. മുഴുവന്‍ കാറുകളും ഇറക്കുമതി ചെയ്താണ് വില്‍പ്പന നടത്തുക. ബോന്‍സ്‌ഡോര്‍ഫ് കൂട്ടിച്ചേര്‍ത്തു.
ലക്ഷ്വറി സെഡാന്‍ വിഭാഗത്തില്‍ ഏറ്റവും നീളം കൂടിയ മോഡലാണ് എസ്90. 4962 മില്ലീമീറ്റര്‍. മുന്‍വശത്തിന് കമ്പനിയുടെ എക്‌സ്‌സി90യുമായി സാദൃശ്യമുള്ള സ്‌കാന്‍ഡി നേവിയന്‍ ലുക്കാണ് എസ്90ക്ക് വോള്‍വൊ നല്‍കിയിരിക്കുന്നത്. എക്‌സ്‌സി90 നിര്‍മിച്ച അതേ മോഡുലാര്‍ എസ്പിവി പ്ലാറ്റ്‌ഫോമിലാണ് എസ്90യും നിര്‍മിച്ചിരിക്കുന്നത്.
190 ബിഎച്ച്പിയും 400 എന്‍എം ടോര്‍ക്കും നല്‍കുന്ന വോള്‍വൊ ഡി4 മോട്ടോര്‍ ടര്‍ബോ ചാര്‍ജഡ് നാല് സിലിണ്ടര്‍ 1969 സിസി ഡീസല്‍ എന്‍ജിനാണ് എസ്90യില്‍ നല്‍കിയിരിക്കുന്നത്. 8 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഘടിപ്പിച്ചിരിക്കുന്നത്. എസ്‌ഐപിഎസ് എയര്‍ ബാഗുകള്‍, ഇന്റലിജന്‍സ് ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, പൈലറ്റ് അസിസ്റ്റന്‍സ് എന്നിവയാണ് എസ് 90യിലുള്ള സുരക്ഷാ സംവിധാനങ്ങള്‍. ഫോര്‍ സോണ്‍ എയര്‍കണ്ടീഷനിങ്, 19 സ്പീക്കറുകളോടുകൂടിയ ബോവേഴ്‌സ് ആന്റ് വില്‍ക്കിന്‍സണ്‍ സറൗണ്ട് സൗണ്ട്, നോയ്‌സ് ക്യാന്‍സലേഷന്‍ ടെക്‌നോളജിയോടുകൂടിയ ടയറുകള്‍, റിയര്‍ പാര്‍ക്കിങ് ക്യാമറ തുടങ്ങിയവ എസ് 90യുടെ പ്രത്യേകതകളാണ്. ഔഡി എ6, ബിഎംഡബ്ല്യു ഫൈവ് സീരീസ്, മെഴ്‌സിഡസ് ഇ ക്ലാസ്, ജാഗ്വര്‍ എക്‌സ്എഫ് എന്നിവയാണ് വിപണിയില്‍ എസ്90ക്കുള്ള എതിരാളികള്‍.

Comments

comments

Categories: Auto