അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും

അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും

 

വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും വലിയ സ്വാധീനശക്തിയായ രാഷ്ട്രത്തിന്റെ ഭരണസാരഥ്യം അടുത്ത നാലുവര്‍ഷത്തേക്ക് ആരു കൈയാളുമെന്നതിന് ഇന്ന് വിധിയെഴുത്ത്. 120 ദശലക്ഷത്തിലധികം വരുന്ന അമേരിക്കന്‍ ജനത 51 പ്രവിശ്യകളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ 45-ാമത് പ്രസിഡന്റിനെ തെരഞ്ഞെടുക്കും. ഡെമൊക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപും പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുമ്പോള്‍ വളരേ എളുപ്പത്തിലുള്ള വിജയമാണ് ആദ്യഘട്ടത്തില്‍ ഡെമോക്രാറ്റുകള്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആദ്യഘട്ട പ്രചാരണങ്ങളിലും തെരഞ്ഞെടുപ്പ് സംവാദങ്ങളിലും ഏറെ പിന്നില്‍ നിന്നിരുന്ന ട്രംപ് അവസാന ഘട്ടമെത്തിയപ്പോഴേക്കും നില മെച്ചപ്പെടുത്തിയിരിക്കുന്നു. ഹിലരി 46 ശതമാനം പേരുടെ പിന്തുണയും ട്രംപ് 44 ശതമാനം പേരുടെ പിന്തുണയും സ്വന്തമാക്കിയിട്ടുണ്ടെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സവിശേഷമായ സ്ഥാനാര്‍ത്ഥിത്വങ്ങള്‍ കൊണ്ടും ഇത്തവണത്തെ യുഎസ് തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നു. കടുത്ത യാഥാസ്ഥിതികനായ ഡൊണാള്‍ഡ് ട്രംപിനെ നേരിടുന്നത് ലിബറല്‍ നിലപാടുകളിലൂടെ ശ്രദ്ധ നേടിയ ഒവനിതയായ ഹിലരിയാണ്. ലൈംഗിക ആരോപണങ്ങളും അതിരുകവിഞ്ഞ പ്രകടനങ്ങളും കടുത്തവംശീയ നിലപാടുകളുമാണ് പ്രചാരണ ഘട്ടത്തില്‍ ട്രംപിനെ പിറകോട്ടു നിര്‍ത്തിയതെങ്കില്‍ ഹിലരി ക്ലിന്റനെ പ്രതിരോധത്തിലാക്കിയത് ഇ മെയ്ല്‍ വിവാദമായിരുന്നു. 2009-13 കാലഘട്ടത്തില്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ആയിരിക്കെ ഔദ്യോഗിക വിവരങ്ങള്‍ കൈമാറുന്നതിന് സ്വകാര്യ ഇ-മെയ്ല്‍ ഉപയോഗിച്ചു എന്ന ആരോപണത്തില്‍ ഹിലരി മാപ്പു പറയുകയും ചെയ്തു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഹിലരിക്കെതിരേ കുറ്റകരമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്ന എഫ്ബി ഐയുടെ റിപ്പോര്‍ട്ടും പുറത്തുവന്നു.
കുടിയേറ്റക്കാര്‍ക്കും മുസ്ലീമുകള്‍ക്കും നേരേ സ്വീകരിക്കുന്ന കടുത്ത വംശീയ നിലപാടാണ് ട്രംപിന്റെ സാധ്യതകലില്‍ അമേരിക്കയ്ക്കു പുറത്തുള്ളവര്‍ക്ക് കൂടുതല്‍ ജിജ്ഞാസ ഉണര്‍ത്തുന്നത്. അമേരിക്കയിലെ തൊഴിലും സമ്പത്തും ചോര്‍ന്നു പോകുന്നതില്‍ ഇന്ത്യ. ചൈന, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പ്രധാന പങ്കുവഹിക്കുന്നതെന്ന് കഴിഞ്ഞ ദിവസവും പ്രചാരണത്തിനിടെ ട്രംപ് പറഞ്ഞിരുന്നു. ഐടി ജോലികളുടെ ഔട്ട്‌സോഴ്‌സിംഗിന് കടുത്ത നിയന്ത്രണങ്ങളാണ് ട്രംപ് ലക്ഷ്യംവെക്കുന്നത്. ഐബിഎം പോലുള്ള കമ്പനികളുടെ പേരെടുത്തു പറഞ്ഞാണ് ട്രംപ് ആക്രമണം നടത്തുന്നത്.
538 ഇലക്ട്രല്‍ വോട്ടുകളില്‍ 270 ഇലക്ട്രല്‍ വോട്ടുകള്‍ സ്വന്തമാക്കാനാകുന്ന സ്ഥാനാര്‍ത്ഥിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുക. ഇന്ന് അര്‍ധരാത്രിയോടെയാണ് വോട്ടിംഗ് പ്രക്രിയ മുഴുവന്‍ മേഖലകളിലും പൂര്‍ത്തിയാകുക. നാളെ രാവിലെയോടെ തന്നെ ഫലം സംബന്ധിച്ച് വ്യക്തത ലഭിക്കും. റിപ്പബ്ലിക്കന്‍ ശക്തിമേഖലയായ ജോര്‍ജിയയില്‍ നിന്നുള്ള ഫലങ്ങളാണ് ആദ്യം പുറത്തുവരിക. ഓഹിയോയിലെയും നോര്‍ത്ത്കരോലിനയിലെയും ഫലങ്ങളാണ് പിന്നീട് അറിയാന്‍ കഴിയുക. 29 ഇലക്ട്രല്‍ വോട്ടുകളുള്ള ഫ്‌ളോറിഡയിലെ ഫലമാണ് ഏറ്റവും നിര്‍ണായകമായിട്ടുള്ളത്. സ്ഥിരമായി ആരോടും ചായ്വ് പ്രകടിപ്പിക്കാത്ത മേഖലയാണിത്. 20 ഇലക്ട്രല്‍ വോട്ടുകളുള്ള പെന്‍സില്‍വാനിയ ഡെമോക്രാറ്റുകള്‍ക്ക് ഏറെ പ്രതീക്ഷയുള്ള സ്റ്റേറ്റാണ്. ന്യൂഹാംപ്‌ഷെയര്‍, അരിസോണ, ടെക്‌സാസ് തുടങ്ങിയയിടങ്ങളിലും ഡെമോക്രാറ്റുകള്‍ക്ക് മേല്‍ക്കൈ ഉണ്ട്.
മൊത്തമായി 35 ഇലക്ട്രല്‍ വോട്ടുകളുള്ള കൊളറാഡോ, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ പോലുള്ള മേഖലകള്‍ ഇത്തവണ ട്രംപിന് അനുകൂലമായി ചിന്തിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

തെരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ ചാനലുകള്‍ നടത്തിയ സര്‍വേകളുടെ ഫലവും ഹിലരി ക്ലിന്റന് മുന്‍തൂക്കം നല്‍കുന്നതാണ്. പക്ഷേ ഇ മെയ്ല്‍ വിവാദം ഏറെ കോളിളക്കം സൃഷ്ടിച്ചതും അവസാന ഘട്ടത്തില്‍ ട്രംപ് നടത്തിയ മുന്നേറ്റവും ഹിലരിയുടെ സാധ്യതകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.

Comments

comments

Categories: Slider, Top Stories

Related Articles