ഹില്ലരിക്ക് സാധ്യത: ആദ്യഫലങ്ങള്‍ നിക്ഷേപകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു

ഹില്ലരിക്ക് സാധ്യത: ആദ്യഫലങ്ങള്‍ നിക്ഷേപകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു

 

വാഷിംഗ്ടണ്‍: ലോകത്തെ സമ്പന്ന ജനത തിങ്കളാഴ്ച രാവിലെയോടെ ഒറ്റ ദിവസം കൊണ്ട് നേടിയത് 35.4 ബില്യണ്‍ ഡോളറിന്റെ അധിക വരുമാനം. മഹാകോടീശ്വരനായ ഡൊണാള്‍ഡ് ട്രംപിനെ മറികടന്ന് ഹില്ലരി ക്ലിന്റണ്‍ യുഎസ് പ്രസിഡന്റാകുമെന്ന സാധ്യത ഓഹരി വിപണികളെ ഉണര്‍ത്തിയതാണ് നേരം ഇരുട്ടിവെളുത്തപ്പോള്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി മാറുന്നതിന് കാരണമായത്. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് സൂചികയിലെ ഇവരുടെ സംയോജിത ആസ്തി 0.8 ശതമാനം വര്‍ധിച്ച് 4.4 ട്രില്യണ്‍ ഡോളറിലെത്തുന്ന നിലയിലാണ് ന്യൂയോര്‍ക് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ തിങ്കളാഴ്ച വ്യാപാരം അവസാനിച്ചത്.

ഇ-മെയില്‍ വിഷയത്തില്‍ എഫ്ബിഐ കുറ്റവിമുക്തയാക്കിയതോടെ ഹില്ലരി ക്ലിന്റണ്‍ തന്നെ പ്രസിഡന്റാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു നിക്ഷേപകര്‍. ഇന്നലെ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യം പുറത്തുവന്ന ഫലങ്ങള്‍ ഹിലരിക്ക് അനുകൂലമായതും ആഗോളതലത്തില്‍ ഓഹരിവിപണിക്ക് ഊര്‍ജ്ജം പകര്‍ന്നു. ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ച സംഭാവനകള്‍ കണക്കിലെടുക്കുമ്പോള്‍ യുഎസ് കോടീശ്വരന്‍മാര്‍ ഹില്ലരി ക്ലിന്റണ്‍ വൈറ്റ് ഹൗസിലെത്തുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാകും.

ഹില്ലരി ക്ലിന്റണ്‍ പ്രസിഡന്റായാല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തെ നിയന്ത്രണ നടപടികളില്‍ മാറ്റം വരാന്‍ സാധ്യതയില്ലെന്നും സമ്പദ് വ്യവസ്ഥയിലെ ഇടപെടലുകള്‍ ട്രംപിനേക്കാള്‍ കുറവായിരിക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നതെന്ന് മസ്സാചുസെറ്റ്‌സിലെ കാബറ്റ് വെല്‍ത്ത് മാനേജ്‌മെന്റ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ റോബര്‍ട്ട് ലട്ട്‌സ് അഭിപ്രായപ്പെടുന്നു.

ബ്ലൂംബെര്‍ഗ് വെല്‍ത്ത് റാങ്കിംഗില്‍ മൂന്നിലൊന്നും യുഎസ് ബില്യണയര്‍മാണ്. 22 ബില്യണ്‍ ഡോളര്‍ അധിക വരുമാനമെന്ന നേട്ടമാണ് ഇവര്‍ കരസ്ഥമാക്കിയത്. 2.6 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 68.2 ബില്യണ്‍ ഡോളറോടെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബിസോസ് യുഎസ് ധനികരുടെ ലോകത്ത് മൂന്നാമതെത്തി. 1.5 ബില്യണ്‍ ഡോളര്‍ അധികം നേടി 86.3 ബില്യണ്‍ ഡോളറോടെ ബില്‍ ഗേറ്റ്‌സ് പട്ടികയില്‍ ഒന്നാമതെത്തി. വാറന്‍ ബഫറ്റ് 1.5 ബില്യണ്‍ ഡോളര്‍ കൂടുതല്‍ നേടി 66 ബില്യണ്‍ ഡോളറിലേക്കുയര്‍ന്നു.

ഡൊണാള്‍ഡ് ട്രംപ് തോല്‍ക്കുമെന്ന് ഉറച്ച് പ്രതീക്ഷിക്കുന്ന മെക്‌സിക്കോയിലെ ടെലികോം പ്രമുഖന്‍ കാര്‍ലോസ് സ്ലിം 2.5 ബില്യണ്‍ ഡോളര്‍ അധികം കരസ്ഥമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മെക്‌സിക്കന്‍ കുടിയേറ്റക്കാരെ ഡൊണാള്‍ഡ് ട്രംപ് ബലാത്സംഗക്കാരെന്ന് അധിക്ഷേപിച്ചിരുന്നു. താന്‍ വിജയിച്ചാല്‍ മെക്‌സിക്കോയുമായുള്ള ബന്ധം പുനഃപരിശോധിക്കുമെന്നും പറയുകയുണ്ടായി.

Comments

comments

Categories: Slider, Top Stories