യുഎസ് തെരഞ്ഞെടുപ്പ്: രണ്ട് വോട്ട് ബഹിരാകാശത്തുനിന്ന്

യുഎസ് തെരഞ്ഞെടുപ്പ്:  രണ്ട് വോട്ട് ബഹിരാകാശത്തുനിന്ന്

 

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ രണ്ട് വോട്ട് ബഹിരാകാശത്തുനിന്നായിരുന്നു. യുഎസ്സില്‍ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പുതന്നെ, മണിക്കൂറില്‍ 17,000 മൈല്‍ വേഗതയില്‍ ഭൂമിയെ വലംവെച്ചുകൊണ്ടിരിക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയത്തില്‍നിന്ന് രണ്ട് യുഎസ് ബഹിരാകാശ യാത്രികര്‍ വോട്ട് ചെയ്തുകഴിഞ്ഞിരുന്നു. ബഹിരാകാശ യാത്രികനായ ഷെയ്ന്‍ കിംബ്രോ ഇലക്ടോണിക് ആബ്‌സെന്റീ ബാലറ്റ് ഉപയോഗിച്ച് വോട്ട് ചെയ്‌തെന്ന് നാസ അറിയിച്ചു. കൂടെയുണ്ടായിരുന്ന ബഹിരാകാശ യാത്രിക കെയ്റ്റ് റൂബിന്‍സ് കഴിഞ്ഞയാഴ്ച്ച ഭൂമിയിലേക്ക് തിരിക്കുന്നതിന് മുമ്പ് വോട്ട് ചെയ്തിരുന്നു.

വോട്ട് ചെയ്ത ഇരുവരും ജോണ്‍സണ്‍ സ്‌പേസ് സെന്റര്‍ സ്ഥിതി ചെയ്യുന്ന ഹൂസ്റ്റണ്‍ നിവാസികളാണ്. 1997 ല്‍ ടെക്‌സാസ് നിയമസഭയാണ് ബഹിരാകാശ യാത്രികര്‍ക്ക് വോട്ട് ചെയ്യാനാവുംവിധം സഭയില്‍ ബില്ല് കൊണ്ടുവന്ന് പാസാക്കിയെടുത്തത്. ബഹിരാകാശ യാത്രികരുടെ വോട്ടിംഗ് നടപടിക്രമങ്ങള്‍ അവര്‍ പുറപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പ് തുടങ്ങിയിരുന്നു. ലോക്കല്‍, സ്‌റ്റേറ്റ്, ഫെഡറല്‍ എന്നിവയില്‍ ഏത് തെരഞ്ഞെടുപ്പിലാണ് വോട്ട് ചെയ്യുന്നതെന്ന് ഇവര്‍ തെരഞ്ഞെടുത്തിരുന്നു.

ആറ് മാസം മുമ്പ് ഇവര്‍ക്ക് പ്രത്യേക ഫോം നല്‍കി. വോട്ടര്‍ രജിസ്‌ട്രേഷനും ആബ്‌സെന്റീ ബാലറ്റിനും അപേക്ഷിക്കാനുള്ളതായിരുന്നു ഈ ഫോം എന്ന് നാസ വ്യക്തമാക്കി. 1997ല്‍ തന്നെ ബഹിരാകാശ വോട്ടിംഗ് നടന്നിരുന്നു. റഷ്യയുടെ മിര്‍ ബഹിരാകാശ നിലയത്തില്‍നിന്ന് അമേരിക്കന്‍ ബഹിരാകാശ യാത്രികനായ ഡേവിഡ് വൂള്‍ഫ് ആണ് ഇത്തരത്തില്‍ ആദ്യമായി വോട്ട് ചെയ്തത്.

Comments

comments

Categories: Slider, World