പ്രീമിയം ബൈക്ക്:  ഒരു കൈ നോക്കാന്‍ ടിവിഎസ്

പ്രീമിയം ബൈക്ക്:   ഒരു കൈ നോക്കാന്‍ ടിവിഎസ്

ജയ്പൂര്‍: ഇരുചക്ര വാഹന വിപണിയില്‍ പ്രീമിയം ബൈക്ക് സെഗ്‌മെന്റ് മികച്ച വളര്‍ച്ച കൈവരിക്കുന്ന സാഹചര്യത്തില്‍ ഒരു കൈ നോക്കാനൊരുങ്ങുകയാണ് ടിവിഎസ്. അപ്പാഷെയിലൂടെ സാന്നിധ്യം ഉണ്ടെങ്കിലും വിപണി പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ കരുത്തരായ മോഡലുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ കമ്പനിയുടെ ആദ്യ 310 സിസി മോട്ടോര്‍സൈക്കിളായ ടിവിഎസ് അകുല വിപണിയിലെത്തിക്കാനാണ് ടിവിഎസ് തയാറെടുക്കുന്നത്.

നൂതന രൂപകല്‍പ്പനയും, സ്റ്റൈലും, കരുത്തുമുള്ള ബൈക്കുകളാണ് നഗരങ്ങളിലുള്ള യുവത ആവശ്യപ്പെടുന്നത്. 150 സിസിക്ക് മുകളിലുള്ള പ്രീമിയം ബൈക്കുകള്‍ ഇവരെ ലക്ഷ്യം വെച്ചാണ് വിപണയിലെത്തുന്നതും. കമ്പനിയുടെ അപ്പാഷെ ആര്‍ടിആര്‍ 200സിസിക്കുള്ള ഡിമാന്‍ഡില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ഇതിനോടകം തന്നെ 4,000 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയ ഈ മോഡല്‍ അടുത്ത മാസങ്ങളില്‍ 8,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യും. ടിവിഎസ് മോട്ടോര്‍സ് മോട്ടോര്‍സൈക്കിള്‍സ് വിഭാഗം മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് അരുണ്‍ സിദ്ധാര്‍ത്ഥ് വ്യക്തമാക്കി.

ടിവിഎസ് അകുല
ഇക്കഴിഞ്ഞ ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ടിവിസ് അകുല കമ്പനി അവതരിപ്പിച്ചത്. ഹോട്ടസ്റ്റ് ലുക്ക് എന്ന് വാഹന ഡിസൈനര്‍മാര്‍ വിലയിരുത്തിയ മോഡല്‍ കമ്പനിയുടെ 33 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം അടിസ്ഥാനമാക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ടിവിഎസിന്റെ തമിഴ്‌നാട് പ്ലാന്റിലാകും അകുലയുടെ നിര്‍മാണം. ആഡംബര വാഹന നിര്‍മാതാക്കളായ ജര്‍മന്‍ കമ്പനി ബിഎംഡബ്ല്യുവുമായി ചേര്‍ന്നാണ് അകുല നിര്‍മിക്കുന്നത്. ഇരു കൂട്ടരും ഒരേ പ്ലാറ്റ്‌ഫോമാണ് ഉപയോഗിക്കുക എങ്കിലും രൂപകല്‍പ്പനയില്‍ രണ്ടും വ്യത്യസ്തമായിരിക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയത്. കെടിഎം ആര്‍സി 390, കവാസാക്കി നിഞ്ജ, യമഹ ആര്‍3 എന്നിവയാകും വിപണിയില്‍ അകുലയ്ക്ക് എതിരാളികളാവുക.
ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്, യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്ക്, റിയര്‍ മോണോഷോക്ക് തുടങ്ങിയ ഫീച്ചറകള്‍ ഒരുക്കി അകുലയെ ടിവിഎസ് കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 34 ബിഎച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കും നല്‍കുന്ന ബിഎംഡബ്ല്യു വികസിപ്പിച്ചെടുത്ത 313 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് പെട്രോള്‍ എന്‍ജിനിലാണ് അകുല എത്തുക. വിലയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ലെങ്കിലും രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലാകും വിലയെന്നാണ് വിലയിരുത്തലുകള്‍.

Comments

comments

Categories: Auto