ടാറ്റ ഗ്രൂപ്പ്, ആശയക്കുഴപ്പം നീക്കണം

ടാറ്റ ഗ്രൂപ്പ്, ആശയക്കുഴപ്പം നീക്കണം

 

രത്തന്‍ ടാറ്റയെപ്പോലെ അനുഭവസമ്പത്തും നൈപുണ്യ മികവും നേതൃത്വ ഗുണവുമുള്ള ബിസിനസ് സാരഥികള്‍ രാജ്യത്ത് കുറവാണ്. അതില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകാനിടയില്ല. ഇന്ത്യയുടെ വികസന പ്രക്രിയയില്‍ ടാറ്റയെന്ന പ്രസ്ഥാനം സ്തുത്യര്‍ഹമായ പങ്കും വഹിച്ചിട്ടുണ്ട്. എന്നാല്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് അപ്രതീക്ഷിതമായി സൈറസ് മിസ്ട്രിയെ പുറത്താക്കിയ ശേഷം ടാറ്റ ഗ്രൂപ്പില്‍ തുടരുന്ന ആശയക്കുഴപ്പങ്ങളും അനിശ്ചിതാവസ്ഥയും ഇതുവരെ നീങ്ങിയിട്ടില്ല. ഗ്രൂപ്പിനു കീഴിലെ പല കമ്പനികളുടെയും ചെയര്‍മാന്‍ സ്ഥാനം ഇപ്പോഴും സൈറസ് മിസ്ട്രിക്ക് തന്നെയാണ്. മാത്രമല്ല ടാറ്റ ഗ്രൂപ്പ് കമ്പനികളിലെ സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ കടുത്ത ആശയക്കുഴപ്പത്തിലുമാണ്.

മിസ്ട്രിയുടെ പുറത്താക്കലിന് ശേഷം ഗ്രൂപ്പിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് കത്തയക്കാന്‍ രത്തന്‍ ടാറ്റ തയാറായിരുന്നു. എന്നാല്‍ സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ക്ക് ഇതുവരെ ഇത്തരത്തില്‍ യാതൊരുവിധ ആശയവിനിമയവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്തുകൊണ്ട് മിസ്ട്രിയെ പുറത്താക്കിയെന്നതിനെക്കുറിച്ച് യാതൊരു വിശദീകരണവും പല സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ഒരു ദേശീയ സാമ്പത്തിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്. പല സ്വതന്ത്ര ഡയറക്റ്റര്‍മാരും മിസ്ട്രിയെ നിലനിര്‍ത്തണമെന്ന അഭിപ്രായക്കാരാണ് എന്നതായിരിക്കാം ഇതിന് കാരണം.
ഗ്രൂപ്പില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങളും ഗ്രൂപ്പ് കമ്പനികളുടെ അധികാര ഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സുതാര്യതയോടെ പരിഹരിക്കാന്‍ രത്തന്‍ ടാറ്റ ഉടന്‍ തയാറാകണം. അല്ലെങ്കില്‍, ആത്യന്തികമായി അത് ടാറ്റ ഗ്രൂപ്പിന്റെ പ്രതിച്ഛായയെയാണ് ബാധിക്കുക.

Comments

comments

Categories: Editorial