ടെസ്റ്റ് റദ്ദാക്കേണ്ടി വരുമെന്ന് ബിസിസിഐ; ഫണ്ട് അനുവദിക്കാന്‍ അനുമതി

ടെസ്റ്റ് റദ്ദാക്കേണ്ടി വരുമെന്ന് ബിസിസിഐ; ഫണ്ട് അനുവദിക്കാന്‍ അനുമതി

ന്യൂഡെല്‍ഹി: രാജ്‌കോട്ടില്‍ വെച്ച് നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ നടത്തിപ്പിനായി 52 ലക്ഷം രൂപ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് നല്‍കാന്‍ ബിസിസിഐ ക്ക് സുപ്രീംകോടതിയുടെ അനുമതി. പണം അനുവദിച്ചില്ലെങ്കില്‍ മത്സരം റദ്ദാക്കേണ്ടി വരുമെന്ന് ബിസിസിഐ ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീംകോടതിയെ അറിയിച്ചു. ഈ വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും കപില്‍ സിബല്‍ കോടതിയെ ധരിപ്പിച്ചു.

ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതു വരെ ഫണ്ടുകള്‍ അനുവദിക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം ഒക്‌റ്റോബര്‍ 21ലെ കോടതി വിധിക്കെതിരായാണ് ബിസിസിഐ മുന്നോട്ടുപോകുന്നതെന്ന് ലോധ കമ്മിറ്റി സെക്രട്ടറിയും അഭിഭാഷകനുമായ ഗോപാല്‍ സുബ്രഹ്മണ്യം ആരോപിച്ചു.

കഴിഞ്ഞ മാസമാണ് മത്സരങ്ങള്‍ക്കുള്ള പണം ബിസിസിഐ സംസ്ഥാന അസോസിയേഷനുകള്‍ക്ക് നല്‍കുന്നതിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. ഏക്കൗണ്ടുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സ്വതന്ത്ര ഓഡിറ്ററെ നിയമിക്കണമെന്ന നിര്‍ദേശവും കോടതി മുന്നോട്ടുവച്ചിരുന്നു.

Comments

comments

Categories: Slider, Top Stories