ഉത്സവകാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 40 ശതമാനം വര്‍ധിച്ചു

ഉത്സവകാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 40 ശതമാനം വര്‍ധിച്ചു

 

ന്യൂഡെല്‍ഹി: ഇക്കഴിഞ്ഞ ഉത്സവ സീസണില്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന കുതിച്ചുയര്‍ന്നു. 22,000 രൂപയ്ക്ക് താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളാണ് വിവിധ സ്‌റ്റോറുകളിലൂടെയും ഓണ്‍ലൈന്‍ വഴിയും ഏറെ വിറ്റഴിഞ്ഞത്. നവരാത്രി ആരംഭത്തോടെ തുടങ്ങി ദീപാവലിയോടെ സമാപിച്ച ഉത്സവ സീസണില്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയെ അപേക്ഷിച്ച് 40 ശതമാനത്തോളം വര്‍ധന ഉണ്ടായതായി ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും വന്‍കിട റീട്ടെയ്‌ലര്‍മാരും വ്യക്തമാക്കി. ഡിസംബറില്‍ അവസാനിക്കുന്ന മൂന്നാം സാമ്പത്തിക പാദത്തില്‍ ഈ വില്‍പ്പന പ്രതിഫലിക്കും.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കിതപ്പ് അനുഭവിച്ച സ്മാര്‍ട്ട്‌ഫോണ്‍ വിപണിക്ക് ഉത്സവകാല കണക്ക് ആശ്വാസം പകരും. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി വില്‍പ്പനയേക്കാള്‍ ഈ വര്‍ഷം മൈക്രോമാക്‌സ് സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന 40 ശതമാനം വര്‍ധിച്ചതായും യു സ്മാര്‍ട്ട്‌ഫോണുകളെ കൂടി പരിഗണിച്ചാല്‍ ഇത് 60 ശതമാനത്തോളം വരുമെന്നും മൈക്രോമാക്‌സ് ഇന്‍ഫോമാറ്റിക്‌സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ശുഭജിത് സെന്‍ പറഞ്ഞു.

വിപണിയില്‍ മുന്നിട്ടു നില്‍ക്കുന്ന സാംസംഗിന്റെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ മൂല്യവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കണ്‍സ്യൂമര്‍ ഇലക്ടോണിക്‌സ് വിഭാഗത്തിലെ വില്‍പ്പനയും 30 ശതമാനവും വര്‍ധന കൈവരിച്ചു. എന്നാല്‍ കമ്പനി വില്‍പ്പനയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. ഇന്‍ടെക്‌സ്, കാര്‍ബണ്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന യഥാക്രമം 14 ശതമാനവും 20 ശതമാനവും വര്‍ധിച്ചു. പാനസോണിക്, ഷിയോമി, ലീക്കോ എന്നിവയുടെ വില്‍പ്പന ഈ ഉത്സവകാലത്ത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം ഉയര്‍ന്നു.

മുന്‍നിര കമ്പനികളും വിപണിയില്‍ പുതുതായി പ്രവേശിച്ച ചൈനീസ് ബ്രാന്‍ഡുകളും ഉല്‍സവ സീസണിന് മുന്നോടിയായി പുതിയ മോഡലുകള്‍ അവതരിപ്പിച്ചതും വില്‍പ്പന കുത്തനെ വര്‍ധിക്കുന്നതിന് കാരണമായി. 4ജി ഫോണുകളില്‍ വോയ്‌സ് ഓവര്‍ എല്‍ടിഇ സൗകര്യം ലഭ്യമായതും ഈ വര്‍ഷം നല്ല രീതിയില്‍ മണ്‍സൂണ്‍ ലഭിച്ചതിനാല്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിച്ചതും രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയെ സഹായിച്ചു.
2015-16 വര്‍ഷത്തേക്കാള്‍ ഈ ദീപാവലി കാലത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ 125 ശതമാനം വളര്‍ച്ചയാണ് പ്രകടമായതെന്ന് കണ്‍സ്യൂമര്‍ ഇലക്ടോണിക്‌സ് മാനുഫാക്ച്ചറിംഗ് അസ്സോസിയേഷന്റെ മൊബൈല്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രവീന്ദര്‍ സുത്ഷി പ്രസ്താവിച്ചു.

Comments

comments

Categories: Trending