ക്വിഡ് ഓട്ടോമാറ്റിക്കായി എത്തുമ്പോള്‍

ക്വിഡ് ഓട്ടോമാറ്റിക്കായി എത്തുമ്പോള്‍

 

ഇന്ത്യന്‍ വിപണിയില്‍ റെനോയുടെ ശുക്രന്‍ തെളിഞ്ഞത് എന്‍ട്രി ഹാച്ച്ബാക്ക് വിഭാഗത്തിലേക്ക് ക്വിഡ് എത്തിച്ചതോടെയാണ്. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ ലുക്കിലുള്ള ചെറുകാര്‍ വിപണിയില്‍ രണ്ട് കയ്യും നീട്ടിയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചത്. വിലയില്‍ കുറവും ലുക്കില്‍ കേമനും എന്ന രീതിയിലെത്തിയ ക്വിഡ് വന്‍ വില്‍പ്പന വളര്‍ച്ച നേടി. എന്തിന്, ഫ്രാന്‍സ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ഏഴാക്കി ഉയര്‍ത്തിയതും ഈ ക്വിഡ് തന്നെയാണ്.
മാരുതി സുസുക്കി അള്‍ട്ടോ മേധാവിത്വം പുലര്‍ത്തുന്ന ഈ സെഗ്‌മെന്റില്‍ ക്വിഡ് വന്‍ ചലനമാണ് സൃഷ്ടിച്ചത്. ആള്‍ട്ടോയ്ക്ക് വെല്ലുവിളി ഉയര്‍ത്താനുള്ള ശേഷി ഇനിയും ആര്‍ജിക്കാനുണ്ടെങ്കിലും ആവനാഴിയില്‍ ഇനയും അമ്പുണ്ടെന്നാണ് റെനോ ക്വിഡിന് നല്‍കുന്ന അപ്‌ഡേഷനുകളിലൂടെ വ്യക്തമാകുന്നത്. തുടക്കത്തില്‍ 800 സിസ എന്‍ജിനോടെയാണ് വിപണിയിലെത്തിയിരുന്നതെങ്കില്‍ പിന്നീട് 1.0 ലിറ്റര്‍ എന്‍ജിനും കമ്പനി എത്തിച്ചു. ഇപ്പോഴിതാ, ഒരു ലിറ്റര്‍ എന്‍ജിന്‍ പതിപ്പിന് ഓട്ടോമാറ്റിക് വേരിയന്റ് പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഈസി-ആര്‍ എന്ന പേരിലാണ് ഓട്ടോമാറ്റിക് ക്വിഡ് എത്തുന്നത്. വിശേഷങ്ങളിലേക്ക്…

ബോസ്‌ക്ക് ആര്‍എംറ്റി
റെനോ ക്വിഡ് ഓട്ടോമാറ്റിക് അല്ലെങ്കില്‍ ഈസി-ആര്‍ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനിലുള്ള ചെറുകാറാണ്. മാനുവല്‍ ഗിയര്‍ബോക്‌സ് മോഡലിന് ബോസ്‌ക്ക് ആര്‍എംറ്റി ഷിഫ്റ്റഡ് മൊഡ്യൂല്‍ നല്‍കിയാണ് റെനോ പുതിയ പതിപ്പെത്തിക്കുന്നത്. ഇതുവരെയുള്ള ക്വിഡ് മോഡലുകളില്‍ ഡ്രൈവിംഗിന് ഏറ്റവും കംഫര്‍ട്ട് എന്നാണ് ടെസ്റ്റ്‌ഡ്രൈവ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
റോട്ടറി നോബ്
പരമ്പരാഗത ഗിയര്‍ ഷിഫ്റ്റര്‍ ലിവറിന് പകരം പുതിയ രീതിയാണ് ക്വിഡ് ഈസി-ആര്‍ (എഎംടി) പതിപ്പിന് കമ്പനി നല്‍കിയിരിക്കുന്നത്. അതായത്, ഡാഷ്‌ബോര്‍ഡില്‍ നല്‍കിയിരിക്കുന്ന റോട്ടറി നോബാണ് ഡ്രൈവര്‍ക്ക് ഡ്രൈവ് ഓപ്ഷന്‍ നല്‍കുന്നത്. റിവേഴ്‌സ്, ന്യൂട്ടറല്‍, ഡ്രൈവ് എന്നീ മൂന്ന് മോഡുകള്‍ ഈ നോബില്‍ ക്രമീകരിക്കാന്‍ സാധിക്കും. ജാഗ്വര്‍ ലാന്‍ഡ് റോവറില്‍ നല്‍കിയിരിക്കുന്ന രീതിയിലാണിത്. ജാഗ്വര്‍ വില കൂടിയ മോഡലാണ്, ക്വിഡ് വില കുറഞ്ഞ മോഡലും.

സ്‌പോര്‍ട്‌സ് മോഡില്ല
ഗിയര്‍ സെലക്ഷന് മൂന്ന് ഓപ്ഷനുകള്‍ മാത്രം നല്‍കുന്ന ക്വിഡ് എഎംറ്റി മറ്റു ഓട്ടോമാറ്റിക് കാറുകളിലുള്ള സ്‌പോര്‍ട്‌സ് മോഡ് ഡ്രൈവിംഗ് ഓപ്ഷന്‍ നല്‍കുന്നില്ല. ആവേശം കാണിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പറ്റിയ വാഹനമല്ല ക്വഡ് ഈസി-ആര്‍ എന്നര്‍ത്ഥം. മാത്രമല്ല, മാനുവല്‍ ഷിഫ്റ്റ് ഓപ്ഷനും ഇതില്‍ കമ്പനി നല്‍കിയിട്ടില്ല. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ ഈ സാധാരണ ഗിയര്‍ബോക്‌സ് വാഹനങ്ങളോട് അത്ര പ്രിയം തോന്നില്ലത്രെ.

ബ്രേക്ക് ഹോള്‍ഡ്
ബ്രേക്ക് ഹോള്‍ഡ് ഫീച്ചറാണ് ക്വിഡിന്റെ മറ്റൊരു പ്രത്യേക. ഡ്രൈവര്‍ ത്രോട്ടില്‍ പെഡല്‍ ഉപയോഗിക്കാതെ വണ്ടി ഒരിഞ്ച് അനങ്ങില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബ്രേക്ക് പെഡലില്‍ കാലമര്‍ത്തിപ്പിടിക്കാതെ തന്നെ വണ്ടി അനങ്ങാതിരിക്കാനുള്ള ഓപ്ഷനാണിത്. പുതിയ ഡ്രൈവര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്ന ഈ ഓപ്ഷന്‍ ഏറ്റവും മികച്ച ഫീച്ചറാണെന്നാണ് വാഹന ലോകത്തുള്ള അഭിപ്രായങ്ങള്‍.

എന്‍ജിന്‍
800 സിസി എന്‍ജിനിലല്ല ഓട്ടോമാറ്റിക്ക് വെര്‍ഷനുള്ളത്. 1.0 ലിറ്ററിലാണ്. പരമാവധി 67 ബിഎച്ച്പി കരുത്തും പീക്ക് ടോര്‍ക്കില്‍ 91 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കും. മുന്‍വശത്തെ ചക്രങ്ങള്‍ തിരിപ്പിച്ചാണ് വണ്ടി മുന്നോട്ട് പോകുന്നത്. അതിന് അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സാണുള്ളത്.

ഗിയര്‍ ഷിഫ്റ്റിംഗ്
ആദ്യ രണ്ട് ഗിയറുകളില്‍ ക്വിഡിന് നേരിയ വിറയല്‍ അനുഭവപ്പെടുമെങ്കിലും പിന്നീടുള്ള ഗിയറുകള്‍ വാഹനം കൂടുതല്‍ സ്മൂത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റു വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ക്വിഡിന് ഈ തിരിച്ചടി നേരിടേണ്ടി വരും. എന്‍ജിന്‍ അത്ര മികച്ചതല്ലെങ്കിലും മികച്ച രീതിയില്‍ ബാലന്‍സ് ചെയ്തിട്ടുണ്ട്.

ലഭ്യത
ക്വിഡിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പായ ആര്‍എക്‌സ്ടി വേരിയന്റില്‍ മാത്രമാണ് ഓട്ടോമാറ്റിക് പതിപ്പ് ലഭ്യമാവുക. സ്റ്റാന്‍ഡേര്‍ഡ് ആര്‍എക്‌സ്ടിയേക്കാള്‍ വില വരുമെന്നാണ് വിലയിരുത്തലുകള്‍. നാല് ലക്ഷം രൂപയ്ക്ക് മുകളില്‍ പ്രതീക്ഷിക്കാം. ഉപഭോക്താക്കളുടെ ഡിമാന്‍ഡിന് അനുസരിച്ച് ലോവര്‍ വേരിയന്റുകളിലും ഓട്ടോമാറ്റിക് പ്രതീക്ഷിക്കാം.

ഫീച്ചറുകള്‍
സ്റ്റാന്‍ഡേര്‍ഡ് ആര്‍എക്‌സ്ടിക്ക് ലഭിക്കുന്ന എല്ലാ ഫീച്ചറുകളും ഓട്ടോമാറ്റികില്‍ ലഭ്യമാണ്. നാവിഗേഷന്‍ സൗകര്യമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മികച്ച ഇന്റീരിയര്‍ സ്‌പെയ്‌സ്, ഉയര്‍ന്ന ബൂട്ട്‌സ്‌പെയ്‌സ് എന്നിവയുണ്ട്. ഗിയര്‍ ഇല്ലാത്തതിനാല്‍ സെന്റര്‍ കണ്‍സോളില്‍ കൂടുതല്‍ സ്ഥലമുണ്ടാകും.
ഡിസൈന്‍
എന്‍ജിനിലും മറ്റും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും രൂപത്തില്‍ ഒരു മാറ്റവും ക്വിഡ് ഓട്ടോമാറ്റിക്കിന് കമ്പനി നല്‍കിയിട്ടില്ല. ഡിസൈനിലുള്ള ആകര്‍ഷണീയതയാണ് ക്വിഡിന്റെ വിജയ രഹസ്യങ്ങളില്‍ ആദ്യത്തേത്. ഒരു മോഡലിനും കമ്പനി അലോയ് വീലുകള്‍ ലഭ്യമല്ലെങ്കിലും ഡീലര്‍മാര്‍ അലോയ് വീലുകള്‍ ക്വിഡിന് നല്‍കുന്നുണ്ട്.

എതിരാളികള്‍
മാരുതി സുസുക്കി അള്‍ട്ടോ, കെ10 എഎംറ്റി, നാനോ എഎംറ്റി എന്നിവയാണ് റെനോ ക്വിഡ് ഈസി-ആറിന് വിപണിയില്‍ എതിരാളികളാവുക. മാരുതി സുസുക്കിയുടോ സെലേറിയോ, വാഗണ്‍ ആര്‍ എന്നീ മോഡലുകളുടെ ഓട്ടോമാറ്റിക് പതിപ്പ് ക്വിഡ് നല്‍കുന്ന അതേഫീച്ചറുകളാണ് നല്‍കുന്നതെങ്കിലും വിലയില്‍ ക്വിഡിനെ കടത്തി വെട്ടും.

Comments

comments

Categories: Auto