പെന്‍സില്‍ ലെഡിലെ കലാസൃഷ്ടി

പെന്‍സില്‍ ലെഡിലെ കലാസൃഷ്ടി

 

wp_20161027_12_42_44_pro-1-1മനുഷ്യന്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ള ഒരു കലയാണ് ശില്‍പ്പവിദ്യ. പണ്ട് കല്ലിലും മണ്ണിലും തടിയിലുമാണ് ശില്‍പ്പങ്ങള്‍ ഉണ്ടാക്കിയിരുന്നതെങ്കില്‍ പിന്നീട് സിമന്റും പ്ലാസ്‌ട്രോപാരിസും മറ്റും ശില്‍പ്പ നിര്‍മ്മാണരംഗത്ത് സ്ഥാനം പിടിച്ചു. കല്ലിലും മണ്ണിലും തടിയിലും സിമന്റിലുമെല്ലാം തീര്‍ത്ത നയനമനോഹരമായ ശില്‍പ്പങ്ങള്‍ നാം കണ്ടിട്ടുണ്ട്, എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യതസ്തമായ രീതിയിലുള്ള ശില്‍പ്പവിദ്യയുമായി ജനശ്രദ്ധ പിടിച്ചു പറ്റുകയാണ് പ്രണവ് ജെ പി എന്ന യുവാവ്. വരയ്ക്കാനും എഴുതാനും ഉപയോഗിക്കുന്ന പെന്‍സിലിന്റെ ഇത്തിരി പോന്ന ലെഡിലാണ് പ്രണവ് തന്റെ കലാപ്രകടനം നടത്തുന്നത്.

തെന്നിന്ത്യ മുഴുവന്‍ ഇളക്കി മറിച്ച ‘ഈച്ച’ എന്ന സിനിമയില്‍ നായിക സാമന്ത അവതരിപ്പിച്ച മൈക്രോ ആര്‍ട്ടിസ്റ്റിന്റെ വര്‍ക്കുകള്‍ പ്രേക്ഷകര്‍ കണ്ടിരുന്നു. എല്ലാവരും കണ്ട് ആസ്വദിക്കുക മാത്രം ചെയ്തപ്പോള്‍ അന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിയായ പ്രണവ് ആ വിദ്യ സ്വായത്തമാക്കണമെന്ന് തീരുമാനിച്ചു. തന്റെ ഒഴിവു സമയങ്ങളെല്ലാം പ്രണവ് അതിനായി വിനിയോഗിച്ചു. ആദ്യമെല്ലാം പരാജയമായിരുന്നു ഫലം. എന്നാല്‍ പ്രണവ് പിന്‍മാറാന്‍ തയാറായില്ല. ഇന്ത്യയില്‍ അത്ര പ്രചാരത്തിലുള്ള കലാരീതിയല്ലാത്ത മൈക്രോ ആര്‍ട്ട് പരിശീലകന്റെ സഹായമില്ലാതെ സ്വയം പ്രയത്‌നം കൊണ്ടാണ് പ്രണവ് വശത്താക്കിയത്. ചോക്കിലാണ് പ്രണവ് ആദ്യമായി തന്റെ കലാപരീക്ഷണം നടത്തിയത്. പിന്നീട് പെന്‍സിലിലും ചെയ്യാന്‍ തുടങ്ങി. ആദ്യമായി ഹൃദയത്തിന്റെ ആകൃതിയിലുള്ള ശില്‍പ്പമാണ് ഉണ്ടാക്കിയത്. പൂര്‍ത്തിയായ ശില്‍പ്പങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ചെറിയ ചില്ലു കുപ്പികളിലാണ് സൂക്ഷിച്ചുവെക്കുന്നത്. ഇപ്പോള്‍ മൂന്നു വര്‍ഷമായി പ്രണവ് ഈ രീതിയില്‍ ശില്‍പ്പങ്ങള്‍ ഉണ്ടാക്കുന്നു. ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട പ്രശ്‌സതനായ റഷ്യന്‍ ആര്‍ട്ടിസ്റ്റ് സലാവത്ത് ഫിഡായ്‌യുടെ ഉപദേശങ്ങള്‍ പ്രണവിന്റെ ശില്‍പ്പകലയെ ഏറെ സഹായിച്ചിട്ടുണ്ട്.

10504946_683730081717364_70179105026770307_oപേരുകളും മേസേജുകളും ചെയ്തുകൊടുക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ ഓഡറുകള്‍ ലഭിക്കാറുള്ളതെന്ന് പ്രണവ് പറയുന്നു. പ്രണവിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് വിപണനം. പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ട് കേരളത്തിനു പുറത്തു നിന്നും പോലും ഓഡറുകള്‍ ലഭിക്കുന്നുണ്ട്. MicroArt by jp എന്നതാണ് പ്രണവിന്റെ ഫേസ്ബുക്ക് പേജ്. കലാസൃഷ്ടികളുടെ വലുപ്പവും സമയവും അനുസരിച്ച് 500 മുതല്‍ അവയുടെ വിലയും വ്യത്യാസപ്പെട്ടിരിക്കും. പേരുകള്‍ മറ്റും ചെയ്തു കൊടുക്കുമ്പോള്‍ ഒരു അക്ഷരത്തിന് 50 മുതല്‍ 75 വരെയാണ് ചാര്‍ജ് ഈടാക്കുന്നത്. ഒരു കലാസൃഷ്ടിക്ക് ഏകദേശം എട്ടു മണിക്കൂറെങ്കിലും ചെലവഴിക്കേണ്ടി വരുമെന്ന് പ്രണവ് പറയുന്നു. ലെഡില്‍ ഏറ്റവും കൂടുതല്‍ പ്രയാസമേറിയ വര്‍ക്ക് ഫെക്‌സിബിള്‍ ചെയിനുകള്‍ തീര്‍ക്കുന്നതിനാണെന്ന് പ്രണവ് അഭിപ്രായപ്പെടുന്നു.

തീവ്ര ക്ഷമയും കൃതതയും വേണ്ട ജോലിയാണ് മൈക്രോ ആര്‍ട്ട്. ചിലപ്പോഴെല്ലാം ശില്‍പ്പ നിര്‍മ്മാണം അവസാനഘട്ടത്തിലായിരിക്കുന്ന സമയത്ത് ലെഡ് ഒടിഞ്ഞുപോകുകയും അത്രയും നേരത്തെ പ്രയത്‌നം വൃഥാവിലാകുകയും ചെയ്യാറുണ്ടെന്ന് പ്രണവ് സാക്ഷ്യപ്പെടുത്തുന്നു. ഗുണമേന്‍മയേറിയതും വീതി കൂടുിയതുമായ ലെഡുകള്‍ ഉള്ള പെന്‍സിലുകള്‍ പലതും വിപണിയില്‍ ലഭ്യമാണെങ്കിലും അവ ചെലവേറിയതായതിനാല്‍ സാധാരണ പെന്‍സിലുകളിലാണ് പ്രണവ് ശില്‍പ്പനിര്‍മ്മാണം നടത്തുന്നത്.

12274257_951578928265810_3626101031929182176_nഇലക്ട്രോണിക്‌സ് ബിരുധാരിയായ പ്രണവ് ആലപ്പുഴ അമ്പലപ്പുഴ സ്വദേശിയാണ്. കമ്പനി ജോലിക്കാരനായ അച്ഛന്‍ ജയപ്രകാശ്, അമ്മ ബിജുമോള്‍, പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനിയത്തി അപര്‍ണ എന്നിവരടങ്ങിയതാണ് പ്രണവിന്റെ കുടുംബം. തന്റെ വര്‍ക്കുകളെല്ലാം ജനങ്ങളിലെത്തിക്കുന്നതിന് ഒരു എക്‌സിബിഷന്‍ സംഘടിപ്പിക്കണമെന്നതാണ് പ്രണവിന്റെ ആഗ്രഹം.

Comments

comments

Categories: Branding, Trending