പതഞ്ജലി ആയുര്‍വേദ അസമില്‍ 1300 കോടി നിക്ഷേപിക്കും

പതഞ്ജലി ആയുര്‍വേദ  അസമില്‍ 1300 കോടി നിക്ഷേപിക്കും

ദിസ്പൂര്‍: യോഗ ഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലെ പതഞ്ജലി ആയുര്‍വേദ പുതിയ ഫാക്റ്ററി സ്ഥാപിക്കുന്നതിന് അസമില്‍ 1,300 കോടി രൂപ നിക്ഷേപിക്കും. സോണിത്പൂര്‍ ജില്ലയിലെ ബാലിപാറയിലെ പതഞ്ജലി ഹെര്‍ബല്‍ ആന്‍ഡ് മെഗാ ഫുഡ് പാര്‍ക്കിന്റെ ശിലാസ്ഥാപനം അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ നിര്‍വഹിച്ചു.

പുതിയ ഉല്‍പ്പാദന യൂണിറ്റ് 5000 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കും. ഒരു ലക്ഷം കര്‍ഷകരും ഇതിന്റെ ഗുണഭോക്താക്കളാകും. ഫുഡ് പാര്‍ക്കില്‍ നിന്നുള്ള വരുമാനം അസമില്‍ സ്‌കൂള്‍, നൈപുണ്യ വികസന കേന്ദ്രം തുടങ്ങിയവ സ്ഥാപിക്കുന്നതിന് വിനിയോഗിക്കുമെന്ന് രാംദേവ് സൂചിപ്പിച്ചു.
പതഞ്ജലിയുടെ ബലിപാറ യൂണിറ്റ് 20,000 കോടി രൂപയുടെ വാര്‍ഷിക ഉല്‍പ്പാദനം നടത്തും. ഏകദേശം 12 ലക്ഷം മെട്രിക് ടണ്‍ വാര്‍ഷിക ഉല്‍പ്പാദന ശേഷിയും അതിനുണ്ടാവും. എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കി 2017 ഫെബ്രുവരി മധ്യത്തോടെ ഫുഡ് പാര്‍ക്ക് ഔദ്യോഗികമായി തുറക്കാനാണ് കമ്പനിയുടെ പദ്ധതി. സൗന്ദര്യവര്‍ധക വസ്തുക്കള്‍, പോഷകാഹാരം, ഗൃഹോപകരണങ്ങള്‍ എന്നിവ പോലെയുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങളാണ് ഫാക്റ്ററിയില്‍ നിര്‍മിക്കുകയെന്നും രാംദേവ് വ്യക്തമാക്കി.
ആയുര്‍വേദ, മരുന്നു ചെടികളുടെ തോട്ടമുണ്ടാക്കാന്‍ പ്രാദേശിക കര്‍ഷകരോട് അഭ്യര്‍ത്ഥിക്കും. ഇത്തരത്തില്‍ കൃഷി ചെയ്യുന്നവ പതഞ്ജലിയുടെ യൂണിറ്റിലേക്ക് വിതരണം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കും. കൂടാതെ അസമിലെ ചെറുകിട തേയില കര്‍ഷകരെ തുണയ്ക്കുന്നതിന് ഗ്രീന്‍ ടീയ്ക്ക് വിപണി സാധ്യത കണ്ടെത്തുമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding