ഇന്ത്യയുടെ പകുതിയില്‍ കൂടുതല്‍ ഭാഗവും ഭൂകമ്പസാധ്യതാപ്രദേശം

ഇന്ത്യയുടെ പകുതിയില്‍ കൂടുതല്‍ ഭാഗവും ഭൂകമ്പസാധ്യതാപ്രദേശം

 

കൊച്ചി: ഇന്ത്യയുടെ പകുതിയില്‍ കൂടുതല്‍ ഭാഗങ്ങളും ഭൂകമ്പസാധ്യതാപ്രദേശങ്ങളാണെന്നും ചില നഗരങ്ങളില്‍ അപകടസാധ്യത ഉയര്‍ന്ന തോതിലാണെന്നും ആഗോളതലത്തിലെ പ്രമുഖ ദുരന്തനിവാരണ സംഘടനയായ ആര്‍എംഎസ് വിലയിരുത്തി. മൂന്നു ദിവസത്തെ ഏഷ്യന്‍ മന്ത്രിതല സമ്മേളനത്തില്‍ സംസാരിക്കവെ ആര്‍എംഎസ് ചീഫ് റിസര്‍ച്ച് ഓഫീസര്‍ ഡോ. റോബര്‍ട്ട് മ്യൂര്‍ വുഡാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മേല്‍പ്പറഞ്ഞ സാധ്യതകള്‍ കുറയ്ക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആര്‍എംഎസ് നിര്‍ദേശിച്ചു. ഉയര്‍ന്ന ഗുണമേന്മയുള്ളതും അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനായി ആര്‍എംഎസ് രൂപപ്പെടുത്തിയതുമായ മാതൃകകള്‍ ഇക്കാര്യത്തില്‍ പ്രധാനപ്പെട്ട കാല്‍വയ്പാണെന്ന് ഡോ. റോബര്‍ട്ട് മ്യൂര്‍ വുഡ് പറഞ്ഞു. ദുരന്തങ്ങള്‍ക്കെതിരേയുള്ള ഇന്‍ഷുറന്‍സ് വര്‍ധിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ പകുതിയില്‍ കൂടുതല്‍ ഭാഗവും ഭൂകമ്പസാധ്യതയുള്ളതാണ്, പ്രത്യേകിച്ച് നാല്‍പതോളം നഗരങ്ങള്‍ അപകടസാധ്യത കൂടുതലുള്ള പ്രദേശത്താണെന്നും ഡോ. റോബര്‍ട്ട് മ്യൂര്‍ വുഡ് പറഞ്ഞു. ഇന്ത്യയിലെ ജനസംഖ്യാവര്‍ധനവും വികസനവും വളരെ വേഗത്തിലായതിനാല്‍ ആവശ്യത്തിന് സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ലോകത്തിലെ മറ്റേതൊരു രാജ്യവുമായി താരതമ്യപ്പെടുത്തിയാലും ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളും വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള ഇടങ്ങളിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനപദ്ധതികളും കാലാവസ്ഥാ വ്യതിയാനവുമാണ് ഇതിനുള്ള കാരണം. ഹിമാലയന്‍ രാജ്യമായ നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതുപോലെ ഇന്ത്യയിലെ നഗരങ്ങളിലും സംഭവിക്കാം. 2001-ലെ ഗുജറാത്ത് ഭൂകമ്പം, 2005-ലെ മുംബൈ വെള്ളപ്പൊക്കം, ചെന്നൈയിലെ ജലപ്രളയം തുടങ്ങിയ സംഭവങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. സുരക്ഷയിലെ പഴുതുകള്‍ ഇന്ത്യ അടയ്ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories