ഇ-റീട്ടെയ്ല്‍ രംഗത്ത് ലയനവും ഏറ്റെടുക്കലും വര്‍ധിക്കുന്നു

ഇ-റീട്ടെയ്ല്‍ രംഗത്ത് ലയനവും ഏറ്റെടുക്കലും വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി : ഓണ്‍ലൈന്‍ റീട്ടെയ്ല്‍ രംഗത്ത് കമ്പനികളുടെ ലയനവും ഏറ്റെടുക്കലുകളും വര്‍ധിക്കുന്നു. ഈ വര്‍ഷം ഇതുവരെ പതിനൊന്ന് മെര്‍ജര്‍ & അക്വിസിഷന്‍ (എം&എ) കരാറുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് കഴിഞ്ഞ വര്‍ഷത്തിന്റെ ഇരട്ടിയോളമാണെന്ന് ട്രാക്‌സന്‍ ടെക്‌നോളജീസ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. വ്യത്യസ്തമായ ബിസിനസ് മാതൃകകളുടെ അഭാവവും പരിമിതമായ വിഭവങ്ങളുമാണ് ഇ-റീട്ടെയ്ല്‍ രംഗത്ത് ഇത്തരത്തില്‍ കൂടുതല്‍ ഏകീകരണം സംഭവിക്കുന്നതിന് കാരണമെന്നാണ് ബ്ലൂം വെഞ്ചേഴ്‌സ് സിഇഒ ആന്‍ഡ് പ്രിന്‍സിപ്പാള്‍ ആശിഷ് ഫറ്റാഡിയ വിലയിരുത്തുന്നത്.

തുടക്കക്കാലത്ത് പല മീ-ടൂ കമ്പനികള്‍ക്കും (ഒരു കമ്പനിയുടെ ജനകീയമായ ഉല്‍പ്പന്നമോ സേവനമോ സമാനമായി അവതരിപ്പിക്കുന്ന മറ്റൊരു കമ്പനി) പണം സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലും പിന്നീട് അതിന് കഴിയാതെ വന്നതായി ഫറ്റാഡിയ പറഞ്ഞു. ഇന്ത്യയിലെ കാബ് സര്‍വീസായ ഒലയുടെ ഓഹരിപങ്കാളികളിലൊന്നാണ് ബ്ലൂം വെഞ്ചേഴ്‌സ്. നേരത്തെ ഇവര്‍ ടാക്‌സിഫോര്‍ഷുവറിലും നിക്ഷേപം നടത്തിയിരുന്നു.

70 മില്യണ്‍ ഡോളറിന് ജബോങ്ങിനെ മിന്ത്ര ഏറ്റെടുത്തതും 54 മില്യണ്‍ ഡോളറിന് മഹീന്ദ്ര റീട്ടെയ്‌ലിന്റെ ബേബിഒയെ യെ ഫസ്റ്റ്‌ക്രൈ ഏറ്റെടുത്തതും 53 മില്യണ്‍ ഡോളറിന് കാരറ്റ്‌ലെയ്‌നിനെ ടൈറ്റന്‍ ഏറ്റെടുത്തതുമെല്ലാം ഈ വര്‍ഷമാണ്. സോഹ്‌റാ, പിക്ക്‌സില്‍ക്, ഗെറ്റ്‌സി എന്നിവയെ വൂണിക് ഏറ്റെടുത്തതും 2016ല്‍ത്തന്നെ. ഇന്ത്യയിലുടനീളം 300 സ്റ്റോറുകളാണ് തങ്ങള്‍ ലക്ഷ്യംവെക്കുന്നതെന്ന് ഫസ്റ്റ്‌ക്രൈ സിഇഒ സുപാം മഹേശ്വരി പറഞ്ഞു. ലയനത്തിന് മുമ്പ് ഇന്ത്യയില്‍ ഫസ്റ്റ്‌ക്രൈക്ക് 180 സ്റ്റോറുകളും ബേബിഓയ്ക്ക് 120 സ്‌റ്റോറുകളുമാണ് ഉണ്ടായിരുന്നത്.

ഈ വര്‍ഷം പ്രമുഖരായ പത്ത് ഇ-റീട്ടെയ്ല്‍ കമ്പനികള്‍ക്കും മൊത്തമായി 515.3 മില്യണ്‍ ഡോളര്‍ മാത്രമാണ് നിക്ഷേപമായി സമാഹരിക്കാനായത്. കഴിഞ്ഞ വര്‍ഷം 14 ഇ-കൊമേഴ്‌സ് കമ്പനികള്‍ ചേര്‍ന്ന് 2.32 ബില്യണ്‍ ഡോളര്‍ സമാഹരിച്ച സ്ഥാനത്താണിത്. ഈ മേഖലയിലെ നിക്ഷേപങ്ങളില്‍ നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ് ഇപ്പോള്‍. ഈ വര്‍ഷം ഇതുവരെ 3.19 ബില്യണ്‍ ഡോളര്‍ സമാഹരിച്ച് ഫ്‌ളിപ്കാര്‍ട്ടിന് നിക്ഷേപസമാഹരണത്തില്‍ രാജ്യത്ത് ഒന്നാമതെത്താന്‍ കഴിഞ്ഞു. സ്‌നാപ്ഡീല്‍ 1.76 ബില്യണ്‍ ഡോളറും പേടിഎം 950 മില്യണ്‍ ഡോളറും സമാഹരിച്ചതായി ട്രാക്‌സന്‍ ടെക്‌നോളജീസ് വ്യക്തമാക്കി.

Comments

comments

Categories: Business & Economy