ഗുജറാത്ത് പ്ലാന്റ്: സുസുക്കി മോട്ടോഴ്‌സ് 970 മില്ല്യന്‍ ഡോളര്‍ നിക്ഷേപിക്കും

ഗുജറാത്ത് പ്ലാന്റ്: സുസുക്കി മോട്ടോഴ്‌സ് 970 മില്ല്യന്‍ ഡോളര്‍ നിക്ഷേപിക്കും

 

അഹ്മദാബാദ്: സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ഗുജറാത്ത് പ്ലാന്റില്‍ 970 മില്ല്യന്‍ ഡോളര്‍ നിക്ഷേപം നടത്തും. പുതിയ പ്ലാന്റില്‍ രണ്ടാമത് പ്രൊഡക്ഷന്‍ ലൈന്‍ ആരംഭിക്കുന്നതിനാണ് ജപ്പാന്‍ കമ്പനി വമ്പന്‍ നിക്ഷേപം നടത്തുന്നത്. ഈ പ്ലാന്റിന്റെ പ്രവര്‍ത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല. പ്രമുഖ ബിസിനസ് ദിനപത്രമായ നിക്കെയ് ആണ് വാര്‍ത്ത പുറത്തുവിട്ടത്.
അടുത്ത വര്‍ഷത്തോടെ ആരംഭിക്കുന്ന ആദ്യ പ്ലാന്റില്‍ നിര്‍മിക്കുന്ന അത്രയും വാഹനങ്ങള്‍ തന്നെയാണ് രണ്ടാം ലൈനിലും നിര്‍മിക്കുക. 2019ലാണ് രണ്ടാം ലൈനിന്റെ നിര്‍മാണം പൂര്‍ത്തിയാവുക. നിര്‍മാണ ശേഷി വര്‍ധിപ്പിക്കുന്നതോടെ മാരുതി പ്രതിവര്‍ഷം നിര്‍മിക്കുന്ന കാറുകളുടെ എണ്ണം രണ്ട് മില്ല്യനായി ഉയരും.
പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലുള്ള ബലേനൊയടക്കം കയറ്റുമതി ചെയ്യുന്ന വാഹനങ്ങളാണ് ഈ പ്ലാന്റില്‍ന നിര്‍മിക്കുക. രാജ്യത്തെ മുഖ്യ തുറമുഖമുള്ള ഗുജറാത്തിലുള്ള പ്ലാന്റിന് കമ്പനി മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും നിക്കെയ് റിപ്പോര്‍ട്ടിലുണ്ട്.
സുസുക്കിയുടെ ഇന്ത്യന്‍ യൂണിറ്റായ മാരുതി സുസുക്കി ഇന്ത്യ ഗുജറാത്ത് പ്ലാന്റിനായി ഏകദേശം 1,800 കോടി രൂപയോളം കഴിഞ്ഞ ഡിസംബറില്‍ നീക്കിവെച്ചിട്ടുണ്ട്. ഓരോന്നിലും 250,000 യൂണിറ്റുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ആറ് പ്രൊഡക്ഷന്‍ ലൈനകള്‍ നിര്‍മിക്കാനാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളമായ മാരുതി സുസുക്കി വന്‍ വളര്‍ച്ചയാണ് ഇന്ത്യയില്‍ നേടിക്കൊണ്ടിരിക്കുന്നത്.

Comments

comments

Categories: Branding