ഇന്ത്യ-യുകെ സഹകരണം: ശാസ്ത്ര, സാങ്കേതിക, നൂതന സംരംഭങ്ങള്‍ക്കു നിര്‍ണായക പങ്ക്

ഇന്ത്യ-യുകെ സഹകരണം: ശാസ്ത്ര, സാങ്കേതിക, നൂതന സംരംഭങ്ങള്‍ക്കു നിര്‍ണായക പങ്ക്

ന്യൂഡെല്‍ഹി: ഇന്ത്യയുമായുള്ള ബ്രിട്ടന്റെ ഉഭയകക്ഷി സഹകരണത്തില്‍ ശാസ്ത്ര,സാങ്കേതിക, നൂതന സംരംഭങ്ങള്‍ നിര്‍ണായക പങ്കു വഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-യുകെ ടെക് ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സംരംഭകത്വ പ്രോത്സാഹനത്തിന് ശാസ്ത്രവും സാങ്കേതികതയും അത്യാവശ്യമാണെന്ന് മോദി ചൂണ്ടിക്കാട്ടി. യൂറോപ്പിനു പുറത്ത് ഉഭയകക്ഷി സഹകരണത്തിനുള്ള ആദ്യ സന്ദര്‍ശനത്തിന് ഇന്ത്യയെ തെരഞ്ഞെടുത്തില്‍ മോദി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയോട് നന്ദിയറിയിച്ചു. ഇരുരാജ്യങ്ങളും യുവജനങ്ങള്‍ക്കിടയിലെ വിദ്യാഭ്യാസ, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു.

നമ്മുടെ രാഷ്ട്രങ്ങള്‍ വ്യാപാര, വാണിജ്യ മേഖലകളെ നേരിട്ടു ബാധിക്കുന്ന പല വെല്ലുവിളികളും അഭിമുഖീകരിക്കുന്നുണ്ട്. ഒരുമിച്ച് നിന്ന് പല പുതിയ അവസരങ്ങളും സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കണം- മോദി പറഞ്ഞു. ശാസ്ത്രം ലോകവ്യാപകമാണെങ്കിലും സാങ്കേതിക വിദ്യ പ്രാദേശികമായിരിക്കണമെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

ബ്രെക്‌സിറ്റ് സൃഷ്ടിച്ചിട്ടുള്ള പല വിപണി അവസരങ്ങളും യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് തേരേസ മേയുടെ ഇന്ത്യ സന്ദര്‍ശനമെന്ന് സാമ്പത്തിക നിരീക്ഷകര്‍ സൂചിപ്പിക്കുന്നുണ്ട്. ബ്രിട്ടനിലെ വാണിജ്യമേഖലയില്‍ നിന്നുള്ള 33 പ്രതിനിധികള്‍ തേരേസ മേയെ പ്രഥമ ഉഭയകക്ഷി സന്ദര്‍ശനത്തില്‍ അനുഗമിക്കുന്നുണ്ട്. 2.5 ബില്യണ്‍ ഡോളറിന്റെ വാണിജ്യ സഹകരണം അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുമായി ഉണ്ടാക്കിയെടുക്കുകയെന്നതാണ് മേയുടെ സന്ദര്‍ശനത്തിന്റെ പ്രധാന അജണ്ടയെന്നും വിപണി നിരീക്ഷകര്‍ സൂചിപ്പിച്ചു. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി സഹകരണത്തിലൂടെ യുകെയില്‍ 1370 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തേരേസ മേയ് പദ്ധതിയിടുന്നുണ്ട്. ഇതിനായി യുകെ-ഇന്ത്യ ഉഭയകക്ഷി സഹകരണത്തില്‍ പുതിയ നഗരപങ്കാളിത്ത പദ്ധതിക്കു രൂപം നല്‍കാനാണ് തെരേസ മേയുടെ ശ്രമം.

ഇന്ത്യയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ള സ്മാര്‍ട്ട് സിറ്റി മിഷന്‍, മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളോടൊപ്പം നൈപുണ്യപരിശീലനത്തിന് ആവശ്യമായ സഹകരണങ്ങളും യുകെയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ബ്രിട്ടിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയെ സംബന്ധിച്ച് കുടിയേറ്റ നിയമങ്ങളാണ് പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു മേഖല. ബ്രിട്ടന്‍ അടുത്തിടെ കുടിയേറ്റ നിയമങ്ങളില്‍ പല മാറ്റങ്ങളും വരുത്തിയിരുന്നു. ഇതു പ്രകാരം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, ഐടി പ്രൊഫഷണലുകള്‍, ബിസിനസ് യാത്രയുടെ ഭാഗമായി യുകെ സന്ദര്‍ശിക്കുന്നവര്‍ എന്നീ ആളുകള്‍ക്ക് ഉയര്‍ന്ന വിസ നിരക്കാണ് അടയ്‌ക്കേണ്ടി വരുന്നത്. ഇത്തരം വിഷയങ്ങളില്‍ തെരേസ മേയുടെ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും അഭിപ്രായസമന്വയത്തില്‍ എത്തിച്ചേരുമെന്നാണ് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Slider, Top Stories