ആഗോള ബിസിനസ് പ്രതീക്ഷാ സൂചികയില്‍ നിലമെച്ചപ്പെടുത്തി ഇന്ത്യ

ആഗോള ബിസിനസ് പ്രതീക്ഷാ സൂചികയില്‍ നിലമെച്ചപ്പെടുത്തി ഇന്ത്യ

 

ന്യൂഡെല്‍ഹി: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ആഗോള ബിസിനസ് ശുഭപ്രതീക്ഷാ സൂചികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തു നിന്നും രണ്ടാം സ്ഥാനത്തെത്തിയതായി ഗ്രാന്‍ഡ് തോണ്‍ടന്‍ ഇന്റര്‍നാഷണല്‍ ബിസിനസ് റിപ്പോര്‍ട്ട്. നയ പരിഷ്‌കരണവും ചരക്ക് സേവന നികുതി നടപ്പിലാക്കാനുള്ള തീരുമാനവുമാണ് ഇന്ത്യയെ റാങ്കിംഗില്‍ മുന്നിലെത്തിച്ചെതെന്നാണ് വിലയിരുത്തല്‍. മൂന്നാം പാദത്തിലെ റിപ്പോര്‍ട്ടനുസരിച്ച് സൂചികയില്‍ ഇന്തോനേഷ്യയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഫിലിപ്പീന്‍സ് മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചിട്ടുണ്ട്.

ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. ഇതിനു മുന്‍പുള്ള രണ്ട് പാദങ്ങളിലും തുടര്‍ച്ചയായി ശുഭപ്രതീക്ഷാ സൂചികയില്‍ ഒന്നാമതെത്തിയെങ്കിലും ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. കേന്ദ്ര സര്‍ക്കാരിന്റെ നയ പരിഷ്‌കരണങ്ങളാണ് സെപ്റ്റംബര്‍ പാദത്തില്‍ നില മെച്ചപ്പെടുത്താനിടയാക്കിയതെന്നാണ് വിലയിരുത്തല്‍.

ബിസിനസ് സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള പദ്ധതികളും നയപരിഷ്‌കരണ അജണ്ടയും ഫലം കാണുന്നതിന്റെ വ്യക്തമായ പ്രതിഫലനമാണ് ആഗോള ബിസിനസ് ശുപ്രതീക്ഷാ സൂചികയില്‍ കാണാനായതെന്ന് ഗ്രാന്‍ഡ് തോണ്‍ടന്‍ ഇന്ത്യ എല്‍എല്‍പി പാര്‍ട്ണര്‍ ഹരീഷ് എച്ച് വി പറഞ്ഞു. ലോകത്തിലെ വന്‍ സാമ്പത്തിക ശക്തികളുമായി സൗഹൃദം സ്ഥാപിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ആഗോള സാമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് കാരണമായെന്നും ഹരീഷ് പറയുന്നു. ഏകീകൃത ചരക്ക് സേവന നികുതി നല്‍കുന്ന സൂചനകളും ഇന്ത്യന്‍ ബിസിനസ് പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുമെന്ന് അദ്ദേഹം പ്രതികരിച്ചു.

രാജ്യത്ത് ബിസിനസ് ആവാസവ്യവസ്ഥ മെച്ചപ്പെട്ടതിനൊപ്പം തൊഴില്‍ പ്രതീക്ഷയിലും ഇന്ത്യ മുന്നേറ്റം നടത്തിയതായാണ് സര്‍വേ. തൊഴില്‍ പ്രതീക്ഷയില്‍ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ മൂന്നാം പാദത്തില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതായാണ് നിരീക്ഷണം. സൂചികയില്‍ ഇന്ത്യയുടെ വരുമാന പ്രതീക്ഷകളും മികച്ച സൂചനയാണ് തരുന്നത്. അതേസമയം നിയന്ത്രണങ്ങളും സര്‍ക്കാര്‍ നടപടിക്രമങ്ങളിലെ മെല്ലെപോക്കും (ചുവപ്പുനാട) വളര്‍ച്ചയ്ക്ക് തടസമായി നില്‍ക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഇന്ത്യ പുറത്തുപോയിട്ടില്ലെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. എന്നാല്‍ ഈ വര്‍ഷം ഇന്ത്യ ഈ സൂചികയില്‍ രണ്ടാം സ്ഥാനത്തു നിന്നും നാലാം സ്ഥാനത്തെത്തിയെന്ന റിപ്പോര്‍ട്ട് പ്രതീക്ഷ തരുന്നതാണ്.

Comments

comments

Categories: Slider, Top Stories