ജിഎസ് ടി പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

ജിഎസ് ടി പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

 

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി യാഥാര്‍ത്ഥ്യമാകുന്നതിനു മുന്‍പ് ലളിതവും സുഗമവുമായ നികുതി സംവിധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജിഎസ്ടി പോര്‍ട്ടല്‍ പ്രവര്‍ത്തനസജ്ജമാക്കിയതായി ജിഎസ്ടിഎന്‍ ചെയര്‍മാന്‍ നവീന്‍ കുമാര്‍. നികുതി ഇടപാടുകളില്‍ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി പേയ്‌മെന്റ് നടത്താനുള്ള സംവിധാനമൊരുക്കികൊണ്ടാണ് പോര്‍ട്ടല്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇന്നലെ മുതല്‍ പോര്‍ട്ടല്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്.

ജിഎസ്ടി പോര്‍ട്ടല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ സോഫ്റ്റ്‌വെയറുകളില്‍ 60 ശതമാനത്തോളം തയാറായി കഴിഞ്ഞു. നിലവിലുള്ള നികുതി ദായകരെ www.gst.gov.in എന്ന പുതിയ വെബ്‌സൈറ്റിലേക്ക് കൊണ്ടുവരുന്നതിനാവശ്യമായ അടിസ്ഥാന സംവിധാനങ്ങളും സാങ്കേതികവിദ്യയും ജിഎസ്ടിഎന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 65 ലക്ഷത്തിധികം മൂല്യവര്‍ധിത നികുതി ദായകരെയും, സേവന നികുതി അടക്കുന്ന 20 ലക്ഷം പേരെയും കേന്ദ്ര എക്‌സൈസ് നികുതി അടക്കുന്ന 3-4 ലക്ഷം പേരെയും പുതിയ പോര്‍ട്ടലിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും നവീന്‍ കുമാര്‍ പറഞ്ഞു. ജിഎസ്ടിക്കു കീഴിലുള്ള പുതിയ രജിസ്‌ട്രേഷനുകള്‍ അടുത്ത ഏപ്രിലില്‍ ആരംഭിക്കും. പുതിയ പോര്‍ട്ടലിലേക്കെത്തുന്ന നികുതി ദായകര്‍ക്ക് ജിഎസ്ടി ഐഎന്‍ എന്നുവിളിക്കപ്പെടുന്ന ഒരു തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അടുത്ത വര്‍ഷം ഏപ്രിലില്‍ കേന്ദ്ര-സംസ്ഥാന നികുതികളെ സംയോജിപ്പിച്ചുകൊണ്ടുള്ള ഏകീകൃത ചരക്ക് സേവന നികുതി നയം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് ഈ സോഫ്റ്റ്‌വെയറിന്റെ പ്രവര്‍ത്തനം പരീക്ഷണാടിസ്ഥാനത്തില്‍ നിരീക്ഷിക്കുമെന്നും ജിഎസ്ടിഎന്‍ കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ എക്‌സൈസ് തീരുവ, സേവന നികുതി, വാറ്റ് തുടങ്ങി വേവ്വറെ നികുതി അടക്കുന്ന ബിസിനസുകാര്‍ക്കും വ്യാപാരികള്‍ക്കും ഓണ്‍ലൈനില്‍ ഒറ്റത്തവണ നികുതിയായി ഓണ്‍ലൈന്‍ വഴി ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് സംവിധാനമുപയോഗിച്ച് അടയ്ക്കാന്‍ സാധിക്കുമെന്നും നവീന്‍ കുമാര്‍ അറിയിച്ചു.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*