ഗിരീഷ് മാതൃഭൂതം : സ്റ്റാര്‍ട്ടപ്പ് ലോകത്തെ പുതിയ ‘സൂപ്പര്‍ സ്റ്റാര്‍’

ഗിരീഷ് മാതൃഭൂതം : സ്റ്റാര്‍ട്ടപ്പ് ലോകത്തെ പുതിയ ‘സൂപ്പര്‍ സ്റ്റാര്‍’

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കിടയില്‍ പുതിയ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് ഫ്രഷ് ഡെസ്‌കും അതിന്റെ സ്ഥാപകനായ ഗിരീഷ് മാതൃഭൂതവും. അടുത്തിടെ സെക്വോയ കമ്പനി ഫ്രഷ് ഡെസ്‌കില്‍ 51 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു എന്ന വാര്‍ത്തയാണ് ഫ്രഷ് ഡെസ്‌കിനെ ഇത്രയും പ്രശസ്തമാക്കാന്‍ സഹായിച്ചത്.

കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ക്ലൗഡ് അധിഷ്ഠിത ഉപഭോക്തൃസേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് ഫ്രഷ് ഡെസ്‌ക്. സെക്വോയയുടേത് അടക്കം മൊത്തം 149 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇതുവരെ ഫ്രെഷ് ഡസ്‌കിന് സമാഹരിക്കാന്‍ സാധിച്ചിട്ടുള്ളത്. ഫ്രെഷ് ഡെസ്‌കിന്റെ പ്രഥമ നിക്ഷേപനായ ശേഖര്‍ കിറാനിയുടെ വെഞ്ച്വര്‍ നിക്ഷേപ സ്ഥാപനമായ ആക്‌സെല്‍ പാര്‍ട്‌ണേഴ്‌സില്‍ സെക്വോയ കമ്പനി നേരത്തെ തന്നെ നിക്ഷേപം നടത്തിയിട്ടുണ്ട്. ശേഖര്‍ കിറാനിയുമായുള്ള ഗിരീഷ് മാതൃഭൂതത്തിന്റെ അടുപ്പമാണ് നിക്ഷേപ സമാഹരണത്തിന് സഹായിച്ചതെന്ന് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ നിക്ഷേപ സമാഹരണത്തിനായി ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നില്ലെങ്കിലും നിക്ഷേപകര്‍ തങ്ങളുടെ സ്ഥാപനവുമായി സഹകരിക്കാന്‍ സ്വമേധയാ മുന്നോട്ടു വരികയാണെന്ന് ഗിരീഷ് മാതൃഭൂതം സൂചിപ്പിച്ചു.

സോഹോ കോര്‍പ്പറേഷന്റെ പ്രൊഡക്റ്റ് മാനേജ്‌മെന്റ് വിഭാഗം വൈസ് പ്രസിഡന്റ് സ്ഥാനത്ത് ജോലി ചെയ്യവെയാണ് ഫ്രഷ് ഡെസ്‌കിന് രൂപം നല്‍കാനുള്ള ആശയം ഗിരീഷ് മാതൃഭൂതത്തിന് ലഭിക്കുന്നത്. മോശം സേവനങ്ങള്‍ സംബന്ധിച്ച ഉപഭോക്തൃ പരാതികളാണ് ഇത്തരമൊരു സ്ഥാപനത്തിന്റെ ആവശ്യത്തെ കുറിച്ച് ഗിരീഷിനെ ചിന്തിപ്പിച്ചത്. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രഷ് ഡെസ്‌കിന് ആഗോളതലത്തില്‍ നിലവില്‍ 80,000 ത്തിലധികം ഇടപാടുകാരാണുള്ളത്.

സമ്പത്തിന്റെ സൃഷ്ടി എന്നതുകൊണ്ട് സ്ഥാപന ഉടമകളുടെ ആസ്തി വര്‍ധിപ്പിക്കുകയല്ല താനുദ്ദേശിക്കുന്നതെന്ന് ഗിരീഷ് മാതൃഭൂതം പറഞ്ഞു . കമ്പനിയുടെ രൂപീകരണത്തിന് ആത്മാര്‍ഥമായി ശ്രമിക്കുന്ന ജീവനക്കാര്‍ക്കും ഇതിന്റെ പങ്ക് ലഭിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മാതൃഭൂതം ചൂണ്ടിക്കാട്ടി.

ഫ്രഷ് ഡെസ്‌ക് ആരംഭിക്കുമ്പോള്‍ എനിക്കു സ്വന്തമായി ബിഎംഡബ്ല്യു വാങ്ങിക്കുന്നതിനല്ല ഈ സ്ഥാപനം തുടങ്ങുന്നതെന്ന് ഞാന്‍ ഭാര്യയോടു പറഞ്ഞിരുന്നു. എന്റെ സ്ഥാപനത്തിലെ ഓരോ ജീവനക്കാര്‍ക്കും ബിഎംഡബ്ല്യൂ ലഭ്യമാക്കുന്നതിനാണ് ഈ സ്ഥാപനത്തിലൂടെ ഞാന്‍ ശ്രമിക്കുന്നത്- ഗിരീഷ് മാതൃഭൂതം വ്യക്തമാക്കി.

നിക്ഷേപ സമാഹരണത്തില്‍ മാത്രമല്ല മറ്റു കമ്പനികളെ ഏറ്റെടുക്കുന്ന കാര്യത്തിലും ഫ്രഷ് ഡെസ്‌ക് മുന്നിലാണ്. ഇതിനോടകം വണ്‍ ക്ലിക്ക്, ഫ്രില്‍പ്, കോണോറ്റോര്‍, ഫ്രെയിം ബഞ്ച്, എയര്‍വൂട്ട്, ചാറ്റിമിറ്റി മുതലായ സ്ഥാപനങ്ങള്‍ ഫ്രഷ് ഡസ്‌കിന് ഏറ്റെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ബഹുമുഖ ഉല്‍പ്പന്ന സ്ഥാപനമായി നിലനില്‍ക്കുന്നതിനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കാനാണ് ഇത്തരം ഏറ്റെടുക്കലുകളിലൂടെ ശ്രമിക്കുന്നതെന്ന് ഗിരീഷ് മാതൃഭൂതം കൂട്ടിച്ചേര്‍ത്തു. തന്റെയും സ്ഥാപനത്തിന്റേയും അനൗദ്യോഗിക ഭാഗ്യചിഹ്നമായി സ്റ്റൈല്‍മന്നന്‍ രജനീകാന്തിനെയാണ് സ്റ്റാര്‍ട്ടപ്പ് ലോകത്തെ ഈ പുതിയ സൂപ്പര്‍ സ്റ്റാര്‍ കരുതുന്നത്.

Comments

comments