കാറ്റാടിയന്ത്ര വിപണിയിലെ ആധിപത്യം ഗമേസ നിലനിര്‍ത്തും: രമേഷ് കൈമള്‍

കാറ്റാടിയന്ത്ര വിപണിയിലെ  ആധിപത്യം ഗമേസ നിലനിര്‍ത്തും: രമേഷ് കൈമള്‍

 

മുംബൈ: ഇന്ത്യന്‍ വിപണിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കാറ്റാടിയന്ത്ര നിര്‍മാതാക്കളായ ഗമേസ റിന്യൂവബിള്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ രമേഷ് കൈമള്‍. കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ പദ്ധതികള്‍ വളരെ വേഗത്തില്‍ രാജ്യത്ത് നടപ്പിലാക്കുന്നതിനാലാണിതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ കാറ്റാടിയന്ത്ര നിര്‍മാതാക്കള്‍ എന്ന സ്ഥാനം മൂന്നു വര്‍ഷം മുമ്പ് കമ്പനി കരസ്ഥമാക്കിയിരുന്നു. പ്രധാന എതിരാളിയായ സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡില്‍ നിന്ന് വിപണി തിരിച്ചുപിടിച്ച ഗമേസ, വിവിധ സ്വകാര്യ ഊര്‍ജ്ജ കമ്പനികള്‍ക്കുവേണ്ടി ഈ വര്‍ഷം 1,600 മെഗാവാട്ടിന്റെ പദ്ധതികള്‍ നടപ്പിലാക്കും- കൈമള്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഇതുവരെ 3500 മെഗാവാട്ടിന്റെ കാറ്റില്‍ നിന്നുള്ള വൈദ്യുത പദ്ധതികള്‍ സ്ഥാപിച്ചുകഴിഞ്ഞു. ആദ്യത്തെ 1000 മെഗാവാട്ട് വൈദ്യുത പദ്ധതി സ്ഥാപിക്കാന്‍ നാലു വര്‍ഷവും അടുത്ത 1000 മെഗാവാട്ടിന്റെ പദ്ധതിക്ക് 17 മാസവും സമയമെടുത്തു. പിന്നീടുള്ള 1000 മെഗാവാട്ട് ശേഷിയുള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് ഒന്‍പത് മാസവും വേണ്ടിവന്നു. അടുത്ത പദ്ധതി(1000 മെഗാവാട്ട്)നാലു മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഐപിപി (ഇന്‍ഡിപെന്റന്റ് പവര്‍ പ്രൊഡ്യൂസര്‍) മേഖല ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ ത്വരിതഗതിയിലെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. വില്‍പ്പനയുടെ 98 ശതമാനവും നടക്കുന്നത് ഐപിപിയില്‍ നിന്നാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗമേസക്ക് 29 ശതമാനം വിപണി വിഹിതം ലഭിച്ചു. സുസ്ലോണിനും ഇനോക്‌സ് വിന്‍ഡ് ലിമിറ്റഡിനും യഥാക്രമം 26 ശതമാനം, 23 ശതമാനം എന്നിങ്ങനെയായിരുന്നു വിപണി വിഹിതം. ഈ വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തും. വിപണി വിഹിതം 30-35 ശതമാനമാക്കാനാണ് ഉന്നമിടുന്നതെന്നും കൈമള്‍ വ്യക്തമാക്കി.

Comments

comments

Categories: Branding