വാള്‍മാര്‍ട്ടുമായും സിപിപിഐബി യുമായും ഫ്‌ളിപ്പ്കാര്‍ട്ട് ചര്‍ച്ചയാരംഭിച്ചു

വാള്‍മാര്‍ട്ടുമായും സിപിപിഐബി യുമായും ഫ്‌ളിപ്പ്കാര്‍ട്ട് ചര്‍ച്ചയാരംഭിച്ചു

 

മുംബൈ: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്പ്കാര്‍ട്ട് ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപ സമാഹരണത്തിനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരുവര്‍ഷത്തിലേറെയായി നടക്കുന്ന ശ്രമങ്ങള്‍ അവസാനഘട്ടത്തിലെത്തിയതായാണ് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയിലെ മുഖ്യ എതിരാളിയായ ആമസോണുമായുള്ള വിപണി മല്‍സരത്തിനു സജ്ജരാകാന്‍ വേണ്ടിയും കമ്പനിയുടെ വിപുലീകരണത്തിനു വേണ്ടിയുമാണ് ഫ്‌ളിപ്പ്കാര്‍ട്ട് പുതിയ നിക്ഷേപം സ്വരൂപിക്കാനൊരുങ്ങുന്നത്. ഏകദേശം ഒരു വര്‍ഷത്തോളമായി ആഗോള തലത്തില്‍ വിവിധ നിക്ഷേപ ഗ്രൂപ്പുകളുമായി ഫ്‌ളിപ്പ്കാര്‍ട്ട് ചര്‍ച്ച നടത്തിവരികയാണ്.

കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡി(സിപിപിഐബി)ല്‍ നിന്നും യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ടില്‍ നിന്നും നിക്ഷേപം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് നിലവില്‍ കമ്പനി. കഴിഞ്ഞ വര്‍ഷമാണ് സിപിപിഐബി ഇന്ത്യയില്‍ തങ്ങളുടെ ഓഫീസ് തുറന്നത്. ഇന്ത്യന്‍ വിപണിയില്‍ മെച്ചപ്പെട്ട രീതിയിലുള്ള പ്രവര്‍ത്തനങ്ങളും സിപിപിഐബി നടത്തുന്നുണ്ട്. 2010 മുതല്‍ കൊട്ടക് മഹീന്ദ്ര ബാങ്ക്, എല്‍&ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് പ്രൊജക്റ്റ്‌സ്, പിരാമല്‍ എന്റര്‍പ്രൈസസ്, ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് തുടങ്ങിയ കമ്പനികളില്‍ ഏകദേശം രണ്ട് ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും കമ്പനി നടത്തിയിട്ടുണ്ട്.

സിപിപിഐബിയുമായി കരാര്‍ ഉറപ്പിക്കാനുള്ള ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ശ്രമം വിജയിച്ചാല്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനികളില്‍ സിപിപിഐബി നടത്തുന്ന ആദ്യ നിക്ഷേപമായി അത് മാറും. സിപിപിഐബിയെ കൂടാതെ വാള്‍മാര്‍ട്ടുമായും നിക്ഷേപം തേടിക്കൊണ്ട് ഫ്‌ളിപ്പ്കാര്‍ട്ട് ചര്‍ച്ച നടത്തിവരികയാണ്. വാള്‍മാര്‍ട്ടുമായുള്ള സഹകരണം ആലിബാബയുമായുള്ള മല്‍സരത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ടിനെ സഹായിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

അതേസമയം ഫ്‌ളിപ്പ്കാര്‍ട്ടുമായി കരാര്‍ ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യമായ ഒരു പ്രതികരണവും വാള്‍മാര്‍ട്ടിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. വാള്‍മാര്‍ട്ട് ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ അത് കമ്പനിയുടെ പലചരക്ക് വിഭാഗത്തെ പിന്തുണച്ചുകൊണ്ടായിരിക്കുമെന്നാണ് വ്യവസായ മേഖലയില്‍ വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ എഫ്ഡിഐ നയങ്ങളില്‍ അയവുവരുത്തിയതു മുതല്‍ രാജ്യത്തെ ഭക്ഷണ-പലചരക്ക് റീട്ടെയ്ല്‍ മേഖലയില്‍ നിക്ഷേപം നടത്താനുള്ള ശ്രമം വാള്‍മാര്‍ട്ടിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വാള്‍മാര്‍ട്ട് ഫ്‌ളിപ്പ്കാര്‍ട്ട് പോലുള്ള പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിന് താല്‍പ്പര്യം കാണിക്കുമെന്നാണ് വിലയിരുത്തലുകള്‍ ഉള്ളത്.

സ്റ്റഡ്‌വ്യു കാപിറ്റലും ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റും ചേര്‍ന്ന് നടത്തിയ 700 മില്യണ്‍ ഡോളര്‍ നിക്ഷേപമുള്‍പ്പെടെ 2015 ജൂലൈ മുതല്‍ നടന്നിട്ടുള്ള ഫ്‌ളിപ്പ്കാര്‍ട്ടിന്റെ മൂന്നാമത്തെ നിക്ഷേപ സമാഹരണമാണിത്. ഏഴ് വര്‍ഷത്തിനുള്ളില്‍ കമ്പനി ഏകദേശം 3.2 ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വരൂപിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ മൂല്യം 11 ബില്യണ്‍ ഡോളറിലേക്ക് കൂപ്പുകുത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 2015ല്‍ പ്രതീക്ഷിച്ച വില്‍പ്പനയും വരുമാനവും നേടുന്നതില്‍ ഫ്‌ളിപ്പ്കാര്‍ട്ട് പരാജയപ്പെട്ടു. അതേസമയം ആമസോണ്‍ തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റ് ശക്തിപ്പെടുത്തുന്നതിനു കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 5 ബില്യണ്‍ ഡോളറാണ് രാജ്യത്തേക്കൊഴുക്കിയത്.

Comments

comments

Categories: Branding