നാക് അക്രെഡിറ്റേഷനില്‍ ഫിസാറ്റിന് എ ഗ്രേഡ്

നാക് അക്രെഡിറ്റേഷനില്‍ ഫിസാറ്റിന് എ ഗ്രേഡ്

 

അങ്കമാലി: കോളെജുകളുടെ നിലവാരം വിലയിരുത്തുന്നതിന് യുജിസി ഏര്‍പ്പെടുത്തിയ നാക്ക് അക്രഡിറ്റേഷനില്‍ അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിക്ക് (ഫിസാറ്റ്) എ ഗ്രേഡ് ലഭിച്ചു. കോളെജിന്റെ ഉന്നത പഠന നിലവാരവും, മികച്ച പഠന സൗകര്യങ്ങളും കണക്കിലെടുത്താണ് അക്രഡിറ്റേഷന്‍ സമിതി എ ഗ്രേഡ് നല്‍കിയത്. 14 വര്‍ഷം മുമ്പ് മാത്രം പ്രവര്‍ത്തനമാരംഭിച്ച കോളെജ് 42 ലേറെ യൂണിവേഴ്സിറ്റി റാങ്കുകള്‍ കരസ്ഥമാക്കിയതും, വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കോളെജില്‍ സജ്ജമാക്കിയിരിക്കുന്ന 30,000 സ്‌ക്വയര്‍ഫീറ്റിനു മുകളില്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്ത ലൈബ്രറിയും നാക്ക് അക്രഡിറ്റേഷന്‍ സമിതിയുടെ ശ്രദ്ധ പിടിച്ചുപറ്റി.

കോളെജിലെ ബിടെക്, എംടെക്, എംസിഎ, എംബിഎ എന്നീ കോഴ്സുകളില്‍ എല്ലാ സീറ്റുകളിലും പൂര്‍ണ്ണമായും അഡ്മിഷന്‍ നടത്താന്‍ സാധിച്ചതും, പഠന നിലവാരം ഉയര്‍ത്തുന്നതിന് കോളെജിലെ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രവര്‍ത്തനങ്ങളും നാക്ക് അക്രഡിറ്റേഷന്‍ സമിതി പ്രത്യേകം പരാമര്‍ശിച്ചതായി കോളെജ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ പറഞ്ഞു. കേരളത്തിലെ പല എഞ്ചിനീയറിംഗ് കോളെജുകളിലും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ഫിസാറ്റില്‍ എല്ലാ സീറ്റുകളിലും അഡ്മിഷന്‍ നടന്നതും സമിതി വിലയിരുത്തി. വിദ്യാര്‍ത്ഥികളുടെ സ്വയം സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി കോളെജിലെ സംരംഭകത്വ സെല്ലും, സെന്‍ട്രല്‍ കംപ്യൂട്ടിംഗ് സംവിധാനവും മൂന്ന് വിദേശ സര്‍വകലാശാലകളുമായി കോളെജ് ഏര്‍പ്പെട്ടിരിക്കുന്ന ധാരണാ പത്രങ്ങളും സൗഹൃദ പഠന അന്തരീക്ഷവും സമിതി പരിഗണിച്ചു.

കോളെജിലെ ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായി ഇവരെ ചെറു ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓരോ അധ്യാപകര്‍ മേല്‍നോട്ടം നല്‍കുന്ന ഗ്രൂപ്പ് അഡൈ്വസറി സംവിധാനം, പഠനത്തിന് ശേഷം കുട്ടികള്‍ക്ക് മികച്ച രീതിയില്‍ തൊഴിലവസരം ഒരുക്കുന്നതിലുള്ള പ്ലെയ്സ്മെന്റ് സെല്ലിന്റെ പ്രവര്‍ത്തനം, മുന്നൂറിലേറെ കുട്ടികള്‍ക്ക് സൗജന്യ പ്രൊഫഷണല്‍ വിദ്യാഭ്യാസം ഒരുക്കുന്നതിന് കോളെജ് മാനേജ്മെന്റ് ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ്, ഓരോ ഡിപ്പാര്‍ട്ടുമെന്റുകളോടും അനുബന്ധിച്ചുള്ള വിവിധ സെല്ലുകളുടെ പ്രവര്‍ത്തനങ്ങള്‍, പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം വെളിവാക്കുന്നതിനായുള്ള വിദ്യാര്‍ത്ഥികളുടെ ജൈവകൃഷി, ആയിരത്തിലേറെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി കോളേജിനുള്ളില്‍ തന്നെ താമസിച്ചു പഠിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഹോസ്റ്റല്‍ സൗകര്യം, പഠന നിലവാരത്തിനൊപ്പം പാഠ്യേതര വിഷയങ്ങളായ കലാ-കായിക-സാംസ്‌കാരിക മേഖലകളില്‍ കോളേജ് പുലര്‍ത്തുന്ന ഉന്നത നിലവാരം തുടങ്ങിയവയെല്ലാം അക്രെഡിറ്റേഷന്‍ സമിതി പ്രത്യേകം പരാമര്‍ശിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് ഐസക് പറഞ്ഞു. ഇങ്ങനെ കോളെജിന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോന്നും സസൂക്ഷ്മം സമിതി വിലയിരുത്തിയതില്‍ നിന്നാണ് കോളെജിന് എ ഗ്രേഡ് നല്‍കാന്‍ തീരുമാനിച്ചത്.

Comments

comments

Categories: Education
Tags: A grade, Fisat, NAAC