ടാറ്റ കമ്പനികളില്‍നിന്ന് സൈറസ് മിസ്ട്രിയെ പുറത്താക്കുന്നത് എളുപ്പമല്ല

ടാറ്റ കമ്പനികളില്‍നിന്ന് സൈറസ് മിസ്ട്രിയെ പുറത്താക്കുന്നത് എളുപ്പമല്ല

ന്യൂഡെല്‍ഹി : ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്ട്രിയെ ഗ്രൂപ്പ് കമ്പനികളുടെ നേതൃത്വത്തില്‍ നിന്ന് പുറത്താക്കുന്നത് നടപടിക്രമങ്ങള്‍കൊണ്ടും നിയമപരമായും എളുപ്പമുള്ള കാര്യമല്ലെന്ന് വിദഗ്ധര്‍. ടാറ്റ സണ്‍സ് കരുതലോടെയിരിക്കണമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്റെ സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ചെയര്‍മാനായി സൈറസ് മിസ്ട്രി തുടരുന്നതില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചത് ടാറ്റ സണ്‍സിന് തിരിച്ചടിയായിരുന്നു.

മിസ്ട്രി തന്റെ പന്തുപയോഗിച്ച് ഏതുവിധത്തില്‍ കളിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങളെന്നാണ് വ്യക്തമാകുന്നത്. സൈറസ് മിസ്ട്രി സ്വയം ഒഴിയാന്‍ തയാറാകാതെ ഉറച്ചുനിന്നാല്‍ അദ്ദേഹത്തെ ഡയറക്റ്റര്‍ സ്ഥാനത്തുനിന്ന് മാറ്റുക എളുപ്പമുള്ള സംഗതിയാവില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനീസ് സെക്രട്ടറി ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റ് നിസാര്‍ അഹമ്മദ് പറഞ്ഞു. കോര്‍പ്പറേറ്റ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതേ നിലപാട് തന്നെയാണ്.

ടാറ്റ സൈറസ് മിസ്ട്രിയെ നീക്കം ചെയ്തത് കടുത്ത നിയമലംഘനമാണെന്ന് പറയാന്‍ കഴിയില്ലെങ്കിലും ടാറ്റ എക്കാലത്തും പിന്തുടര്‍ന്നിരുന്ന സുതാര്യമായ കോര്‍പ്പറേറ്റ് ഭരണത്തിന് ഒട്ടും ചേര്‍ന്നതല്ലെന്ന് കോര്‍പ്പറേറ്റ് കണ്‍സള്‍ട്ടന്റ് കൂടിയായ നിസാര്‍ അഹമ്മദ് പറഞ്ഞു. എന്നാല്‍ തിരുത്തല്‍ നടപടികളുടെ ഭാഗമായി തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുന്നതിനെ നേരിടാന്‍ രത്തന്‍ ടാറ്റ തയാറെടുത്തിട്ടുണ്ടെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ എല്‍ഐസിക്കും വിവിധ പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്ല ശതമാനം ഓഹരിയുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിന്റെ ചായ്‌വ് എങ്ങോട്ടെന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ട്രിയെ നീക്കിയ ഉടനെ രത്തന്‍ ടാറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെയും സന്ദര്‍ശിച്ചിരുന്നു.

നേരത്ത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ അഞ്ചു ശതമാനം ഓഹരികള്‍ കൈയൊഴിയാനുള്ള ടാറ്റ ട്രസ്റ്റിന്റെ നിര്‍ദേശം ചെയര്‍മാന്‍ സ്ഥാനത്തിരിക്കെ തന്നെ മിസ്ട്രി നിരസിച്ചിരുന്നതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.നിലവിലെ മൂല്യമനുസരിച്ച് മിസ്ട്രിയുടെ കൈവശമുള്ള അഞ്ചു ശതമാനം ഓഹരിക്ക് 20,000 കോടി വിലവരും. ടിസിഎസില്‍ ടാറ്റാ സണ്‍സിന് 74 ശതമാനം ഓഹരികളാണുള്ളത്. പ്രതിസന്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന്റെ മറ്റു കമ്പനികളിലേക്ക് നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു മിസ്ട്രിയോട് ടാറ്റാ ട്രസ്റ്റ് ഓഹരികള്‍ കൈമാറാന്‍ ആവശ്യപ്പെട്ടത്. ഇതുള്‍പ്പടെയുള്ള നിരവധി വിയോജിപ്പകളാണ് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മിസ്ട്രിയെ നീക്കുന്നതിലേക്ക് നയിച്ചത്.

Comments

comments

Categories: Slider, Top Stories