ജനാധിപത്യത്തെ അട്ടിമറിക്കുന്ന ചൈന

ജനാധിപത്യത്തെ അട്ടിമറിക്കുന്ന ചൈന

കമ്യൂണിസ്റ്റ് ചൈന എന്നും സേച്ഛാധിപത്യ ശൈലിയായിരുന്നു ഭരണത്തില്‍ സ്വീകരിച്ചുപോന്നത്. ടിയാന്‍മെന്‍ സ്‌ക്വയര്‍ പോലെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാം. അഭിപ്രായ സ്വാതന്ത്ര്യത്തിനും സര്‍ക്കാരിനെതിരെ ഉയരുന്ന ശബ്ദങ്ങള്‍ക്കും അവിടെ എന്നും വിലക്കു മാത്രമായിരുന്നു. ഇന്നും അത് തുടരുന്നു. ടിബറ്റില്‍ വംശീയഹത്യ നടത്തി ആത്മീയ ആചാര്യന്‍ ദലൈലാമയെ നാടുകടത്തിയതും ഹോങ്കോംഗിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതുമെല്ലാം ഒരു പുരോഗമന സമൂഹത്തിന് ചേര്‍ന്ന നടപടിയല്ല. അതിവേഗത്തില്‍ ചൈന വികസിച്ചുവെന്ന് ലോകം വിലയിരുത്തിയപ്പോഴും ആ വികസനത്തിന്റെ പ്രത്യയശാസ്ത്രം എന്നും ഇടുങ്ങിയതായിരുന്നു. ഒരിക്കലും സ്വതന്ത്ര ചിന്തയെയോ ജനാധിപത്യത്തെയോ പ്രോത്സാഹിപ്പിച്ചില്ല അത്.

ജനാധിപത്യ രീതിയില്‍ മാസങ്ങള്‍ക്ക് മുമ്പ് ഹോങ്കോംഗ് നിയമനിര്‍മാണ സഭയിലേക്ക് ചരിത്രം കുറിച്ച് തെരഞ്ഞെടുക്കപ്പെട്ട രണ്ട് സ്വതന്ത്രവാദികളെ അംഗീകരിക്കില്ലെന്ന വാശിയിലാണ് ചൈന. ചൈനയുടെ പരമോന്നത നീതിനിര്‍വഹണ സഭ കഴിഞ്ഞ ദിവസം പുറത്തിറക്കിയത് ഹോങ്കോംഗ് സ്വാതന്ത്ര്യ മുന്നേറ്റത്തെ പിന്തുണയ്ക്കുന്ന ആരെയും പൊതുഭരണ സംവിധാനത്തില്‍ യാതൊരു പദവിയും വഹിക്കാന്‍ അനുവദിക്കില്ലെന്നാണ്.
ഇന്നലെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മിറ്റി മീറ്റിംഗിലായിരുന്നു ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. തീര്‍ത്തും ഏകപക്ഷീയമായിരുന്നു ചൈനയുടെ നടപടി. രണ്ട് പതിറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗിനെ ചൈനയോട് ചേര്‍ത്ത ശേഷം അവിടെ നടക്കുന്നതെല്ലാം ഇത്തരത്തില്‍ ഏകാധിപത്യ രീതികള്‍ തന്നെയാണ്. ഇതിനെതിരെയാണ് ഹോങ്കോംഗില്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയത്. സ്വതന്ത്രവാദികള്‍ക്ക് സ്വീകാര്യത ലഭിക്കുകയും ഹോങ്കോംഗ് നിയമനിര്‍മാണ സഭയിലേക്ക് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ അവര്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സിക്സ്റ്റസ് ലിയുങ്ങും യാവു വായ് ചിംഗുമായിരുന്നു ലെജിസ്ലേറ്റിവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് യുവ സ്വതന്ത്രവാദികള്‍. ചൈനയെ അപമാനിക്കുന്നവരെ സഭയിലേക്ക് എടുക്കേണ്ടതില്ലെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനം. ഹോങ്കോംഗ് ചൈനയുടെ അവിഭാജ്യ ഘടകമാണെന്ന അടിസ്ഥാന തത്വത്തെ അട്ടിമറിക്കുന്നതാണ് സ്വതന്ത്രവാദികളുടെ പ്രവര്‍ത്തനമെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ നിലപാട്. സ്വതന്ത്ര പോരാട്ടങ്ങളെ അട്ടിമറിക്കാന്‍ ചൈന എന്നും പറഞ്ഞിട്ടുള്ളതും ഇതു തന്നെ.

Comments

comments

Categories: Editorial