സെവിയ്യയെ തകര്‍ത്ത് ബാഴ്‌സലോണ

സെവിയ്യയെ തകര്‍ത്ത് ബാഴ്‌സലോണ

 
ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ വമ്പന്മാരായ ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും ജയം. ബാഴ്‌സലോണ സെവിയ്യയെയും റയല്‍ മാഡ്രിഡ് ലെഗാനസിനെയുമാണ് പരാജയപ്പെടുത്തിയത്.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സെവിയ്യക്കെതിരായ ബാഴ്‌സലോണയുടെ ജയം. ബാഴ്‌സയ്ക്ക് വേണ്ടി സൂപ്പര്‍ താരം ലയണല്‍ മെസ്സിയും ലൂയി സുവാരസുമാണ് സ്‌കോര്‍ ചെയ്തത്.

മത്സരത്തിന്റെ 15-ാം മിനുറ്റില്‍ മാഷിന്‍ വിറ്റോലോയിലൂടെ ആദ്യം മുന്നിലെത്തിയത് സെവിയ്യയായിരുന്നു. എന്നാല്‍ 43, 61 മിനുറ്റുകളില്‍ യഥാക്രമം മെസ്സിയും സുവാരസും ബാഴ്‌സയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു.

റയല്‍ മാഡ്രിഡ് ലെഗാനസിനെ തോല്‍പ്പിച്ചത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു. ഗാരെത് ബെയിലിന്റെ ഇരട്ട ഗോളുകളാണ് റയലിന് മികച്ച വിജയം സമ്മാനിക്കുന്നതിന് കാരണമായത്.

ആദ്യ പകുതിയുടെ 38, 45 മിനുറ്റുകളിലായിരുന്നു വെയ്ല്‍സ് താരം ഗാരെത് ബെയിലിന്റെ ഗോളുകള്‍. കളിയുടെ 76-ാം മിനുറ്റില്‍ അല്‍വാരോ മൊറാറ്റയാണ് റയല്‍ മാഡ്രിഡിന് വേണ്ടി മറ്റൊരു ഗോള്‍ നേടിയത്.

അതേസമയം, ലാ ലിഗയിലെ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് കഴിഞ്ഞ ദിവസം റയല്‍ സോസിദാദിനോട് എതിരില്ലാത്ത രണ്ട് ഗോളുകളുടെ പരാജയം ഏറ്റുവാങ്ങിയിരുന്നു.

സ്പാനിഷ് ലീഗിലെ മറ്റ് മത്സരങ്ങളില്‍ സ്‌പോര്‍ട്ടിംഗ് ഗിജോണിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മലാഗയും ഒസാസുനയെ ഏകപക്ഷീയമായ ഒരു ഗോളിന് അലാവസും പരാജയപ്പെടുത്തി.

പതിനൊന്ന് മത്സരങ്ങളില്‍ നിന്നും യഥാക്രമം 27, 25 പോയിന്റുകളുമായി റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ ടീമുകളാണ് ആദ്യ സ്ഥാനങ്ങളില്‍. പോയിന്റ് പട്ടികയില്‍ വിയ്യ റയല്‍ മൂന്നാമതും അത്‌ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ ടീമുകള്‍ യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിലുമാണ്.

Comments

comments

Categories: Sports