ബിഎംഡബ്ല്യു ഐ5: സമ്പൂര്‍ണ ഇലക്ട്രിക്ക് എസ് യുവി അഞ്ച് വര്‍ഷത്തിനുള്ളില്‍

ബിഎംഡബ്ല്യു ഐ5: സമ്പൂര്‍ണ ഇലക്ട്രിക്ക് എസ് യുവി  അഞ്ച് വര്‍ഷത്തിനുള്ളില്‍

മ്യൂണിക്ക്: ആഡംബര കാര്‍ നിര്‍മാണ രംഗത്തെ മുന്‍നിര കമ്പനി ബിഎംഡബ്ല്യു സമ്പൂര്‍ണ ഇലക്ട്രിക്ക് എസ്‌യുവി 2021നുള്ളില്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഐ സീരിസില്‍ പെട്ട സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനത്തിനുള്ള പ്രവര്‍ത്തനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന കമ്പനി ഐ5 എന്ന പേരിലാകും പുതിയ വാഹനം പുറത്തിറക്കുക.

ഈ വര്‍ഷം ആദ്യത്തിലായിരുന്നു ബിഎംഡബ്ല്യു ഐ പ്രൊഡക്റ്റുകള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എത്തിക്കുമെന്ന് ബിഎംഡബ്ല്യു എജി ചെയര്‍മാനായ ഹെറാള്‍ഡ് ക്രൂഗെര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉല്‍പ്പന്നത്തെ കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ അന്നദ്ദേഹം തയാറായിരുന്നില്ല. നൂതന സാങ്കേതികതയുടെ സമന്വയമാകും ഉല്‍പ്പന്നം എന്ന് മാത്രമാണ് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നത്.
അതേസമയം, കമ്പനിയുടെ അടുത്ത മോഡലിനായി എസ്‌യുവി ബോഡി തയാറാക്കിയിട്ടുണ്ടെന്നാണ് ബിഎംഡബ്ല്യു അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മികച്ച ബാറ്ററി സൗകര്യത്തിനാണ് ഇത്തരത്തിലുള്ള ബോഡി നിര്‍മിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.
ഇലക്ട്രിക്ക് മോട്ടോര്‍, ബാറ്ററി, ഓട്ടോണമസ് എന്നിയില്‍ വലിയ ചുവടുവെപ്പ് കാണുന്നതിന് 2021 വരെ കാത്തിരിക്കൂ എന്നാണ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് മേധാവി ഇയാന്‍ റോബോട്‌സണ്‍ പറയുന്നത്. ലോക ഇലക്ട്രോണിക് വാഹന രംഗത്ത് ഇത് വന്‍കുതിച്ചുചാട്ടമുണ്ടാക്കുമെന്നും അദ്ദേഹം.

Comments

comments

Categories: Auto