ടാറ്റ-എയര്‍ ഏഷ്യ: ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടി എയര്‍ ഏഷ്യ ഇന്ത്യ എക്‌സിക്യൂട്ടീവുകള്‍

ടാറ്റ-എയര്‍ ഏഷ്യ:  ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടി എയര്‍ ഏഷ്യ ഇന്ത്യ എക്‌സിക്യൂട്ടീവുകള്‍

 

ന്യൂഡെല്‍ഹി: ടാറ്റ-എയര്‍ ഏഷ്യ സംയുക്ത സംരംഭമായ എയര്‍ ഏഷ്യ ഇന്ത്യയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുതര പ്രശ്‌നങ്ങല്‍ ചൂണ്ടിക്കാട്ടി കമ്പനിയിലെ എക്‌സിക്യൂട്ടീവുകള്‍ രംഗത്തെത്തി. ഡയറക്റ്റര്‍ ബോര്‍ഡിനെയും ടാറ്റ ഗ്രൂപ്പിനെയും ഇവര്‍ തങ്ങളുടെ പരാതി വീണ്ടും അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് ഒരു ഭാഗത്തു നിന്നും പരിഹാര നടപടികള്‍ ആരംഭിച്ചിട്ടില്ല. ടാറ്റ ഗ്രൂപ്പ് എയര്‍ ഏഷ്യയുമായി ചേര്‍ന്ന് ‘എയര്‍ ഏഷ്യ ഇന്ത്യ’ രൂപവത്കരിച്ചതുമായി ബന്ധപ്പെട്ട് ടാറ്റ സണ്‍സില്‍ നിന്നും പുറത്താക്കപ്പെട്ട ചെയര്‍മാന്‍ സൈറസ് മിസ്ട്രി നേരത്തേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനിക്കകത്തു തന്നെ അന്വേഷണവും നടന്നുവരികയാണ്.

രണ്ട് പ്രധാന പരാതികളാണ് എയര്‍ ഏഷ്യ ഇന്ത്യ ബോര്‍ഡിനു മുന്‍പാകെയും ടാറ്റ ഗ്രൂപ്പിലും ഉന്നയിക്കപ്പെട്ടിട്ടുള്ളത്. എഫ്ഡിഐ ചട്ടങ്ങള്‍ക്ക് വീപരീതമായി മലേഷ്യന്‍ മാതൃ കമ്പനിയായ എയര്‍ ഏഷ്യയുടെ നിയന്ത്രണത്തിലാണ് ‘എയര്‍ ഏഷ്യ ഇന്ത്യ’ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ നിയമ പ്രകാരം വിദേശ എയര്‍ലൈന്‍സിന് ആഭ്യന്തര എയര്‍ലൈന്‍സെല്‍ 49 ശതമാനം ഓഹരി അനുവദനീയമാണ്. എന്നാല്‍ എയര്‍ലൈന്‍സിന്റെ കാര്യക്ഷമമായ മാനേജ്‌മെന്റ് നിയന്ത്രണം ഇന്ത്യന്‍ പങ്കാളിക്കായിരിക്കണമെന്നും നിഷ്‌കര്‍ഷിക്കുന്നു.
എയര്‍ ഏഷ്യ ഇന്ത്യയുടെ 49 ശതമാനം വീതം ഉടമസ്ഥാവകാശമാണ് ടാറ്റ സണ്‍സിനും മലേഷ്യന്‍ എയര്‍ലൈന്‍സിനുമുള്ളത്. എന്നാല്‍ ടാറ്റ- എയര്‍ ഏഷ്യ ഇന്ത്യന്‍ സംരഭത്തിന്റെ മേല്‍ കൂടുതല്‍ അധികാരവും നിയന്ത്രണവും മലേഷ്യന്‍ കമ്പനിയിലാണ് നിക്ഷിപ്തമായിട്ടുള്ളതെന്ന് എയര്‍ ഏഷ്യ ഇന്ത്യ എക്‌സിക്യൂട്ടീവുകള്‍ ചൂണ്ടിക്കാണിക്കുന്നു. ബാക്കി വരുന്ന രണ്ട് ശതമാനം ഓഹരികള്‍ എയര്‍ ഏഷ്യ ഇന്ത്യ ചെയര്‍മാന്‍ എസ് രാമദൊരൈയുടെയും ഡയറക്റ്റര്‍ ആര്‍ വെങ്കടരമണന്റെയും കൈകളിലാണ്.

എയര്‍ ഏഷ്യ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളില്‍ അമിതഭാരമാണ് ഏയര്‍ഏഷ്യ നല്‍കുന്നതെന്നും ജീവനക്കാര്‍ക്ക് പരാതിയുണ്ട്. എയര്‍ഏഷ്യയുടെ പരിപൂര്‍ണ നിയന്ത്രണത്തിലുള്ള എയര്‍ഏഷ്യ ഗ്ലോബല്‍ ഷെയര്‍ഡ് സര്‍വീസസിനാണ് എയര്‍ഏഷ്യ ഇന്ത്യയുടെ ഫിനാന്‍സ് ആന്‍ഡ് എക്കൗണ്ടിംഗ്, ഐടി, എച്ച്ആര്‍ തുടങ്ങിയ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധപൂര്‍വം ഔട്ട്‌സോഴ്‌സ് ചെയ്തു നല്‍കിയിരിക്കുന്നത്. 2015ല്‍ എജിഎസ്എസിന് 9.5 കോടി രൂപയാണ് ഇതിനായി നല്‍കിയത്. ഈ പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തരമായി നിര്‍വഹിച്ചാല്‍ വരുമായിരുന്നതിന്റെ എത്രയോ അധികമാണിതെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. എയര്‍ഏഷ്യക്ക് പങ്കാളിത്തമുള്ള ട്യൂണ്‍ ഇന്‍ഷുറന്‍സിന്റെ ഉപയോഗം നിര്‍ബന്ധമാക്കിയതും കമ്പനിയുടെ വരുമാനം ഇടിയാന്‍ കാരണമാകുന്നുവെന്ന് പരാതിയുണ്ട്.

Comments

comments

Categories: Branding