അമേരിക്ക വിധിയെഴുതാന്‍ ഒരുങ്ങുമ്പോള്‍

അമേരിക്ക വിധിയെഴുതാന്‍  ഒരുങ്ങുമ്പോള്‍

സന്തോഷ് മാത്യു

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യമെന്ന പെരുമ അമേരിക്കകാരുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ്. നവംബര്‍ എട്ടിന് അവര്‍ തങ്ങളുടെ 45ാം പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായി പോളിംഗ് ബൂത്തുകളിലേക്ക് നീങ്ങുകയാണ്. ഹിലരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപും ഇഞ്ചോടിഞ്ച് പോരാടുകയാണ് പ്രസിഡന്റ് പദവിക്കായി. എന്നാല്‍ സാര്‍വത്രിക വോട്ടവകാശമുള്ള അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രസിഡന്റിനെ നേരിട്ട് തെരഞ്ഞെടുക്കുകയല്ല. 18 വയസ് പൂര്‍ത്തിയായ ഓരോ പൗരനും അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ നിര്‍ത്തിയിട്ടുള്ള ഇലക്ട്രര്‍മാര്‍ക്കാണ് വോട്ട് രേഖപ്പെടുത്തേണ്ടത്.

റിപ്പബ്ലിക്കന്‍ കക്ഷിയോ ഡെമോക്രാറ്റിക് പാര്‍ട്ടിയോ അതാത് സംസ്ഥാനങ്ങളില്‍ നിന്ന് ജയിപ്പിച്ചെടുത്ത ഇലക്ട്രര്‍മാരാണ് പിന്നീട് യോഗം ചേര്‍ന്ന് പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടത്. മൊത്തം 538 ഇലക്ട്രര്‍മാരാണ് 50 അമേരിക്കന്‍ സ്റ്റേറ്റുകളില്‍ നിന്നും ദേശീയ തലസ്ഥാന പ്രദേശമായ വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുമായി നവംബര്‍ എട്ടിന് തെരഞ്ഞെടുക്കപ്പെടുക. ഹിലരിക്കും ട്രംപിനും പുറമെ ലിബറട്ടേറിയന്‍ പാര്‍ട്ടിയിലെ ഗാരി ജോണ്‍സനും ഗ്രീന്‍ പാര്‍ട്ടി പ്രതിനിധി ജില്‍ സ്റ്റെയിനും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായുണ്ട്.

538 ഇലക്ട്രര്‍മാരും ചേര്‍ന്നാണ് അടുത്ത നാലു വര്‍ഷത്തേക്ക് അമേരിക്കയെ നയിക്കേണ്ട പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും കണ്ടെത്തുന്നത്. ഡിസംബര്‍ 18 നാണ് ഈ തെരഞ്ഞെടുക്കല്‍ നടക്കേണ്ടതെങ്കിലും നവംബര്‍ ഏഴിന് തന്നെ പ്രസിഡന്റ് ആരാവും എന്നതിനെക്കുറിച്ച് കൃത്യമായി നമുക്ക് പറയാന്‍ സാധിക്കും. കാരണം ഓരോ സംസ്ഥാനത്തിലെയും ഇലക്ട്രര്‍മാര്‍ ആയി വരുന്നത് പ്രത്യേക പാര്‍ട്ടിയില്‍പ്പെട്ടവര്‍ തന്നെയായിരിക്കും. ഉദാഹരണത്തിന് വലിയ സംസ്ഥാനങ്ങളിലൊന്നായ കാലിഫോര്‍ണിയയില്‍ നിന്ന് 55 ഇലക്ട്രര്‍മാരാണുള്ളത്. റിപ്പബ്ലിക്കന്‍ കക്ഷിക്കാണ് ജനകീയ വോട്ടില്‍ നേരിയ ഭൂരിപക്ഷമെങ്കില്‍ പോലും മൊത്തം ഇലക്ട്രര്‍മാരെയും ആ കക്ഷിക്ക് തന്നെ ലഭിക്കും. ടെക്‌സസിലെ 34 ഇലക്ട്രല്‍ വോട്ടും ജനകീയ വോട്ടിന്റെ ഭൂരിപക്ഷം ഡെമോക്രാറ്റുകള്‍ക്കാണെങ്കില്‍ ഹിലരിക്ക് ലഭിക്കും. ചുരുക്കി പറഞ്ഞാല്‍ വോട്ടര്‍മാര്‍ പാര്‍ട്ടിക്കാണ് വോട്ട് ചെയ്യുന്നത് അല്ലാതെ ഇലക്ട്രര്‍മാര്‍ക്കല്ല.

അമേരിക്കയിലെ നിയമനിര്‍മാണ സഭയായ കോണ്‍ഗ്രസിന് രണ്ട് സഭകളുണ്ട്. ഉപരിസഭയായ സെനറ്റില്‍ 100 അംഗങ്ങളും അധോസഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവില്‍ 435 അംഗങ്ങളും. ഇതിന് പുറമെ തലസ്ഥാന പ്രദേശമായ വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് മൂന്ന് ഇലക്ട്രര്‍മാരും. ഈ കണക്കനുസരിച്ച് 100 പ്ലസ് 435 പ്ലസ് മൂന്ന് – 538 ഇലക്ട്രര്‍മാര്‍. ഓരോ രാഷ്ട്രീയ കക്ഷിയും അതാത് സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിച്ച ഇലക്ട്രല്‍ അംഗങ്ങളെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തുന്നു. ഇല്ലിനോയിസില്‍ നിന്ന് ജനസംഖ്യയുടെയും വലുപ്പത്തിന്റെയും അടിസ്ഥാനത്തില്‍ 20 ഇലക്ട്രര്‍മാരെയാണ് തെരഞ്ഞെടുക്കേണ്ടത്. ഹിലരിക്കും ട്രംപിനും വേണ്ടി അവരുടെ പാര്‍ട്ടികള്‍ 20 വീതം ഇലക്ട്രല്‍ സ്ഥാനാര്‍ത്ഥികളെ ഇവിടേക്ക് മത്സരിപ്പിക്കും. സംസ്ഥാനത്തെ പാര്‍ട്ടി കണ്‍വെന്‍ഷനുകളോ പാര്‍ട്ടികളുടെ ദേശീയ കമ്മറ്റികളോ ഒക്കെയാണ് ഇങ്ങനെയുള്ള ഇലക്ട്രര്‍മാരെ കണ്ടെത്തുന്നത്.

ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന ഇലക്ട്രര്‍മാര്‍ ഡിസംബര്‍ 18 ന് യോഗം കൂടുകയും ഔപചാരികമായി അടുത്ത പ്രസിഡന്റിനെ നിശ്ചയിക്കുകയും ചെയ്യും. ഇലക്ട്രല്‍ കോളെജ് തെരഞ്ഞെടുക്കുന്ന വ്യക്തി 2017 ജനുവരി 20 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്നതോടു കൂടിയാണ് ഈ പ്രക്രിയ പൂര്‍ത്തിയാവുന്നത്. എന്നാല്‍ പ്രത്യേക സാഹചര്യത്താല്‍ കാര്യങ്ങള്‍ മേല്‍പറഞ്ഞ പ്രകാരം സുഗമമായി നടക്കുന്നില്ലെങ്കില്‍ അമേരിക്കന്‍ അധോസഭയായ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് പ്രസിഡന്റിനേയും ഉപരിസഭയായ സെനറ്റ് വൈസ് പ്രസിഡന്റിനേയും തെരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം പ്രക്രിയകള്‍ മൂലം ജനകീയ വോട്ടില്‍ പിന്നിലാണെങ്കില്‍ പോലും ഇലക്ട്രല്‍ വോട്ടിന്റെ ബലത്തില്‍ പ്രസിഡന്റാവുന്നതും അമേരിക്കയില്‍ വിരളമല്ല.

2000ത്തിലെ ഇലക്ഷന്‍ പ്രക്രിയയില്‍ ജനകീയ വോട്ടില്‍ അല്‍ഗോര്‍ മുന്നിലെത്തിയെങ്കിലും ഇലക്ട്രല്‍ കോളെജിലെ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ ജോര്‍ജ് ഡബ്ല്യു ബുഷ് പ്രസിഡന്റായി തീരുകയാണുണ്ടായത്. ഓഹിയോയിലെ 20 വോട്ട് നേടിയ സ്ഥാനാര്‍ത്ഥി ചെറിയ സംസ്ഥാനങ്ങളായ ടെന്നസീയിലും വിര്‍ജീനിയയിലും ജോര്‍ജിയയിലും ഒക്കെ പിന്നിലായിരിക്കാം. എന്നാല്‍ ഇവിടങ്ങളിലെല്ലാം ഒറ്റ അക്കത്തിലുള്ള പ്രതിനിധികള്‍ മാത്രമെ ഇലക്ട്രര്‍മാരായി ഉണ്ടാവൂ.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ നാലു തവണ ഇങ്ങനെ ജനകീയ വോട്ടില്‍ പിന്തള്ളപ്പെട്ടവര്‍ ഇലക്ട്രല്‍ വോട്ടിന്റെ പിന്‍ബലത്തില്‍ പ്രസിഡന്റുമാരായി തീര്‍ന്നിട്ടുണ്ട്.ഏറ്റവും ഒടുവിലത്തെ ജനസംഖ്യാ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനത്ത് നിന്നുമുള്ള ഇലക്ട്രര്‍മാരെ നിശ്ചയിക്കുന്നത്. ഇതുപ്രകാരം വാഷിംഗ്ടണ്‍ ഡിസി, മെര്‍മോണ്ട്, ഡെലാവേര്‍, മൊണ്ടാന, നോര്‍ത്ത് ഡക്കോട്ട, വ്യോമിങ്, സൗത്ത് ഡക്കോട്ട എന്നിവര്‍ മൂന്ന് പേരെ മാത്രമാണ് തെരഞ്ഞെടുക്കുന്നത്.

എന്നാല്‍ 55 പ്രതിനിധികളുള്ള കാലിഫോര്‍ണിയ, 20 പേരുള്ള ഓഹിയോ, 34 പേരുള്ള ടെക്‌സസ്, 21 ഇലക്ട്രര്‍മാരുള്ള ഇല്ലിനോയിസ്, 21 പേര്‍ തന്നെയുള്ള പെന്‍സിന്‍വാനിയ തുടങ്ങിയ വമ്പന്‍ സ്‌റ്റേറ്റുകളായിരിക്കും അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വിധി നിര്‍ണ്ണയിക്കുക. 538 ഇലക്ട്രര്‍മാരില്‍ ഹിലരിക്കും ട്രംപിനും എത്രപേരുടെ പിന്തുണയുണ്ടെന്ന് വ്യക്തമായി മനസിലാക്കാന്‍ സാധിക്കുന്നതിലൂടെ വിധി നിര്‍ണ്ണയവും ഏറെ ലളിതമായതാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ് സംവിധാനം.

അതായത്, ജനകീയ വോട്ടിന്റെ ഭൂരിപക്ഷത്തിലല്ല ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്തെ പരമാധികാരിയെ നിശ്ചയിക്കുന്നത്. ജനകീയ വോട്ടും ഇലക്ട്രല്‍ വോട്ടും വെവ്വേറെ വഴിയിലൂടെ സഞ്ചരിക്കും. ആത്യന്തികമായി ഇലക്ട്രല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ഹിലരിയോ ട്രംപോ അമേരിക്കയുടെ പരമോന്നത പദവിയില്‍ 2017 ജനുവരി 10 ന് ഉപവിഷ്ടനായേക്കും. ഏറ്റവുമധികം ഇലക്ട്രര്‍മാരെ അയക്കുന്ന കാലിഫോര്‍ണിയ, ടെക്‌സസ്, ഇല്ലിനോയിസ്, ഹവ്വായ്, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, ഓഹിയോ, മസാച്യുസെറ്റ്‌സ്, ഫ്‌ളോറിഡ, അലസ്‌ക, നോര്‍ത്ത് കരോലിന, ന്യൂജെഴ്‌സി എന്നീ സ്റ്റേറ്റുകളിലാണ് ട്രംപിന്റേയും ഹിലരിയുടെയും പ്രതീക്ഷകള്‍.

Comments

comments

Categories: FK Special
Tags: US election