ട്രംപോ ഹിലരിയോ ?

ട്രംപോ ഹിലരിയോ ?

ലോകത്തിലെ ഏറ്റവും വലുതും ചെലവേറിയതും ശ്രദ്ധിക്കപ്പെടുന്നതുമായൊരു തെരഞ്ഞെടുപ്പാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. മുന്‍കാല തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ പ്രാവിശ്യത്തെ തെരഞ്ഞെടുപ്പ് പ്രചരണം ഏറെ ശ്രദ്ധപിടിച്ചു പറ്റുകയുണ്ടായി. ശ്രദ്ധനേടിയെന്നതിനു പകരം കുപ്രസിദ്ധി എന്നു പറയുന്നതാവും കൂടുതല്‍ ഉചിതം. വിദ്വേഷം കുത്തിനിറച്ച പ്രസംഗത്തിലൂടെയും സ്ത്രീകളെ മോശമായി ചിത്രീകരിച്ചും ഒരു മത്സരാര്‍ഥി കുപ്രസിദ്ധി നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയുടെ വിശ്വാസ്യതയ്ക്കു മേല്‍ നിഴല്‍വീഴ്ത്തിയ പൂര്‍വകാല ചരിത്രം വെളിപ്പെട്ടു ഈ തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത്.

ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ആരംഭിച്ച പ്രചരണം വ്യക്തി കേന്ദ്രീകൃതമായിട്ടാണു പൊതുവേ കാണപ്പെട്ടത്. സാധാരണയായി അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രചരണഘട്ടത്തില്‍ രാജ്യവും ലോകവും നേരിടുന്ന പ്രധാനപ്പെട്ട വിഷയങ്ങളാണു ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ പ്രാവിശ്യം അങ്ങനെ സംഭവിച്ചില്ല. യുഎസ് നേരിടുന്ന സാമൂഹികമായൊരു പ്രശ്‌നമാണു വാര്‍ദ്ധക്യവും, ഇമിഗ്രേഷന്‍ അഥവാ കുടിയേറ്റവും. ഈ രണ്ട് മേഖലകളെ ഹിലരിയും ട്രംപും അവഗണിച്ചെന്നതാണു യാഥാര്‍ഥ്യം. 1990കളില്‍ അമേരിക്കന്‍ ജനസംഖ്യയുടെ 12.5 ശതമാനവും 65 വയസും അതിനു മുകളിലുള്ളവരുമായിരുന്നു. എന്നാല്‍ 2020 എത്തുമ്പോള്‍ ഇത് 16 ശതമാനവും 2030ല്‍ ഇത് 19 ശതമാനവും വരുമെന്ന് സെന്‍സസ് ബ്യൂറോ പ്രവചിക്കുന്നു. അതായത് അഞ്ച് അമേരിക്കക്കാരില്‍ ഒരാള്‍ 65 വയസിന് മുകളിലുള്ളവരായിരിക്കും. നിലവില്‍ അമേരിക്കയുടെ വാര്‍ഷിക ബജറ്റിന്റെ സിംഹഭാഗം നീക്കിവയ്ക്കുന്നത് മെഡിക്കല്‍ കെയറിനും വൃദ്ധ പരിചരണമുള്‍പ്പെടെയുള്ള വാര്‍ദ്ധ്യക്ഷേമ പരിപാടികള്‍ക്കു വേണ്ടിയാണ്. എന്നിട്ടും ഈ മേഖലയുടെ പ്രശ്‌നങ്ങള്‍ക്ക് അര്‍ഹിക്കുന്ന ഗൗരവം പ്രചരണത്തില്‍ ലഭിച്ചില്ല.
അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും വളരെയധികം ആകാംഷയോടെയാണ് ഇന്ത്യ വീക്ഷിച്ചത്. ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയെന്ന രാജ്യമെന്ന നിലയ്ക്കു യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ത്യയ്ക്കും ആകാംഷ സമ്മാനിക്കുന്നതാണ്. ഐടി, പ്രതിരോധം, ഫാര്‍മ മേഖലകളില്‍ ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാണ്. റഷ്യ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് ഏറ്റവുമധികം പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികളും സേവനങ്ങളും വിതരണം ചെയ്യുന്നത് അമേരിക്കയാണ്. തന്ത്രപരമായ പല കാര്യങ്ങളിലും ഇന്ത്യയുമായി അമേരിക്ക സഹകരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അമേരിക്കന്‍ വോട്ടര്‍മാരെ പോലെ ഇന്ത്യയും പുതിയ പ്രസിഡന്റ് ആരാവുമെന്ന ആകാംഷയിലാണ്.
ന്യൂഡല്‍ഹിയില്‍ പൊതുവേ പ്രചരിക്കുന്നൊരു വാര്‍ത്തയുണ്ട്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി പ്രസിഡന്റാവുന്നതാണ് ഇന്ത്യയ്ക്ക് നല്ലതെന്നാണ് ആ വാര്‍ത്ത. ഇതിനെ സ്ഥിരീകരിക്കുന്ന ചില ഉദാഹരണങ്ങളുമുണ്ട്. എന്നാല്‍ ഇതിന്റെ പശ്ചാത്തലത്തില്‍ ട്രംപ് ജയിക്കണമെന്നു ന്യൂഡല്‍ഹി ആഗ്രഹിക്കുന്നതായി കരുതേണ്ടതുമില്ല. ട്രംപ് ഒരു യഥാര്‍ഥ, വര്‍ഗ സ്വഭാവം പുലര്‍ത്തുന്ന റിപ്പബ്ലിക്കനല്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കു വിരുദ്ധമായ സമീപനമെടുത്തിട്ടുണ്ട് ട്രംപ്, പ്രത്യേകിച്ച് വിദേശനയത്തിലും വംശീയമായ കാര്യത്തിലും. സ്ത്രീകള്‍ക്കെതിരേ അശ്ലീല പരാമര്‍ശം നടത്തുന്നതില്‍ വീരസ്യം കണ്ടെത്തുന്ന, വംശീയ വിദേഷ്വം പുലര്‍ത്തുന്ന പ്രസംഗങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു റിപ്പബ്ലിക്കന്‍ അമേരിക്കന്‍ പ്രസിഡന്റാവുന്നത് ഇന്ത്യയ്ക്ക് നല്ലതാണെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. മറുവശത്ത് ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ രാഷ്ട്രീയ നിലപാട് കുറച്ചുകൂടി ഭേദമായിട്ട് കരുതപ്പെടുന്നുണ്ട്. ഒബാമയുടെ ആദ്യ പ്രസിഡന്റ് കാലാവധിയില്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി വഹിച്ചിരുന്ന വ്യക്തിയാണ് ഹിലരി. ഈ അനുഭവം അവര്‍ക്ക് ഭരണത്തില്‍ ഗുണം ചെയ്യുന്നമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രാപ്തയാണ് താനെന്ന് തെളിയിച്ച നിരവധി സംഭവങ്ങളുണ്ട് ഹിലരിക്ക് ചൂണ്ടിക്കാണിക്കാന്‍. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന കാലയളവില്‍ ഹിലരി ഇന്ത്യയ്ക്കും സുപരിചിതയാണ്. ഈയൊരു ഘടകമാണ് അമേരിക്കയുമായുള്ള ബന്ധത്തില്‍ ഇന്ത്യയ്ക്കു ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നതും.

Comments

comments

Categories: Slider, World

Related Articles