തേരേസ മേ ഇന്ത്യയില്‍

തേരേസ മേ ഇന്ത്യയില്‍

ന്യൂഡെല്‍ഹി: മൂന്നുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മേ ഇന്ത്യയിലെത്തി. യൂറോപ്യന്‍ യൂണിയനു പുറത്തുള്ള തേരേസ മേ യുടെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്. ഇരുരാജ്യങ്ങള്‍ക്കിടയിലും സാങ്കേതിക വിദ്യ, സാമ്പത്തികം, സംരംഭകത്വം, നവീനാശയങ്ങള്‍, ഉന്നത വിദ്യാഭ്യാസ, സുരക്ഷ തുടങ്ങിയ മേഖലകളില്‍ പരസ്പര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനാണ് സന്ദര്‍ശനത്തില്‍ മുഖ്യമായും തേരേസ മേ ലക്ഷ്യംവെക്കുന്നത്. ഇന്ത്യയും യുകെയും തമ്മിലുള്ള തന്ത്രപരമായ കൂട്ടുകെട്ടിന്റെ വിവിധ സാഹചര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിലയിരുത്തു. ഇരു രാജ്യങ്ങളുടെയും സംയുക്ത സാമ്പത്തിക- വ്യാപാര കമ്മിറ്റിയും തേരേസ മേ യുടെ സന്ദര്‍ശനത്തിനിടെ യോഗം ചേരുന്നുണ്ട്.

ബ്രെക്‌സിറ്റിനു ശേഷമുള്ള ബ്രിട്ടന്റെ സാമ്പത്തിക, സാമൂഹിക വളര്‍ച്ച സാധ്യമാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനിലെ ചെറുതും വലുതുമായ സംരംഭങ്ങള്‍ക്ക് ഇന്ത്യ പോലെ നിര്‍ണായകമായ വിപണികളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് തേരേസ മേ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്രതലത്തില്‍ പുതിയൊരു സ്ഥാനം നേടിയെടുക്കുന്നതിനുള്ള അവസരമാണ് ബ്രിട്ടന് കൈവന്നിരിക്കുന്നതെന്നും യൂറോപ്പിനു പുറത്തെ വിശാലമായ ലോകത്തെ സാമ്പത്തിക, നയതന്ത്ര അവസരങ്ങള്‍ ലക്ഷ്യമിടേണ്ടതുണ്ടെന്നും ഇന്ത്യയിലേക്ക് യാത്രപുറപ്പെടും മുമ്പ് തേരേസ മേ പറഞ്ഞിരുന്നു.
ഇന്ത്യാ- യുകെ സ്വതന്ത്ര വ്യാപാരക്കരാറിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സന്ദര്‍ശനത്തില്‍ നിര്‍ണായകമാകുക. സ്വതന്ത്ര വ്യാപാരത്തിനായി സ്ഥിരതയോടെയും ശക്തമായും വാദിക്കുന്ന രാഷ്ട്രം ബ്രിട്ടനാണെന്നാണ് തേരേസ മേ വ്യക്തമാക്കുന്നത്. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കാണ് അവര്‍ ഈ സന്ദര്‍ശനത്തില്‍ പ്രാമുഖ്യം നല്‍കുന്നത്. ബ്രിട്ടനിലെ എല്ലാ മേഖലകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ തേരേസ മേയുടെ സന്ദര്‍ശന സംഘത്തിലുണ്ട്.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ- യുകെ ടെക്ക് സമ്മിറ്റ് മോദിക്കൊപ്പം തേരേസ മേ ഇന്ന് ഉദ്ഘാടനം ചെയ്യും. ഇരുരാജ്യത്തെയും സംരംഭകരും നയതന്ത്ര വിദഗ്ധരും പങ്കെടുക്കുന്ന മൂന്നുദിവസത്തെ സമ്മേളനത്തില്‍ സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ഡിസൈന്‍, ആധുനിക ഉല്‍പ്പാദന രീതികള്‍, റോബോട്ടിക്‌സ് എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും.
എന്നാല്‍ തേരേസ മേ യാത്രപുറപ്പെടുന്നതിന് തൊട്ടുമുന്‍പായി ബ്രിട്ടണ്‍ കുടിയേറ്റക്കാരുടെയും വിദേശ ജീവനക്കാരുടെയും ഒഴുക്ക് തടയുന്നതിനായി വിസ നിയമങ്ങള്‍ കടുപ്പിച്ചത് സന്ദര്‍ശനത്തിന്റെ ശോഭ കുറച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഐടി ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും വളരേ ദോഷകരമായി ബാധിക്കുന്ന പരിഷ്‌കാരങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. യുകെ യിലെ ഉല്‍പ്പാദന മേഖലയില്‍ ഏറ്റവുമധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് ഇന്ത്യന്‍ കമ്പനികളാണ്. ഈ സാഹചര്യത്തില്‍ തേരേസ മേ യുടെ സന്ദര്‍ശന വേളയില്‍ ഇന്ത്യ വിസ വിഷയവും ഉന്നയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Comments

comments

Categories: Slider, Top Stories