മണ്ണും വെള്ളവും നിലനിര്‍ത്താന്‍ നെല്‍വയല്‍ സംരക്ഷണം അനിവാര്യം: മന്ത്രി സുനില്‍കുമാര്‍

മണ്ണും വെള്ളവും നിലനിര്‍ത്താന്‍ നെല്‍വയല്‍ സംരക്ഷണം അനിവാര്യം: മന്ത്രി സുനില്‍കുമാര്‍

 

കൊച്ചി: നെല്ലുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലുപരിയായി ജീവന്റെയും വികസനത്തിന്റെയും അടിസ്ഥാനഘടകങ്ങളായ മണ്ണിന്റെയും വെള്ളത്തിന്റെയും സംരക്ഷണമാണ് നെല്‍ക്കൃഷി പ്രോത്സാഹനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതിനകം 5976 ഏക്കര്‍ തരിശുനിലം കൃഷിക്ക് ഉപയുക്തമാക്കി. ഈ വര്‍ഷം 10,000 ഏക്കര്‍ തരിശുനിലം കൃഷിയോഗ്യമാക്കുകയാണ് ലക്ഷ്യം. മൂന്നു ലക്ഷം ഹെക്ടറിലേക്ക് നെല്‍ക്കൃഷി വ്യാപിപ്പിക്കാനായാല്‍ കേരളത്തിന് ആവശ്യമുള്ള അരിക്കായി മറ്റെവിടെയും ആശ്രയിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ആത്മപദ്ധതി പ്രകാരം നടപ്പാക്കുന്ന തരിശുനില നെല്‍ക്കൃഷിയുടെ നടീല്‍ ഉത്സവം ചവര്‍പാടശേഖരത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭക്ഷണം കഴിക്കുന്നവര്‍ കൃഷി ചെയ്യാന്‍ ബാധ്യസ്ഥരാണെന്ന അവബോധമാണ് നമുക്കുണ്ടാകേണ്ടത്. സാങ്കേതികവിദ്യ എത്ര തന്നെ വികസിച്ചാലും ഭക്ഷണം ഉല്‍പ്പാദിപ്പിക്കാന്‍ മണ്ണിലിറങ്ങിയേ തീരൂ. എന്നിട്ടും അവനവന്റെ ഭക്ഷണം ഉല്‍പ്പാദിപ്പിക്കേണ്ട സ്ഥലം നികത്തണമെന്ന യുക്തിരഹിതമായ ആവശ്യമാണ് പലരും ഉന്നയിക്കുന്നത്. തരിശിട്ടിരിക്കുന്ന ഓരോ ഇഞ്ച് ഭൂമിയിലും കൃഷി ചെയ്യാനും ജലസ്രോതസുകള്‍ പുനഃസ്ഥാപിക്കാനും ജനങ്ങള്‍ മുന്നിട്ടിറങ്ങണം. കഴിഞ്ഞ വര്‍ഷം തുലാവര്‍ഷത്തിലൂടെ ലഭിക്കുന്ന മഴയില്‍ 64 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഈ വര്‍ഷവും തുലാവര്‍ഷം അനുഗ്രഹിച്ചിട്ടില്ല. സംസ്ഥാനത്തെ വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. കിണറുകള്‍ വറ്റുകയും പുഴകളിലെ ജലനിരപ്പ് താഴുകയുമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന് ആശങ്കയുണ്ട്. ഭൂഗര്‍ഭജലം നിലനിര്‍ത്തുന്നതില്‍ നെല്‍വയലുകള്‍ക്കുള്ള പങ്ക് വിസ്മരിച്ചതിന്റെ ദുരന്തഫലം നാം അനുഭവിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ മുട്ടം യാര്‍ഡിന് സമീപം കഴിഞ്ഞ 15 വര്‍ഷത്തോളമായി തരിശിട്ടിരുന്ന ചവര്‍പാടശേഖരത്തെ 15 ഏക്കര്‍ സ്ഥലത്താണ് മന്ത്രി സുനില്‍കുമാര്‍ നടീല്‍ ഉദ്ഘാടനം നടത്തിയത്. പഞ്ചായത്തിലെ അടയാളം പുരുഷ സ്വയം സഹായ സംഘം പാമ്പാക്കുട ഗ്രീന്‍ ആര്‍മിയുടെ സഹായത്തോടെയാണ് ശാസ്ത്രീയ രീതിയില്‍ കൃഷി നടത്തുക

അന്‍വര്‍ സാദത്ത് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പി ഉദയകുമാര്‍, വൈസ് പ്രസിഡന്റ് ബീന അലി, ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം ശ്രീദേവി, ആത്മ പ്രൊജക്ട് ഡയറക്ടര്‍ എസ് പുഷ്പകുമാരി, കെഎംആര്‍എല്‍ ജനറല്‍ മാനേജര്‍ എസ് ചന്ദ്രബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡെന്നീസ് കൊറയ, ജില്ലാ കൃഷി ഓഫീസര്‍ എ എ ജോണ്‍ ഷെറി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

comments

Categories: Politics