സ്പാനിഷ് ലീഗ്: അത്‌ലറ്റിക്കോ മാഡ്രിഡിന് തോല്‍വി

സ്പാനിഷ് ലീഗ്:  അത്‌ലറ്റിക്കോ മാഡ്രിഡിന് തോല്‍വി

 

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡിന് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ സോസിദാദാണ് അത്‌ലറ്റിക്കോയെ അട്ടിമറിച്ചത്. ഇതോടെ ലാ ലിഗയുടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള ഡീഗോ സിമിയോണി പരിശീലകനായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഒരവസരം നഷ്ടമായി.

ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായിരുന്ന മത്സരത്തിന്റെ 54, 75 മിനുറ്റുകളില്‍ യഥാക്രമം മെക്‌സിക്കന്‍ താരം കാര്‍ലോസ് വെല, ബ്രസീലിന്റെ വില്യന്‍ ജോസ് ഡാ സില്‍വ എന്നിവരാണ് റയല്‍ സോസിദാദിനായി ഗോളുകള്‍ കണ്ടെത്തിയത്. സ്പാനിഷ് വമ്പന്മാര്‍ക്കെതിരെ റയല്‍ സോസിദാദ് രണ്ട് ഗോളുകളും സ്വന്തമാക്കിയത് പെനാല്‍റ്റിയിലൂടെയായിരന്നു.

ലാ ലിഗ പോയിന്റ് പട്ടികയില്‍ പത്ത് മത്സരങ്ങളില്‍ നിന്നും 24 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ബാര്‍സലോണയ്ക്ക് 22 പോയിന്റാണുള്ളത്. പതിനൊന്ന് കളികളില്‍ നിന്നും 21 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് മൂന്നാമതാണ്. ലാ ലിഗയിലെ മറ്റൊരു മത്സരത്തില്‍ ഗ്രാനഡയെ ഡിപോര്‍ട്ടീവോ ലാ കൊരുണ 1-1ന്റെ സമനിലയില്‍ കുടുക്കി.

Comments

comments

Categories: Sports