ബിസിനസ് എന്ന പാഷന്‍

ബിസിനസ് എന്ന പാഷന്‍

1370061251690113_upload-4നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട വ്യവസായം തുടങ്ങാനായിരുന്നു ജസ്റ്റിന്‍ ജോസഫെന്ന സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ആഗ്രഹിച്ചത്. ഇന്നു കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച വിപണിയുള്ള ടൈല്‍സ് നിര്‍മാണ കമ്പനിയായ സൈറക്‌സിന്റെ എംഡിയെന്ന പേരിലറിയപ്പെടുമ്പോള്‍ ജസ്റ്റിന്‍ ജോസഫിന് പറയാനുള്ളത് തന്റെ പാഷന്റെ കഥ മാത്രമാണ്.

”കേരളത്തില്‍ ഹോളോബ്ലോക്ക് സാന്നിധ്യമുറപ്പിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ ധാരാളം അന്വേഷണങ്ങളും പഠനങ്ങളും ഇതിനാവശ്യമായിരുന്നു. കണ്‍ട്രി ബ്ലോക്ക് എന്നറിയപ്പെടുന്ന ഇഷ്ടികയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിമന്റ് ബ്ലോക്ക്‌സിന് താരതമ്യേന വില കൂടുതലായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം സാഹചര്യം അനുകൂലമാകുന്ന കാലഘട്ടമായിരുന്നു ഇത്. ഇഷ്ടികയുടെ വില ഉയരാനും സിമന്റ് ബ്ലോക്കുകളുടെ വില കുറയാനും തുടങ്ങി. ഇത് സിമന്റ് ബ്ലോക്കിനുള്ള ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിച്ചു. വ്യവസായം തുടങ്ങാനുള്ള തീരുമാനം ഇങ്ങനെയായിരുന്നു”, ജസ്റ്റിന്‍ ജോസഫ് ഓര്‍മിക്കുന്നു.
അക്കാലത്ത് കെഎസ്ഇബിക്ക് പ്രീസ്‌ട്രെസ്ഡ് കോണ്‍ക്രീറ്റ് ആവശ്യമായിരുന്നു. ഇടുക്കി ജില്ലയിലായിരുന്നു കെഎസ്ഇബിക്ക് ഇതിന്റെ ആവശ്യകത കൂടുതല്‍. 1980-കളുടെ അവസാനം ജസ്റ്റിന്‍ ജോസഫ് തന്റെ ആദ്യ ഫാക്ടറി ആരംഭിച്ചത് കെഎസ്ഇബിയുടെ ആവശ്യവും സാധ്യതകളും തിരിച്ചറിഞ്ഞായിരുന്നു. കോട്ടയം സ്വദേശിയായ വ്യക്തി തൊടുപുഴയില്‍ വ്യവസായം തുടങ്ങിയതും ഇത്തരത്തിലായിരുന്നു. 2003 വരെ ഈ വ്യവസായത്തിനായിരുന്നു ജസ്റ്റിന്‍ മുന്‍ഗണന നല്‍കിയത്. നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങളും ഇതോടൊപ്പം മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
blue-tiles-stock-free-vector-1669മദ്രാസിലുള്ള ഒരു കമ്പനിയുമായി സഹകരിച്ച് കാര്‍പോര്‍ച്ചില്‍ ഇടുന്നതരം കോണ്‍ക്രീറ്റ് ഡിസൈനര്‍ ടൈല്‍സ് ജസ്റ്റിന്‍ വിപണിയിലെത്തിച്ചു. സൈറക്‌സ് ഡിസൈനര്‍ ടൈല്‍സ് എന്ന പേരില്‍ വിപണിയിലെത്തിയ ഈ ഉല്‍പ്പന്നം വളരെ വേഗം ജനപ്രിയമാവുകയും ചെയ്തു. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഈ ഉല്‍പ്പന്നം വിതരണം ചെയ്യാനും ജസ്റ്റിനു കഴിഞ്ഞു. ടൈല്‍സിന് പ്രാധാന്യം നല്‍കി സൈറക്‌സ് എന്ന സ്ഥാപനത്തിന് തുടക്കമിടുന്നത് 2003-ലാണ്. വിപണിയില്‍ വന്‍ ഉയര്‍ച്ചയുണ്ടായ കാലത്തായിരുന്നു കമ്പനി സ്ഥാപിതമായത്. തമിഴ്‌നാട് വിപണിയുടെ ഭാഗമായി കോയമ്പത്തൂരിലേക്കുള്ള ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിന്നു വാങ്ങാന്‍ തുടങ്ങി. ഈ ആവശ്യം തിരിച്ചറിഞ്ഞ് കോയമ്പത്തൂരിലും പിന്നീട് മധുരയിലും തെങ്കാശിയിലും യൂണിറ്റുകള്‍ തുടങ്ങി. നിലവില്‍ തേനിയില്‍ രണ്ട് ഫാക്ടറികളും, തെങ്കാശി, കോയമ്പത്തൂര്‍, തൊടുപുഴ എന്നീ സ്ഥലങ്ങളില്‍ ഒന്നു വീതവുമാണ് ഇപ്പോള്‍ സെറകസിന്റെ ഫാക്ടറികളുള്ളത്. ”സൈറെക്‌സ് എന്ന പേരാണ് മിക്കവരെയും ആകര്‍ഷിച്ചത്. ഇത്തരമൊരു പേരിടാനുള്ള കാരണം പലരും ചോദിച്ചെങ്കിലും പ്രത്യേകമായി എന്തെങ്കിലും പറയാന്‍ എനിക്കറിയില്ലായിരുന്നു. വെറുതേ മനസിലേക്ക് കയറിവന്ന പേരായിരുന്നു സൈറക്‌സ്. പിന്നീട് ഇതുമാറ്റിയില്ലെന്നു മാത്രം,” ജസ്റ്റിന്‍ ഓര്‍മിക്കുന്നു.
കോണ്‍ക്രീറ്റ് റൂഫിംഗ് ടൈല്‍സിനോടൊപ്പം വെട്രിഫൈഡ് ടൈല്‍സ്, ഇന്റീരിയലിനുള്ള വെട്രിഫൈഡ് ടൈല്‍സ് തുടങ്ങിയവയും സൈറക്‌സ് നിര്‍മിച്ചിരുന്നു. ഇതില്‍ വെട്രിഫൈഡ് ടൈല്‍സിന്റെയും സെറാമിക്കിന്റെയും ഉല്‍പ്പാദനം രണ്ടുവര്‍ഷം മുമ്പ് നിര്‍ത്തിവച്ചു. വിപണിയില്‍ നിരവധിയാളുകള്‍ മത്സരത്തിനെത്തിയപ്പോള്‍ സൈറക്‌സ് തങ്ങളുടെ ഉല്‍പ്പന്നം മാറ്റി പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്റര്‍ ലോക്കിംഗ് പേവേഴ്‌സ്, കോണ്‍ക്രീറ്റ് റൂഫ് ടൈല്‍സ്, കാര്‍ പോര്‍ച്ചിലുപയോഗിക്കുന്ന ഡിസൈനര്‍ ടൈല്‍സ് എന്നിവയോടൊപ്പം സിമന്റ് ഉപയോഗിച്ചുള്ള എല്ലാ ഉല്‍പ്പന്നങ്ങളും ഇവയ്ക്കു കീഴില്‍ വ്യത്യസ്തമാര്‍ന്ന നിരവധി വിഭാഗങ്ങളും ഇവിടെ നിന്നു ലഭ്യമാക്കുന്നുണ്ട്. തുടക്കത്തില്‍ കെഎസ്ഇബിക്കു വേണ്ടി തുടങ്ങിയ നിര്‍മാണം ആറുവര്‍ഷം മുമ്പ് ജസ്റ്റിന്‍ നിര്‍ത്തിവച്ചു. കൈവച്ച മേഖലകളിലെല്ലാം വിജയം സ്വന്തമാക്കാനായ ജസ്റ്റിനെ സംബന്ധിച്ചിടത്തോളം വ്യവസായം വരുമാന മാര്‍ഗം മാത്രമല്ല അടങ്ങാത്ത അഭിനിവേശം കൂടിയാണ്.
”ഒരുപാട് സര്‍വേയും ഗവേഷണവും ചെയ്തല്ല ഞാന്‍ ബിസിനസ് തുടങ്ങിയത്. പലപ്പോഴും എന്റെ പാഷനനുസരിച്ചാണ് ഓരോ കാര്യങ്ങളും ചെയ്തിട്ടുള്ളത്. ജനങ്ങള്‍ക്ക് ഉപയോഗപ്രദമായവയെന്നു തോന്നുന്ന ഉല്‍പ്പന്നങ്ങള്‍ ഞാന്‍ നിര്‍മിക്കുന്നു. കൈയിലൊതുങ്ങുന്ന തരത്തിലാണ് എല്ലാ ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നത്. വിപണിയിലുള്ളവയെ അനുകരിച്ച് ഞാന്‍ യാതൊരു ഉല്‍പ്പന്നവും നിര്‍മിക്കാറില്ല. വ്യത്യസ്തതയുള്ളവ മാത്രമാണ് തെരഞ്ഞെടുക്കാറ്. ഇത്തരത്തിലുള്ളവ തെരഞ്ഞെടുക്കുമ്പോള്‍ വിപണി സാധ്യത താനേയുണ്ടാകും. വെറും തോന്നലിന്റെ ഭാഗമായല്ല ഓരോ ഉല്‍പ്പന്നങ്ങളും ഞാന്‍ പുറത്തിറക്കുന്നത്. ഉല്‍പ്പന്നത്തിന്റെ ഉപയോഗം പരിഗണിച്ചുമാത്രമാണ് ഞാന്‍ ഇവ തെരഞ്ഞെടുക്കുന്നത്,” ജസ്റ്റിന്‍ പറയുന്നു.
ജസ്റ്റിന്റെ എക്കാലത്തെയും സ്വപ്‌നമായ ഷോര്‍ട് ബ്ലാസ്റ്റ് ടൈല്‍സ് പൂര്‍ണമായും വിപണിയിലെത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എങ്കിലും ഉടന്‍ തന്നെ ഇതു പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ.
”ഒരു കാര്യം പരാജയപ്പെടുന്നത് സാധിക്കില്ലെന്നുകരുതി തള്ളിക്കളയുമ്പോഴാണ്. ഞാന്‍ പിന്‍മാറിയിട്ടില്ലാത്തതിനാല്‍ പരാജയപ്പെട്ടെന്നു പറയാനാവില്ല. ഷോര്‍ട് ബ്ലാസ്റ്റ് ടൈല്‍സ് എന്റെ സ്വപ്‌നമാണ്. ഇത് അധികം വൈകാതെ വിപണിയിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കുന്നു.
മറ്റ് ഇറക്കുമതി ഉല്‍പ്പന്നങ്ങളേക്കാള്‍ സൈറക്‌സിന് പ്രിയമേറാന്‍ കാരണം ഉല്‍പ്പന്നത്തെക്കുറിച്ചുള്ള എന്ത് സംശയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരവുമായി ജസ്റ്റിന്‍ എപ്പോഴും ജനങ്ങളോടൊപ്പമുണ്ടെന്ന തോന്നലുള്ളതിനാലാണ്. ഏതുതരത്തിലുള്ള സംശയങ്ങളും നേരിട്ട് ചോദിക്കാനും പരിഹരിക്കാനും ഇദ്ദേഹം സദാ സന്നദ്ധനാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമായി ഇന്നു സൈറക്‌സിന്റെ പ്രവര്‍ത്തനം വ്യാപിച്ചിരിക്കുന്നു. 500 ഓളം ജീവനക്കാരാണ് ഇന്ന് സൈറക്‌സിലുള്ളത്. യന്ത്രങ്ങളേക്കാള്‍ കൂടുതല്‍ മനുഷ്യസഹായം ആവശ്യമുള്ള നിരവധി ജോലികള്‍ ഇവിടെയുണ്ട്. തൊടുപുഴയിലെ കമ്പനിയില്‍ മാത്രം നൂറിലധികം ജീവനക്കാരുണ്ട്.
സൈറക്‌സിന്റെ തുടക്കകാലത്ത് സിമന്റ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിരുന്നവരുടെ എണ്ണത്തില്‍ നിന്ന് ഭീമമായ മാറ്റമാണ് ഇപ്പോള്‍ വിപണിയില്‍ ഉണ്ടായിട്ടുള്ളത്. ഒഴിവാക്കാനാവാത്ത ഉല്‍പ്പന്നങ്ങളായി ഇവ മാറിക്കഴിഞ്ഞിരിക്കുന്നു. ”കൂണുപോലെ നിരവധി കമ്പനികള്‍ ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുണമേന്മകൂടി ഉറപ്പു വരുത്തുന്ന ഉല്‍പ്പന്നങ്ങളിലൂടെ മാത്രമേ വിപണി കീഴടക്കാനും ശാശ്വത നിലനി
ല്‍പ്പ് സാധ്യമാക്കാനും കഴിയുകയുള്ളൂ,” ജസ്റ്റിന്‍ വ്യക്തമാക്കുന്നു. പുതുതായി വ്യവസായത്തിലേക്ക് കാലെടുത്തുവയ്ക്കുന്നവരോടും ഇദ്ദേഹത്തിന് പറയാനുള്ളത് വ്യവസായത്തിലേക്ക് വരുന്നതിനു പിന്നില്‍ താല്‍പര്യം മാത്രമായിരിക്കണം എന്നതാണ്. ലാഭവും പണവും മാത്രം കണക്കാക്കിയാല്‍ വിജയിക്കാനാവില്ല. വ്യവസായം ആസ്വദിക്കാനാവണം. കൂടാതെ പരമാവധി തനിച്ചു വ്യവസായം തുടങ്ങാന്‍ ശ്രമിക്കുക. പങ്കാളികള്‍ കൂടുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിവരും. ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനും മുന്‍കരുതല്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ജസ്റ്റിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഭാര്യയും മൂന്നു മക്കളുമുള്ള ജസ്റ്റിന്‍ ജോസഫെന്ന കുടുംബാഥന് ആരെയും നിര്‍ബന്ധിച്ച് തന്റെ മേഖലയിലേക്ക് കൊണ്ടുവരാന്‍ താല്‍പര്യമില്ല. താല്‍പര്യമുള്ള മേഖലയാണ് ഓരോരുത്തരും തെരഞ്ഞെടുക്കേണ്ടതെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. രണ്ട് പെണ്‍മക്കള്‍ എന്‍ജിനീയറിംഗ് മേഖല തെരഞ്ഞെടുത്തപ്പോഴും ഏകമകന്‍ ഡിജിറ്റല്‍ ഷോപ്പിംഗ് അഥവാ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ താല്‍പര്യം കാട്ടിയപ്പോഴും ഈ പിതാവ് സന്തോഷത്തോടെ അനുവാദം നല്‍കുകയായിരുന്നു. ”ഞാന്‍ എന്റെ വ്യവസായത്തെ കാണുന്നപോലെ രണ്ടാം തലമുറ കാണണമെന്നോ ഏറ്റെടുക്കണമെന്നോ ഇല്ല, അതുകൊണ്ടുതന്നെ അവരെ സ്വന്തം ഇഷ്ടപ്രകാരമുള്ള മേഖല തെരഞ്ഞെടുക്കാന്‍ അനുവദിക്കണം,” ജസ്റ്റിന്‍ പറയുന്നു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ് ബിസിനസില്‍ ജസ്റ്റിന്റെ റോള്‍ മോഡല്‍. ജീവിതം പച്ചയായി തുറന്നുപറയുന്ന മനുഷ്യരാണ് ജസ്റ്റിന്റെ ഇഷ്ട കഥാപാത്രങ്ങള്‍.

Comments

comments

Categories: FK Special