നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകജാലക സംവിധാനം വന്നേക്കും

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകജാലക സംവിധാനം വന്നേക്കും

ചെന്നൈ: റിയല്‍ എസ്റ്റേറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കുന്നത് ഉടന്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ നായ്ഡു. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം പ്രാബല്യത്തില്‍ വരുത്താനിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ റിയല്‍റ്റി പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നത് വേഗത്തിലാക്കണമെന്ന ആവശ്യം ഈ മേഖലയില്‍ നിന്നും ശക്തമാണ്. അനുമതി ലഭിക്കാന്‍ വൈകുന്നതാണ് പദ്ധതി കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതെന്നാണ് കമ്പനികള്‍ അറിയിച്ചിരുന്നത്.

കെട്ടിടത്തിന്റെ നിര്‍മാണത്തിനുള്ള അനുമതി പരമാവധി 60 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കാനാണ് കേന്ദ്രം ആലോചിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം നായിഡു വ്യക്കമാക്കിയത്. ഈ വിഷയുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ഉപഭോക്തൃ കാര്യമന്ത്രി രാം വിലാസ് പസ്വാന്‍, പരിസ്ഥിതി മന്ത്രി അനില്‍ ദാവെ തുടങ്ങിയവരുമായി നായിഡു ചര്‍ച്ച നടത്തിയിട്ടുണ്ട്. അവസാന യോഗം ഉടന്‍ നടക്കുമെന്നും ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ചെന്നൈയില്‍ നടന്ന സമ്മേളനത്തില്‍ നായിഡു കൂട്ടിച്ചേര്‍ത്തു.
നടപടികള്‍ വേഗത്തിലാക്കി സുതാര്യത ഉറപ്പാക്കാനും പദ്ധതി വൈകുന്നത് തടയുന്നതിനും അഴിമതി ഒഴിവാക്കുന്നതിനുമാണ് സര്‍ക്കാര്‍ കെട്ടിട നിര്‍മാണത്തിനുള്ള അനുമതി നല്‍കുന്നത് വേഗത്തിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കെട്ടിടം നിര്‍മിക്കുന്നതിന് ആവശ്യമായ അനുമതികള്‍ നല്‍കുന്നതിന് പരമാവധി 60 ദിവസത്തെ സമയപരിധിയാണ് സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നത്.
അനുമതി നല്‍കുന്നതിനുള്ള സമയപരിധി നിശ്ചയിക്കുന്നതിനുള്ള നിയമ ചട്ടക്കൂട് ഈ വര്‍ഷം അവസാനത്തോടെ രൂപീകരിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഡെവലപ്പര്‍മാര്‍ക്കും സ്വന്തമായി വീട് നിര്‍മിക്കാനൊരുങ്ങുന്നവര്‍ക്കും ഇത് ഏറെ ആശ്വാസകരമാകുമെന്നാണ് വിലയിരുത്തലുകള്‍.
കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ഏകദേശം ആറ് മാസത്തോളമെടുത്താണ് നിലവില്‍ ഡെവലപ്പര്‍മാര്‍ക്ക് ലഭിക്കുന്നത്. പരിസ്ഥിതി, ജലസ്രോതസ്, മലിനീകരണം, നിര്‍മിക്കാനൊരുങ്ങുന്ന സ്ഥലത്തിന്റെ പരിസരം തുടങ്ങിയവയിലെല്ലാം സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ചാല്‍ മാത്രമാണ് കമ്പനികള്‍ക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുകയൊള്ളൂ.

Comments

comments

Categories: Business & Economy